പന്നൂന്‍ കൊലപാതക ഗൂഢാലോചന: നിഖില്‍ ഗുപ്തയെ യു എസിന് കൈമാറുന്നതിന്് ചെക്ക് സുപ്രിം കോടതിയുടെ സ്റ്റേ

പന്നൂന്‍ കൊലപാതക ഗൂഢാലോചന: നിഖില്‍ ഗുപ്തയെ യു എസിന് കൈമാറുന്നതിന്് ചെക്ക് സുപ്രിം കോടതിയുടെ സ്റ്റേ


പ്രാഗ്: ഇന്ത്യന്‍ പൗരന്‍ നിഖില്‍ ഗുപ്തയെ യു എസിന് കൈമാറുന്നത് ചെക്ക് റിപ്പബ്ലിക് സുപ്രിം കോടതി തടഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഖാലിസ്ഥാന്‍ വിഘടനവാദി ഗുര്‍പത്വന്ത് സിംഗ് പന്നൂനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിനാണ് നിഖില്‍ ഗുപ്ത പിടിയിലായത്. തുടര്‍ന്നാണ് ഇയാളെ യു എസിന്് കൈമാറാന്‍ കീഴ്‌ക്കോടതികള്‍ ഉത്തരവിട്ടത്. ക്രിമിനല്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഗുപ്തയെ യു എസിന് കൈമാറുന്നത് വലിയ ദോഷമുണ്ടാക്കിയേക്കുമെന്ന് പ്രാഗിലെ ഭരണഘടനാ കോടതി 2024 ജനുവരി 30-ലെ ഇടക്കാല തീരുമാനത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. 

നിഖില്‍ ഗുപ്ത സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഭരണഘടനാ കോടതി തീരുമാനിക്കുന്നത് വരെ കൈമാറുന്നതിനോ നിരസിക്കുന്നതിനോ നീതിന്യായ മന്ത്രിക്ക് നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് ഇടക്കാല തീരുമാനമെന്ന് ചെക്ക് നീതിന്യായ മന്ത്രാലയത്തിന്റെ വക്താവ് മാര്‍ക്കെറ്റ ആന്‍ഡ്രോവ പറഞ്ഞു.

യു എസ് ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയുടെ അഭ്യര്‍ഥന പ്രകാരം 2023 ജൂണ്‍ 30നാണ് പ്രാഗില്‍ വെച്ച് ഗുപ്തയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ യു എസ് പൗരന്‍ പന്നൂണിനെ കൊല്ലാന്‍ ഒരാളെ നിയമിക്കാന്‍ നിയോഗിച്ച ഗുപ്തയെ ഇന്ത്യന്‍ മയക്കുമരുന്ന്, ആയുധ കടത്തുകാരന്‍ എന്നാണ് യു എസ് വിശേഷിപ്പിച്ചത്.

തന്നെ കൈമാറണമെന്ന അമേരിക്കയുടെ അഭ്യര്‍ഥ അംഗീകരിച്ച മുന്‍സിപ്പല്‍ കോടതിയുടേയും ഹൈക്കോടതിയുടേയും തീരുമാനങ്ങളെ ഈ വര്‍ഷം ജനുവരി 19ന് ഗുപ്ത ചോദ്യം ചെയ്തു. മുനിസിപ്പല്‍ കോടതിയും ഹൈക്കോടതിയും നിയമത്തിന്റെ രാഷ്ട്രീയ സ്വഭാവം ശരിയായി വിലയിരുത്തിയില്ലെന്ന് ഗുപ്തയുടെ അഭിഭാഷകന്‍ വാദിച്ചു.

തീരുമാനങ്ങള്‍ നടപ്പാക്കുന്നത് താത്ക്കാലികമായി നിര്‍ത്തുന്നതിനര്‍ഥം പരമോന്നത കോടതി കൂടുതല്‍ ഗൗരവത്തോടെ വിഷയം മനസ്സിലാക്കാനാണെന്നാണ് ചെക്ക് ഭരണഘടനാ കോടതി തലവന്‍ പറഞ്ഞു. കേസ് തീരുമാനിക്കുന്നത് വരെ പരാതിക്കാരന്റെ മൗലികാവകാശങ്ങളെ ഇത് സംരക്ഷിക്കുന്നുവെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.