മാലദ്വീപ് പ്രസിഡന്റ് മുയിസുവിനെതിരെ അഴിമതി ആരോപണം

മാലദ്വീപ് പ്രസിഡന്റ് മുയിസുവിനെതിരെ അഴിമതി ആരോപണം


മാലെ: മാലദ്വീപിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, 2018 മുതല്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു നടത്തിയ അഴിമതിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നു.  ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ മുയിയുവിനെ അധികാരത്തില്‍ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍  പ്രസിഡന്റ് മുയിസു തള്ളി.

മജ്ലിസിലേക്കുള്ള (പാര്‍ലമെന്റ്) തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ, മുഖ്യപ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയും (എംഡിപി) മുയിസ്സുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസും (പിഎന്‍സി) തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ അന്തരീക്ഷം കലുഷിതമാക്കിയിരിക്കുകയാണ്.

മാലിദ്വീപ് മോണിറ്ററി അതോറിറ്റിയുടെയും മാലിദ്വീപ് പോലീസ് സര്‍വീസിന്റെയും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എഫ്‌ഐയു) തയ്യാറാക്കിയ രേഖകള്‍ ഉള്‍പ്പെടെയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തി, എക്സ് സോഷ്യല്‍ മീഡിയയില്‍ തിങ്കളാഴ്ച 'ഹസ്സന്‍ കുരുസി' എന്ന അജ്ഞാത ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തതോടെയാണ് രാഷ്ട്രീയ കൊടുങ്കാറ്റ് ആരംഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടി. പ്രസിഡന്റ് മുയിസുവിന് അഴിമതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നതെന്നാണ് ആരോപിക്കപ്പെടുന്നത്.

'ഏകദേശം 2018-ലെ ഈ റിപ്പോര്‍ട്ടുകള്‍, പ്രസിഡണ്ട് മുയിസുവിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കുള്ള പണമിടപാടിലെ ക്രമക്കേടുകളെക്കുറിച്ച് പറയുന്നു. ഈ അക്കൗണ്ടുകളുടെ വിവരങ്ങളില്‍ നിന്ന് പത്തോളം അനധികൃത സാമ്പത്തിക ഇടപാടുകളുടെഅപായകരമായ സൂചകങ്ങള്‍ എടുത്തുകാണിക്കുന്നു. രാഷ്ട്രീയമായി അഴിമതി നടത്തിയെന്ന് വെളിവാക്കപ്പെട്ട വ്യക്തികളുമായുള്ള ഇടപെടല്‍, തട്ടിപ്പ്, ഘടനാപരമായ ഇടപാടുകള്‍, ഫണ്ടുകളുടെ ഉറവിടം മറയ്ക്കാന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ഉപയോഗിക്കല്‍ എന്നിവയും പുറത്തുവന്ന സൂചനകളിലുണ്ടെന്ന് ന്യൂസ് പോര്‍ട്ടല്‍ മാലിദ്വീപ് റിപ്പബ്ലിക് റിപ്പോര്‍ട്ട് ചെയ്തു.

ആരോപണങ്ങള്‍ ഉടന്‍ തന്നെ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ചു, വിവിധ സോഷ്യല്‍ മീഡിയ ചാനലുകളില്‍ നിരവധി പ്രതികരണങ്ങള്‍ പ്രവഹിച്ചു. എന്നാല്‍ ന്യൂസ് പോര്‍ട്ടലുകളും പത്രങ്ങളും ജാഗ്രതയോടെയാണ് വാര്‍ത്തകള്‍ നല്‍കുന്നത്. പ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയും (എംഡിപി) പീപ്പിള്‍സ് നാഷണല്‍ ഫ്രണ്ടും (പിഎന്‍എഫ്) വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.

രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് മുയിസുവിനെ ഇംപീച്ച് ചെയ്യണമെന്ന് മുന്‍ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ജമീല്‍ അഹമ്മദ് ആവശ്യപ്പെട്ടു. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ എക്‌സി-ല്‍ ജമീല്‍ ഈ രേഖകള്‍ വീണ്ടും പോസ്റ്റ് ചെയ്തു. ഭരണത്തിന്റെ എല്ലാ തലങ്ങളിലും ഉത്തരവാദിത്തത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

മുയിസ്സുവിനെ ഇംപീച്ച്മെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് പുറമെ, മാലിദ്വീപിലെ പ്രോഗ്രസീവ് പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗമായ ജമീല്‍, 'പ്രസിഡന്റ് മുയിസ്സുവിന്റെ മുന്‍നിര പദ്ധതിയായ റാസ് മാലെ' വികസന പദ്ധതിയില്‍ വിപുലമായ അഴിമതിയും പൊതുജനസമ്പര്‍ക്കത്തിന് അമിതമായ ചെലവും നടത്തിയതായി ആരോപിച്ചു. ഈ ആരോപണങ്ങളില്‍ സ്വതന്ത്രമായ അന്വേഷണങ്ങള്‍ വേണമെന്നും എംവി റിപ്പബ്ലിക് ഡോക് കോം പറഞ്ഞു.

എഫ്‌ഐയു റിപ്പോര്‍ട്ട് ചോര്‍ത്തുന്നത് ഇതാദ്യമാണെന്നും റിപ്പോര്‍ട്ടുകളുടെയോ ആരോപണങ്ങളുടെയോ നിയമസാധുത സംബന്ധിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമോ പ്രതികരണമോ ഉണ്ടായിട്ടില്ലെന്നും ന്യൂസ് പോര്‍ട്ടല്‍ അവകാശപ്പെട്ടു.

അഴിമതി ആരോപണങ്ങളോട് ചൊവ്വാഴ്ച രാത്രി വൈകി പ്രസിഡന്റ് മുയിസു പ്രതികരിച്ചതായി അധാതു ഡോട് കോം  റിപ്പോര്‍ട്ട് ചെയ്തു, 'എത്രത്തോളം പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നാലും പ്രതിപക്ഷത്തിന് തന്റെ ഭാഗത്തുനിന്ന് ഒരു തെറ്റും കാണിക്കാനാവില്ല എന്ന് പ്രഖ്യാപിച്ച മുയിസു നിരാശരായ പ്രതിപക്ഷം ആരോപണങ്ങളില്‍ തന്നെ ബന്ധിപ്പിക്കാനായി റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തുകയാണെന്നും ആരോപിച്ചു.

മേയര്‍, പ്രസിഡന്റ് സ്ഥാനങ്ങള്‍ക്കുള്ള തന്റെ പ്രചാരണ വേളയിലും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രതികരണം മുമ്പത്തെപ്പോലെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങള്‍ എന്നോട് ഇതുപോലെ എന്തെങ്കിലും കുറ്റപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍, തന്നെ നിങ്ങള്‍ക്ക് ഇത് തെളിയിക്കാന്‍ കഴിഞ്ഞില്ല, ഇപ്പോളും നിങ്ങള്‍ക്ക് ഇത് തെളിയിക്കാന്‍ കഴിയില്ല. നിങ്ങള്‍ ഇത് എത്രഗൗരവത്തോടെ എടുത്താലും എനിക്കെതിരെ ഒന്നും കാണിക്കാന്‍ കഴിയില്ല-പ്രസിഡന്റ് പറഞ്ഞു.

തന്റെ പ്രതിരോധത്തില്‍ പ്രസിഡന്റ് മുയിസു പറഞ്ഞതിന്റെ വിശദമായ വിവരണം അറ്റോള്‍ ടൈംസ് നല്‍കി, 'ഒരിക്കലും ജനങ്ങളുടെ അവകാശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും എത്ര ആരോപണങ്ങള്‍ ഉന്നയിച്ചാലും, അത്തരത്തിലുള്ള ഒന്നും ആര്‍ക്കും കാണിക്കാന്‍ കഴിയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാരില്‍ ഇന്നത്തെ പ്രതിപക്ഷം ഉണ്ടായിരുന്നു. അഴിമതികള്‍ എന്തെങ്കിലും മുമ്പ് നടന്നിട്ടുണ്ടെങ്കില്‍ അത് അപ്പോള്‍ തന്നെ വെളിച്ചത്ത് വരുമായിരുന്നു- മുയിസു പറഞ്ഞു.

പ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയും (എംഡിപി) പീപ്പിള്‍സ് നാഷണല്‍ ഫ്രണ്ടും (പിഎന്‍എഫ്) പ്രസിഡന്റിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ പരാമര്‍ശം.


ഈ വര്‍ഷം ഏപ്രില്‍ 21ന് നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 93 സീറ്റുകളിലേക്ക് 368 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചുമതലയേറ്റ പ്രസിഡന്റ് മുയിസുവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാനാകുമോ എന്ന് തിരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കും.