വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങളിലെത്തുമ്പോള്‍ മുന്‍ പ്രസിഡന്റ് ഡോമള്‍ഡ് ട്രംപും, വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിലുള്ള പോരാടം ഇഞ്ചോടിഞ്ച് എന്ന നിലയിലാണ്. അതിനിടയില്‍ പരസ്പരം എതിര്‍ക്കുന്ന സ്ഥാനാര്‍ത്ഥികളോ പാര്‍ട്ടി നേതാക്കളോ പ്രസംഗിക്കുമ്പോള്‍ വന്നുപോകുന്ന നാക്കുപിഴകള്‍ പോലും എതിരാളിക്കെതിരെയുള്ള വജ്രായുധമാക്കാനാണ് ഇരു ക്യാമ്പുകളുടെയും ശ്രമം.
അത്തരത്തില്‍ പ്രസിഡന്റ് ബൈഡന്‍ പ്രസംഗിക്കുമ്പോള്‍ സംഭവിച്ച ഒരു നാക്കുപിഴ ആയുധമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ട്രംപും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയും. മാഡിസണ്‍ സ്‌ക്വയറിലെ ട്രംപിന്റെ ഞായറാഴ്ചത്തെ പ്രചാരണറാലിയില്‍ പ്യൂര്‍ട്ടോറിക്കോ ദ്വീപ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു എച്ചിന്‍ക്കൂനയാണെന്ന് ഹാസ്യതാരം ടോണി ഹിഞ്ച്ക്ലിഫ് പരാമര്‍ശിച്ചത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ട്രംപ് ക്യാംപ് അതിന്റെ ക്ഷീണത്തില്‍ നില്‍ക്കുമ്പോഴാണ് ബൈഡന്റെ വാക്ക് പിഴയിലൂടെ അവര്‍ക്ക് പ്രത്യാക്രമണത്തിന് ശക്തമായ ഒരായുധം വീണുകിട്ടിയത്. ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ ട്രംപ് അനുകൂലികളെ ബൈഡന്‍ മാലിന്യ കൂട്ടം എന്നു വിശേഷിപ്പിച്ചു. ട്രംപിനുള്ള മറുപടിക്കിടെ ''ഇവിടെ പൊങ്ങിക്കിടക്കുന്ന ഒരേയൊരു മാലിന്യ കൂട്ടം അദ്ദേഹത്തിന്റെ (ട്രംപിന്റെ) പിന്തുണക്കാരാണ്,'' എന്ന് ബൈഡന്‍ പറഞ്ഞു. അതോടെ ട്രംപ് ക്യാംപ് ആവേശത്തിലായി. ട്രംപ് വിസ്‌കോണ്‍സിനിലെ വിമാനത്താവളത്തില്‍ മാലിന്യ ട്രക്കില്‍ കയറുകയും മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയും മാലിന്യ ട്രക്കിലിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
'എന്റെ ഗാര്‍ബേജ ് ട്രക്ക് നിങ്ങള്‍ക്ക് ഇഷ്ടമാണോ? ഈ ട്രക്ക്‌യാത്ര കമലയ്ക്കും ജോ ബൈഡനുമായി ഞാന്‍ സമര്‍പ്പിക്കുകയാണ്-ട്രക്കിന്റെ ക്യാബിനില്‍ ഇരുന്ന് ട്രംപ് പറഞ്ഞു.
''അമേരിക്കന്‍ ജനതയെ നിങ്ങള്‍ വെറുക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് പ്രസിഡന്റാകാന്‍ കഴിയില്ല, ഡെമോക്രാറ്റുകള്‍ അങ്ങനെ ചെയ്യുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു,'' ട്രംപ് പിന്നീട് ഗ്രീന്‍ ബേയിലെ തന്റെ റാലിക്കിടെ പറഞ്ഞു.
എന്നാല്‍ ബൈഡന്റെ പരാമര്‍ശങ്ങളില്‍ റിപ്പബ്ലിക്കന്‍മാര്‍ രോഷം പ്രകടിപ്പിച്ചപ്പോള്‍, ട്രംപ് വിരുദ്ധ രാഷ്ട്രീയ ഗ്രൂപ്പായ ലിങ്കണ്‍ പ്രോജക്റ്റ് വിസ്‌കോണ്‍സിനിലെ മോസിനിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെപ്റ്റംബര്‍ 7 റാലിയില്‍ നിന്നുള്ള ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ്. അതില്‍ ട്രംപ് കമലയുടെ ചുറ്റും നില്‍ക്കുന്നവരെ മാലിന്യക്കൂന എന്ന് വിശേഷിപ്പിക്കുന്നത് വ്യക്തമായി കേള്‍ക്കാം. അതേ ട്രംപാണ് ഇപ്പോള്‍ ഇരയുടെ പരിവേഷം അണിഞ്ഞ് അണികളെ ആവേശം കൊള്ളിക്കുന്നത്.
ബൈഡന്റെ പരാമര്‍ശം കമല ഹാരിസിന്റെ മുന്നേറ്റത്തിനിടയില്‍ അവസാന നിമിഷം കിട്ടിയ തിരിച്ചടിയായാണ് കണക്കാക്കുന്നത്.
ബൈഡന്റെ ഈ അഭിപ്രായത്തോട് താന്‍ ശക്തമായി വിയോജിക്കുന്നു എന്ന് കമലാ ഹാരിസ് വ്യക്തമാക്കി. ഇക്കാര്യത്തെ കുറിച്ച ബൈഡന്‍ വ്യക്തമാക്കിയെന്നും കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.
മാഡിസണ്‍ സ്‌ക്വയറിലെ ഞായറാഴ്ച പ്രസംഗത്തിലെ വിവാദ പരാമര്‍ശത്തോടെ താഴോട്ടു പോയ ട്രംപ് ക്യാംപ് ശക്തമായി തിരിച്ചു വന്നു. ട്രംപ് ഫ്‌ലോറിഡയിലെ പ്രചാരണ വേദിയില്‍ നില്‍ക്കുമ്പോഴാണ് ഈ വിവരം അറിയുന്നത്. ഉടന്‍ തന്നെ വന്നു മറുപടി. 'എന്തുകഷ്ടമാണ്, എച്ചില്‍ക്കൂട്ടം എന്നൊക്കെ വിളിക്കാമോ.. കടന്നകയ്യാണ്. പോട്ടേ... ബൈഡന് ഒന്നും അറിയില്ല.. നിങ്ങള്‍ ക്ഷമിച്ചേക്കൂ..' . 2016 തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ ട്രംപ് അനുയായികളെ ശോചനീയമായ കൂട്ടം എന്നു വിളിച്ച് ആക്ഷേപിച്ചതും ട്രംപ് പ്രസംഗത്തിനിടെ വോട്ടര്‍മാരെ ഓര്‍മ്മിപ്പിച്ചു.
'ട്രംപിന്റെ അനുയായികള്‍ ഒഴുകുന്ന മാലിന്യമെന്ന് ബൈഡന്‍; മാലിന്യ ട്രക്കില്‍ പ്രതിഷേധവുമായി ട്രംപ്; ബൈഡനെ തള്ളി കമല