പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുയിസുവിന്റെ ചൈന അനുകൂല പാര്‍ട്ടിക്ക് 'സൂപ്പര്‍ ഭൂരിപക്ഷം'

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുയിസുവിന്റെ ചൈന അനുകൂല പാര്‍ട്ടിക്ക് 'സൂപ്പര്‍ ഭൂരിപക്ഷം'


മാലി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 71 സീറ്റുകള്‍ നേടി 'സൂപ്പര്‍ ഭൂരിപക്ഷം' കരസ്ഥമാക്കി. 

മാലദ്വീപിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയും ചൈനയും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. മുയിസുവിന്റെ ബീജിംഗ് അനുകൂല വിദേശനയത്തിന്റെ ശക്തമായ അംഗീകാരമായാണ് വിജയം രേഖപ്പെടുത്തുന്നത്. 

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 93ല്‍ 68 സീറ്റുകളും മുയിസു നയിക്കുന്ന പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി എന്‍ സി) നേടി. സഖ്യകക്ഷികളായ മാലിദ്വീപ് നാഷണല്‍ പാര്‍ട്ടി (എം എന്‍ പി), മാലിദ്വീപ് ഡെവലപ്മെന്റ് അലയന്‍സ് (എം ഡി എ) എന്നിവ യഥാക്രമം ഒന്നും രണ്ടും സീറ്റുകള്‍ നേടി. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചതോടെ പാര്‍ലമെന്റില്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരമാണ് പാര്‍ട്ടിക്ക് നേടിക്കൊടുത്തത്.

മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ നേതൃത്വത്തിലുള്ള മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എം ഡി പി) മുന്‍ പാര്‍ലമെന്റില്‍ 65 സീറ്റുകള്‍ നേടിയിരുന്നുവെങ്കിലും ഇത്തവണ 15 സീറ്റുകള്‍ മാത്രമാണ് നേടിയതെന്ന് മിഹാരു വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ചൈന അനുകൂല ചായ്വുകള്‍ക്ക് പേരുകേട്ട മുയിസു തന്റെ രാജ്യത്ത് ഇന്ത്യയുടെ സ്വാധീനം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായിരുന്ന എം ഡി പി 64 സീറ്റുകളുമായി പാര്‍ലമെന്റില്‍ സൂപ്പര്‍ ഭൂരിപക്ഷം നേടി. അന്നത്തെ പ്രതിപക്ഷമായ പി പി എം- പി എന്‍ സി സഖ്യം എട്ട് സീറ്റുകള്‍ മാത്രമാണ് നേടിയത്. ഡെമോക്രാറ്റുകള്‍ക്കും അദാലത്ത് പാര്‍ട്ടിക്കും സീറ്റുകളൊന്നും നേടാനായില്ല.

യോഗ്യരായ വോട്ടര്‍മാരില്‍ 75 ശതമാനവും വോട്ട് രേഖപ്പെടുത്തിയിരുന്നു. ആകെ 284,663 പേര്‍ വോട്ട് ചെയ്യാന്‍ യോഗ്യരായിരുന്നവരില്‍ 215,860 പേരാണ്  വോട്ടവകാശം വിനിയോഗിച്ചത്.

2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 81.32 ശതമാനമായിരുന്നു പോളിങ്. 

രാജ്യത്തെ വീണ്ടും രാഷ്ട്രീയ അശാന്തിയിലേക്ക് നയിക്കാന്‍ മാലിദ്വീപുകാര്‍ ആഗ്രഹിക്കുന്നില്ലെന്ന് ഫലങ്ങള്‍ കാണിക്കുന്നുവെന്ന് പി എന്‍ സി ചെയര്‍പേഴ്‌സണും പ്രസിഡന്റിന്റെ പ്രത്യേക ഉപദേഷ്ടാവുമായ അബ്ദുല്‍ റഹീം അബ്ദുല്ല പറഞ്ഞു.

പാര്‍ലമെന്റില്‍ പി എന്‍ സിയുടെ സൂപ്പര്‍ ഭൂരിപക്ഷത്തിന് കാരണം മുയിസു മുന്നോട്ടുവെച്ച ഉറച്ച നയങ്ങളാണെന്ന് റഹീം പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും സര്‍ക്കാരിന്റെ ഉത്തരവാദിത്തം നിലനിര്‍ത്തുന്നതിനും ജനാധിപത്യ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള തങ്ങളുടെ റോളില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രധാന പ്രതിപക്ഷമായ എം ഡി പി പ്രസ്താവനയില്‍ പറഞ്ഞു.

വിജയിച്ച സ്ഥാനാര്‍ഥികളെ അഭിനന്ദിച്ച പാര്‍ട്ടി, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ജനങ്ങളുടെ പ്രയോജനത്തിനായി പ്രവര്‍ത്തിക്കാനും അവരോട് ആഹ്വാനം ചെയ്തു.