ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; റാഫ അതിർത്തിയുടെ ഭാഗം പിടിച്ചെടുത്തു

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; റാഫ അതിർത്തിയുടെ ഭാഗം പിടിച്ചെടുത്തു


ടെൽഅവീവ്: ഗാസയിലെ വെടിനിർത്തൽ ശ്രമം അനന്തമായി നീളുന്നതിടെ, ആക്രമണം കടുപ്പിച്ച ഇസ്രായേൽ സൈന്യം റഫ അതിർത്തിയുടെ ഭാഗം പിടിച്ചെടുത്തു. കിഴക്കൻ റഫയിൽ നിന്ന് ഒഴിഞ്ഞു പോകാൻ ആളുകളിൽ സമ്മർദം തുടരുകയാണ് ഇസ്രായേൽ. റഫയിൽ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. റഫ അതിർത്തിയിൽ ഇസ്രായേൽ സൈന്യം നിലയുറപ്പിച്ചതോടെ, ഗാസ യിലേക്കുള്ള സഹായ വിതരണവും നിലച്ചു.


റഫ ഇസ്രായേൽ ആക്രമിച്ചാൽ ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് മുമ്പ് തന്നെ ആയിരക്കണക്കിന് പാലസ്തീനികളോട് മേഖല വിടാൻ ഇസ്രായേൽ നിർദേശം നൽകിയിരുന്നു. 15 ലക്ഷം പാലസ്തീനികളുടെ അവസാനത്തെ അത്താണിയാണ് റഫ.


ഗാസയിൽ നിന്ന് ഫലസ്തീനികൾക്ക് പുറത്തുകടക്കാനുള്ള ഒരേയൊരു കവാടമാണ് റഫ. ഈജിപ്തിലെ സിനായ് ഉപദ്വീപിന്റെ അതിർത്തിയാണിത്. ഗസ്സ മുനമ്പിന്റെ കിഴക്കും വടക്കും ഇസ്രായേലിന്റെ അതിര്‍ത്തിയാണ്. പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നത് മെഡിറ്ററേനിയന്‍ കടലും. ഗാസയുടെ തെക്ക് ഈജിപ്ഷ്യന്‍ അതിര്‍ത്തിയാണ്. ഇസ്രയേലിനെ കൂടാതെ ഗസ്സ മുനമ്പുമായി അതിര്‍ത്തി പങ്കിടുന്ന ഒരേയൊരു രാജ്യം ഈജിപ്താണ്.


അതിനിടെ, ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥത്തിലുള്ള വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ സ്വീകാര്യമാണെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ അറിയിച്ചു. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നില്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ആരോപണം. ചർച്ചക്കായി കൈറോയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഗസ്സയിൽ ഇസ്രായേൽ ഒക്ടോബർ ഏഴിനു തുടങ്ങിയ ആക്രമണത്തിൽ 34,735 ഫലസ്തീനികളാണ് കൊല്ല​പ്പെട്ടത്. 78,108 പേർക്ക് പരിക്കേറ്റു. ഹമാസ് ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്ക് നടത്തിയ മിന്നലാക്രമണത്തിൽ 1139 പേർ കൊല്ലപ്പെട്ടു.