പാക് അധിനിവേശ കശ്മീരില്‍ അന്യായ നികുതിക്കെതിരെ പ്രതിഷേധം

പാക് അധിനിവേശ കശ്മീരില്‍ അന്യായ നികുതിക്കെതിരെ പ്രതിഷേധം


ഇസ്‌ലാമാബാദ്: പാക് അധിനിവേശ കശ്മീരിലെ മിര്‍പൂര്‍ ജില്ലയിലെ ദദ്യാല്‍ തഹസില്‍ അന്യായ നികുതിക്കും അറസ്റ്റിനുമെതിരെ വന്‍ പ്രതിഷേധം. പാകിസ്ഥാന്‍ ചുമത്തിയ നികുതികള്‍ക്കും വിലക്കയറ്റത്തിനും എതിരെ ശനിയാഴ്ച പ്രതിഷേധ പ്രകടനം ആസൂത്രണം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. സുരക്ഷാ സേനയുടെ നടപടിയ്‌ക്കെതിരെയാണ് പ്രതിഷേധം അരങ്ങേറിയത്. 

പ്രതിഷേധമുണ്ടായതോടെ കൂടുതല്‍ സേനയെ വിന്യസിച്ചാണ് രംഗത്തുണ്ടായിരുന്ന എഴുപതോളം ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത്. ഇതോടെ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. 

പാകിസ്ഥാന്‍ റേഞ്ചേഴ്സ്, ഫ്രോണ്ടിയര്‍ കോര്‍പ്സില്‍ നിന്ന് കൂടുതല്‍ സേനയെ വിന്യസിച്ചും ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തും മെയ് 11ന് ആസൂത്രണം ചെയ്ത പ്രതിഷേധങ്ങളെ തകര്‍ക്കാനാണ് പാകിസ്ഥാന്‍ ഭരണകൂടം ശ്രമിച്ചിരുന്നത്. ജമ്മു കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച 'ലോംഗ് മാര്‍ച്ച്' തടയാന്‍ എഴുപത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

പഞ്ചാബ് പ്രവിശ്യയിലെ ഫ്രണ്ട് കോര്‍പ്സ്, റേഞ്ചേഴ്സ്, ക്വിക്ക് റെസ്പോണ്‍സ് ഫോഴ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തെരുവുകളിലുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. 

2023 ഓഗസ്റ്റില്‍ പാകിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ ഉയര്‍ന്ന വൈദ്യുതി ചാര്‍ജിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങളുണ്ടായിരുന്നു. 

മൂന്ന് ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജിന് അംഗീകാരം നല്‍കുന്നതിനിടെ അന്താരാഷ്ട്ര നാണയ നിധി ഏര്‍പ്പെടുത്തിയ കര്‍ശന വ്യവസ്ഥകള്‍ പാക്കിസ്ഥാനെ സാരമായാണ് ബാധിച്ചത്. വൈദ്യുതി ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി.