അമേരിക്ക സഹായ പാക്കേജ് തയ്യാറാക്കുന്നതിനിടെ തെക്കന്‍ ഗാസയിലെ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു, 18 കുട്ടികള്‍

അമേരിക്ക സഹായ പാക്കേജ് തയ്യാറാക്കുന്നതിനിടെ തെക്കന്‍ ഗാസയിലെ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു, 18 കുട്ടികള്‍


ഗാസ:  തെക്കന്‍ ഗാസ നഗരമായ റഫയില്‍ ഇസ്രായേല്‍ ഒറ്റരാത്രികൊണ്ട് നടത്തിയ ആക്രമണത്തില്‍ 18 കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച (ഏപ്രില്‍ 21) സ്ഥിരീകരിച്ചു.

ഇസ്രയേലിനായി കോടിക്കണക്കിന് ഡോളറിന്റെ അധിക സൈനിക സഹായം അമേരിക്ക അനുവദിക്കുന്ന സമയത്താണ് ആക്രമണം നടത്തിയത്.

ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയുടെ പകുതിയിലേറെപ്പേരുടെയും അഭയകേന്ദ്രമായി മാറിയ റഫയില്‍ ഇസ്രായേല്‍ ഏതാണ്ട് എല്ലാ ദിവസവും  വ്യോമാക്രമണങ്ങള്‍ നടത്തുന്നുണ്ട്.

അമേരിക്കയുള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്ന ആഹ്വാനം നിലനില്‍ക്കുമ്പോള്‍തന്നെ ഈജിപ്തുമായുള്ള ഗാസ അതിര്‍ത്തിക്ക് സമീപം ഹമാസിനെതിരായ കര ആക്രമണം വ്യാപിപ്പിക്കാനും ഇസ്രായേല്‍ തീരുമാനിച്ചിട്ടുണ്ട്.

''വരും ദിവസങ്ങളില്‍, ഞങ്ങള്‍ ഹമാസിനുമേല്‍ രാഷ്ട്രീയവും സൈനികവുമായ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും, കാരണം ഞങ്ങളുടെ ബന്ദികളെ തിരികെ കൊണ്ടുവരാനും വിജയം നേടാനുമുള്ള ഒരേയൊരു മാര്‍ഗ്ഗമാണിത്. ഉടന്‍തന്നെ ഞങ്ങള്‍ ഹമാസിന് നേരെ കൂടുതല്‍ വേദനാജനകമായ പ്രഹരങ്ങള്‍ ഏല്‍പ്പിക്കും - ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.

റാഫയില്‍ ഇസ്രായേല്‍ നടത്തിയ ആദ്യ ആക്രമണത്തില്‍ ഒരാളും ഭാര്യയും അവരുടെ 3 വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടതായി മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ള, അടുത്തുള്ള കുവൈറ്റ് ഹോസ്പിറ്റല്‍ അറിയിച്ചു.

യുവതി ഗര്‍ഭിണിയായിരുന്നുവെന്നും ഡോക്ടര്‍മാരാണ് ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിച്ചതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. റഫയിലെ രണ്ടാമത്തെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 17 കുട്ടികളും രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു.

''ഈ കുട്ടികള്‍ ഉറങ്ങുകയായിരുന്നു. അവര്‍ എന്താണ് ചെയ്തത്? എന്തായിരുന്നു അവരുടെ തെറ്റ്?' ബന്ധുവായ ഉമ്മു കരീം ചോദിച്ചതായി അസോസിയേറ്റഡ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മറ്റൊരു താമസക്കാരനായ മുഹമ്മദ് അല്‍-ബെഹെരി തന്റെ മകള്‍ റാഷയും അവളുടെ 18 മാസം മാത്രം പ്രായമുള്ള കുഞ്ഞ് അടക്കം ആറ് മക്കളും, കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഒരു സ്ത്രീയും മൂന്ന് കുട്ടികളും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഗാസയ്ക്കായി അമേരിക്ക സഹായ പാക്കേജ് തയ്യാറാക്കി

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ 34,000-ത്തിലധികം പാലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടു, അതില്‍ മൂന്നില്‍ രണ്ട് എണ്ണവും സ്ത്രീകളും കുട്ടികളുമാണ്.

ഗാസയിലെ രണ്ട് വലിയ നഗരങ്ങള്‍ യുദ്ധത്തില്‍ തകര്‍ന്നു, വന്‍ നാശം സംഭവിച്ചു. ജനസംഖ്യയുടെ 80 ശതമാനവും ഉപരോധിക്കപ്പെട്ട  മറ്റ് മേഖലകളിലേക്ക് മാറി.

ശനിയാഴ്ച (ഏപ്രില്‍ 20) യുഎസ് ജനപ്രതിനിധി സഭ 26 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജിന് അംഗീകാരം നല്‍കി, അതില്‍ പട്ടിണിയുടെ വക്കിലുള്ള ഗാസയ്ക്ക് ഏകദേശം 9 ബില്യണ്‍ ഡോളര്‍ മാനുഷിക സഹായവും ഉള്‍പ്പെടുന്നു.

യുഎസ് സെനറ്റ് ചൊവ്വാഴ്ച (ഏപ്രില്‍ 23) ഉടന്‍ തന്നെ പാക്കേജില്‍ ഒപ്പിടാന്‍ സാധ്യതയുണ്ട്, തുടര്‍ന്ന് അത് ഉടന്‍ തന്നെ പ്രസിഡന്റ് ജോ ബൈഡനും ഒപ്പിടും.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച സംഘര്‍ഷം ഏഴ് മാസമായി തുടരുകയാണ്.  ഇറാനും സഖ്യകക്ഷികളായ തീവ്രവാദ ഗ്രൂപ്പുകള്‍ക്കുമെതിരെ ഇസ്രായേലും യുഎസും നിലകൊള്ളുന്നതിനാല്‍ ഇപ്പോള്‍ സംഘര്‍ഷം പ്രാദേശിക അശാന്തിയിലേക്ക് നയിച്ചിരിക്കുകയാണ്. ഈ മാസം, ഇസ്രായേലും ഇറാനും മുഖാമുഖം ഏറ്റുമുട്ടല്‍ നടന്നത്് ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ ആശങ്ക ഉയര്‍ത്തി.