വാഷിംഗ്ടണ്‍ : രാജ്യത്തെ ജനങ്ങള്‍ക്ക് 'താരിഫ് വരുമാനത്തില്‍ നിന്ന്' ഓരോരുത്തര്‍ക്കും 2,000 ഡോളര്‍ വീതം ഡിവിഡന്റ് നല്‍കുമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്.
'ഉയര്‍ന്ന വരുമാനമുള്ളവര്‍ ഒഴികെ, ഓരോ അമേരിക്കന്‍ പൗരനും കുറഞ്ഞത് 2,000 ഡോളര്‍ ഡിവിഡന്റ് ലഭിക്കും,' എന്ന് ട്രംപ് ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 'താരിഫുകള്‍ക്കെതിരെ നില്‍ക്കുന്നവര്‍ മൂഢന്മാരാണ്, അമേരിക്ക ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ബലമുള്ളതും ആദരിക്കപ്പെട്ടതുമായ രാജ്യമാണ്,' എന്നും ട്രംപ് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഏതെല്ലാം മാര്‍ഗ്ഗങ്ങളിലൂടെയാവും ഡിവിഡന്റ് നല്‍കുക എന്ന് ട്രംപ് വ്യക്തമാക്കാത്തത് ആശയക്കുഴപ്പം സൃഷ്ടിച്ചു.
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രതികരിച്ചു. 'താരിഫ് ഡിവിഡന്റ് പല രൂപങ്ങളിലായിരിക്കും വരിക. ഇത് പ്രസിഡന്റ് മുന്‍കൂട്ടി പ്രഖ്യാപിച്ച നികുതി ഇളവുകളായിരിക്കാനും സാധ്യതയുണ്ട്,' എന്ന് ബെസന്റ് പറഞ്ഞു.
എന്താണ് താരിഫ് ഡിവിഡന്റ് ?
സാധാരണയായി 'ഡിവിഡന്റ്' എന്നത് ഒരു കമ്പനിയുടെ ലാഭത്തില്‍ നിന്നുള്ള ഓഹരിയുടമകള്‍ക്കുള്ള വിതരണം എന്നാണ് അര്‍ത്ഥമാക്കുന്നത്. ട്രംപ് നിര്‍ദേശിക്കുന്ന മോഡലില്‍, രാജ്യത്തിന് ലഭിക്കുന്ന താരിഫ് നികുതി വരുമാനത്തില്‍ നിന്നുള്ള ഒരു തരത്തിലുള്ള ജനപങ്കാളിത്തമാണ് ഇത്. കോവിഡ് മഹാമാരിക്കാലത്ത് വിതരണം ചെയ്ത ഉത്തേജക ചെക്കുകളുമായി സമാനമായ രീതിയിലാണ് ഈ ആശയം.
ഡിവിഡന്റ് ആര്‍ക്കൊക്കെ ലഭിക്കും ?
ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും 'ഉയര്‍ന്ന വരുമാനക്കാരെ ഒഴികെ' എന്ന് പറഞ്ഞത് മുന്‍കാല 'സ്റ്റിമുലസ് ചെക്ക്' പദ്ധതികളുമായി സാമ്യമുള്ളതാണ്. അന്ന് വര്‍ഷം 75,000 ഡോളര്‍ വരുമാനമുള്ള വ്യക്തികള്‍ക്കും 150,000 ഡോളര്‍ വരുമാനമുള്ള ദമ്പതികള്‍ക്കുമാണ് പൂര്‍ണ തുക ലഭിച്ചത്. അതിനുമീതെയുള്ളവര്‍ക്ക് കുറഞ്ഞതോതിലാണ് സഹായം ലഭിച്ചത്.
അമേരിക്കന്‍ സെന്‍സസ് ബ്യൂറോയുടെ കണക്കനുസരിച്ച് 2024ല്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങളുടെ ശരാശരി വരുമാനം 83,730 ഡോളറാണ്.
ഫണ്ട് എവിടെ നിന്നാകും?
സെപ്റ്റംബര്‍ അവസാനം വരെ യുഎസ് സര്‍ക്കാരിന് ലഭിച്ച മൊത്തം താരിഫ് വരുമാനം 195 ബില്യണ്‍ ഡോളറാണ്. എന്നാല്‍ 2,000 ഡോളര്‍ വീതം 150 മില്യണ്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കണമെങ്കില്‍ ഏകദേശം 300 ബില്യണ്‍ ഡോളര്‍ ആവശ്യമാകും. നിലവിലെ താരിഫ് വരുമാനത്തേക്കാള്‍ ഏറെയാണത്.
'നികുതി ഇളവുകള്‍ കണക്കാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ലഭ്യമായ താരിഫ് വരുമാനം 90 ബില്യണ്‍ ഡോളറിലേ അധികമാകില്ലെന്ന് ടാക്‌സ് ഫൗണ്ടേഷനിലെ എറിക്ക യോര്‍ക്ക് പറയുന്നു.
അതിനൊപ്പം, ട്രംപിന്റെ താരിഫ് അധികാരം ഭരണഘടനാപരമാണോ എന്ന ചോദ്യം ഇപ്പോള്‍ സുപ്രീംകോടതി വിചാരണയിലാണ്. വിധി ഭരണകൂടത്തിന് അനുകൂലമല്ലെങ്കില്‍ താരിഫ് വഴി ശേഖരിച്ച ചില വരുമാനങ്ങള്‍ തിരിച്ചുനല്‍കേണ്ടി വരും.
ദീര്‍ഘകാല പ്രത്യാഘാതം?
ട്രഷറി വകുപ്പ് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 3 ട്രില്യണ്‍ ഡോളര്‍ ടാരിഫ് വരുമാനം പ്രതീക്ഷിക്കുന്നുവെങ്കിലും, അതില്‍നിന്ന് നേരിട്ട് ജനങ്ങള്‍ക്ക് പണം നല്‍കുന്നത് ഫെഡറല്‍ കടം വര്‍ദ്ധിപ്പിക്കും. അമേരിക്കയുടെ ദേശീയ കടം ഇതിനകം 38 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞിരിക്കുകയാണ്.
ട്രംപിന്റെ 2,000 ഡോളര്‍ ടാരിഫ് ഡിവിഡന്റ് വാഗ്ദാനം രാഷ്ട്രീയ നിലപാടുകള്‍ക്ക് ഉണര്‍വേകുന്നെങ്കിലും, സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ അതിന്റെ പ്രാവര്‍ത്തികതയെക്കുറിച്ച് വിദഗ്ധര്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. 'ട്രംപിന്റെ വാഗ്ദാനം കേള്‍ക്കാന്‍ മധുരമുള്ളതാണെങ്കിലും കണക്കുകള്‍ കഠിനമാണ്,' എന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായ ബജറ്റ് കമ്മിറ്റി വിലയിരുത്തി.
ട്രംപിന്റെ 2,000 ഡോളര്‍ ' താരിഫ് ഡിവിഡന്റ് ' വാഗ്ദാനം: യാഥാര്‍ത്ഥ്യമാകുമോ?
