റഫയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങി

റഫയില്‍  ഇസ്രായേല്‍ ആക്രമണം തുടങ്ങി


ജെറുസലേം: തെക്കന്‍ ഗാസ നഗരമായ റഫയില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ രൂക്ഷമായ ആക്രമണം നടത്തി. നേരത്തെ യുദ്ധം ഭയന്ന് വടക്കന്‍ ഗാസയില്‍ നിന്ന് അഭയം തേടിയെത്തിയ 110,000 ത്തോളം ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേലി സൈന്യം ആവശ്യപ്പെട്ടു.

വെടിനിര്‍ത്തലിനായി ഖത്തറും ഈജിപ്തും മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ചതായി ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയ്യ അറിയിച്ചതിനു പിന്നാലെയാണ് ഈ നിര്‍ദ്ദേശം തള്ളി ഇസ്രായേല്‍ ആക്രമണം കനപ്പിച്ചത്.

വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും വ്യക്തമല്ലെങ്കിലും സംഘര്‍ഷം പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് പിന്നീട് ഇരുഭാഗത്തുനിന്നും ഉണ്ടായ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഇസ്രായേല്‍ അടുത്തിടെ മുന്നോട്ടുവച്ച പദ്ധതിയെക്കുറിച്ചല്ല ഹനിയ്യ പരാമര്‍ശിക്കുന്നതെന്ന് ഹമാസിന്റെയും ഇസ്രായേലി ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങള്‍ വ്യക്തമാക്കി.

ഖത്തറും ഈജിപ്തും ചേര്‍ന്ന് മുന്നോട്ടുവെച്ച നിര്‍ദ്ദേശം ഇസ്രായേലിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു. ഹമാസിന് മേല്‍ സൈനിക സമ്മര്‍ദ്ദം ചെലുത്തുന്നതിനായി റഫയില്‍ നടപടി തുടരാന്‍ ഇസ്രയേലിന്റെ യുദ്ധ കാബിനറ്റ് ഏകകണ്ഠമായി തീരുമാനിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ 'വര്‍ദ്ധിച്ചുവരുന്ന ഇസ്രായേല്‍ വ്യോമാക്രമണം' ഭയന്ന് അഭിപ്രായത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റഫയില്‍ നിന്ന് പലായനം ചെയ്തതായി പാലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഭക്ഷണത്തിനും ഇന്ധനത്തിനും വില കുതിച്ചുയര്‍ന്നതോടെ നഗരത്തിലെ ജനങ്ങളാകെ പരിഭ്രാന്തരാണെന്നും റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു
സിവിലിയന്മാര്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്നതിനാല്‍ യു.എസ് ഉള്‍പ്പെടെയുള്ള ഏറ്റവും അടുത്ത സഖ്യകക്ഷികള്‍ റഫ ആക്രമണത്തില്‍ നിന്ന് പിന്മാറാന്‍ ഇസ്രായേലിനുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. ഇതു വകവയ്ക്കാതെയാണ് റഫയില്‍ ആക്രമണം കടുപ്പിക്കുന്നതിനുള്ള അവരുടെ നീക്കം.
സൈന്യം എപ്പോള്‍ നഗരത്തില്‍ പ്രവേശിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഹമാസിനെ തകര്‍ക്കാനും ഒക്ടോബര്‍ 7 ന് ബന്ദികളാക്കിയ ബന്ദികളെ മോചിപ്പിക്കാനുമുള്ള ഇസ്രായേലിന്റെ പദ്ധതികളുടെ ഭാഗമായാണ് ഒഴിപ്പിക്കലിലെന്നാണ് അവര്‍ പറയുന്നത്.