ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം; താത്ക്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസ് പുനഃരാരംഭിച്ചു

ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷം; താത്ക്കാലികമായി നിര്‍ത്തിവെച്ച വിമാന സര്‍വീസ് പുനഃരാരംഭിച്ചു


ദുബായ്: ഇസ്രായേലിലേക്ക് ഡസന്‍ കണക്കിന് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതിന് പിന്നാലെ നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ മിഡില്‍ ഈസ്റ്റിലെ പ്രമുഖ എയര്‍ലൈനുകള്‍ പുനഃരാരംഭിച്ചു. മേഖലയിലെ താത്ക്കാലിക വ്യോമപാത അടച്ചതോടെ നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും മറ്റുള്ളവ വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു. 

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഞായറാഴ്ച ഉച്ചക്ക് ശേഷം ജോര്‍ദാന്‍, ലെബനാന്‍, ഇറാഖ് എന്നിവിടങ്ങളിലേക്കും പുറത്തേക്കും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ പറത്തി. 

ഖത്തര്‍ എയര്‍വെയ്‌സ് അമ്മാന്‍, ബെയ്‌റൂത്ത്, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനഃരാരംഭിച്ചതായി എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. 

ഇത്തിഹാദ് എയര്‍വേയ്‌സ് തിങ്കളാഴ്ച മുതല്‍ അബൂദാബിയില്‍ നിന്നും ടെല്‍അവീവ്, അമ്മാന്‍, ബെയ്‌റൂത്ത് എന്നിവിടങ്ങളിലേക്ക് പാസഞ്ചര്‍, കാര്‍ഗോ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചു. 

തിങ്കളാഴ്ച വരെ വ്യോമപാത അടച്ചതിനാല്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായാലും മിഡില്‍ ഈസ്റ്റിന്റെ ചില ഭാഗങ്ങളില്‍ തടസ്സങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടാകുമെന്നും ഇത്ിഹാദ് മുന്നറിയിപ്പ് നല്‍കി. 

മേഖലയിലെ വ്യോമാതിര്‍ത്തികള്‍ താത്ക്കാലികമായി അടച്ചത് തങ്ങളുടെ പല വിമാനങ്ങളേയും ബാധിച്ചതായി ഫ്‌ളൈ ദുബൈ പ്രസ്താവനയില്‍ പറഞ്ഞു.

ജോര്‍ദാന്‍, ഇറാഖ്, ലെബനാന്‍ എന്നിവ തങ്ങളുടെ വ്യോമപാത തുറന്നതായി ഞായറാഴ്ച അറിയിച്ചു. 

ഇസ്രായേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ താത്ക്കാലികമായി സര്‍വീസ് നിര്‍ത്തിവെക്കുകയോ വ്യോമഗതാഗതം വഴി തിരിച്ചു വിടുകയോ ചെയ്തിരുന്നു. 

ടെല്‍അവീവ്, എര്‍ബില്‍, അമ്മാന്‍ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് നിര്‍ത്തിവെച്ചതായും മിഡില്‍ ഈസ്റ്റിലൂടെയുള്ള ദീര്‍ഘദൂര റൂട്ടുകള്‍ തിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും പലതും വഴി തിരിച്ചുവിടുകയും ചെയ്തു. 

ഇത്തിഹാദ് എയര്‍വേയ്‌സ് ജോര്‍ദാനിലേക്കും ഇസ്രായേലിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കി. 

സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെല്‍അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കി. 

എയറോഫ്‌ളോട്ട് മോസ്‌കോയില്‍ നിന്ന് ടെഹ്‌റാനിലേക്കുള്ള വിമാനം റഷ്യയിലെ ഡാഗെസ്താന്‍ മേഖലയിലെ മഖച്കലയിലേക്ക് തിരിച്ചുവിടുകയും ഈജിപ്ത്, യു എ ഇ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു.