നവംബറിൽ ട്രംപ്-ബൈഡൻ മത്സരത്തിന് വഴിയൊരുക്കി സൂപ്പർ ട്യൂസ്‌ഡേ ഫലങ്ങൾ

നവംബറിൽ ട്രംപ്-ബൈഡൻ മത്സരത്തിന് വഴിയൊരുക്കി സൂപ്പർ ട്യൂസ്‌ഡേ ഫലങ്ങൾ

Courtesy: Associated Press


ഏറ്റവും ഒടുവിൽ വോൾസ്ട്രീറ്റ്‌ ജേണൽ പ്രസിദ്ധീകരിച്ച അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിന് പ്രസിഡൻറ് ബൈഡനെക്കാൾ നേരിയ മുൻതൂക്കമുണ്ട്.

--

വാഷിംഗ്ടണ്‍: സൂപ്പർ ട്യൂസ്‌ഡേ പ്രൈമറികളിൽ മിന്നും വിജയം നേടി മുൻ പ്രസിഡൻറ് ഡോണൾഡ്‌ ട്രംപ് റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയാകാനുള്ള തൻറെ അവകാശം സംശയത്തിനതീതമായി ഉറപ്പിച്ചു. ഇതോടെ ട്രംപിന്റെ പ്രൈമറി തലത്തിലെ ഏക എതിരാളിയായ നിക്കി ഹേലിയുടെ മുന്നോട്ടുള്ള വഴിയടഞ്ഞു. സമാന്തരമായി നടന്ന ഡെമോക്രാറ്റിക് പ്രൈമറികൾ ഏതാണ്ട് എതിരില്ലാതെ വിജയിച്ച പ്രസിഡൻറ് ജോ ബൈഡനും തൻറെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. 

സൂപ്പർ ട്യൂസ്‌ഡേ പ്രൈമറി നടന്നത് 15 സംസ്ഥാനങ്ങളിലും അമേരിക്കൻ സമോവ ദ്വീപുകളിലുമാണ്. ഇവയിൽ 12ലും ട്രംപ് വൻ വിജയം കൊയ്തു. വെർമോണ്ടിൽ മാത്രമാണ് ഹേലിക്ക് ട്രംപിന് മുന്നിലെത്താനായത്. ബൈഡൻ എല്ലാ സംസ്ഥാനങ്ങളിലും വിജയിച്ചെങ്കിലും സമോവയിൽ മത്സരവേദിയിൽ പേരുപോലും ഇതുവരെ കേട്ടിട്ടില്ലാത്ത ജയ്‌സൺ പാമർ എന്ന സ്ഥാനാർത്ഥിക്ക് മുന്നിൽ അടിയറവ് പറഞ്ഞു. 

സൂപ്പർ ട്യൂസ്‌ഡേ വിരൽ ചൂണ്ടുന്നത് നവംബറിൽ മറ്റൊരു ട്രംപ്-ബൈഡൻ തെരഞ്ഞെടുപ്പ് മത്സരത്തിലേക്കാണ്. തൻറെ സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ ട്രംപ് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച്ച നടത്തി. തെരഞ്ഞെടുപ്പ് ചെലവുകൾക്ക് വേണ്ട ഫണ്ട് സ്വരൂപിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച്ച. 

സൂപ്പർ ട്യൂസ്‌ഡേ ഫലങ്ങൾ അറിവായതിന് പിന്നാലെ ഒരു പ്രസ്താവനയിൽ പ്രസിഡന്റ് ബൈഡൻ ട്രംപുമായി ഏറ്റുമുട്ടുന്നതിന് ജനങ്ങൾ സജ്ജരാണെന്നതിന് തെളിവാണ് തൻറെ വിജയമെന്ന് അവകാശപ്പെട്ടു. എന്നാൽ, ഏറ്റവും ഒടുവിൽ വോൾസ്ട്രീറ്റ്‌ ജേണൽ പ്രസിദ്ധീകരിച്ച അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിന് പ്രസിഡൻറ് ബൈഡനെക്കാൾ നേരിയ മുൻതൂക്കമുണ്ട്. സർവേ പറയുന്നതനുസരിച്ച് 47 ശതമാനം പേർ ട്രംപിനെ പിന്തുണയ്ക്കുമ്പോൾ 45 ശതമാനം പേരാണ് ബൈഡനെ പിന്തുണയ്ക്കുന്നത്. പിന്തുണയിലെ ഈ വ്യത്യാസം നേരിയതും സർവേയുടെ മാർജിൻ ഓഫ് ഏറേഴ്‌സിന്റെ പരിധിയിൽ വരുന്നതുമാണെന്നത് ബൈഡന് ആശ്വാസമാണ്.

ട്രംപിന്റെ ആവേശമുണർത്തുന്ന പരാമർശങ്ങളും അദ്ദേഹത്തിനെതിരെ ഡെമോക്രാറ്റുകൾ അഴിച്ചുവിട്ടിട്ടുള്ള നിയമവേട്ടയും അദ്ദേഹത്തെ സഹായിക്കുന്നുണ്ടെന്നത് വ്യക്തമാണ്. അതിന് സമാനമായി സമ്പദ്ഘടന ആരോഗ്യം വീണ്ടെടുക്കുന്നത് പ്രസിഡൻറ് ബൈഡന് സഹായകമാവുന്നുണ്ടോ എന്ന ചോദ്യമാണ് മറുഭാഗത്ത് ഉയർന്ന് കേൾക്കുന്നത്. ബൈഡന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ സമ്പദ്ഘടനയുടെ മുന്നേറ്റം സഹായിക്കുന്നുണ്ടെന്ന് തങ്ങളുടെ സർവേ ഫലങ്ങൾ കാട്ടുന്നുവെന്നാണ് വോൾസ്ട്രീറ്റ്‌ ജേണൽ പറയുന്നത്.