മധ്യപൂർവദേശത്തെ സംഘർഷം ശക്തമാകുന്നതിനിടെ റഷ്യ ഇറാനിലേക്ക് ഡ്രോണുകൾ എത്തിക്കുകയാണെന്ന് റിപ്പോർട്ട്. ഈ മാസം ആരംഭിച്ച ഘട്ടംഘട്ടമായ വിതരണം മാസാവസാനത്തോടെ പൂർത്തിയാക്കുമെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഡ്രോണുകൾക്കൊപ്പം ഭക്ഷണവും മരുന്നുകളും റഷ്യ ഇറാനിലേക്ക് അയക്കുന്നുവെന്നും പാശ്ചാത്യ രഹസ്യാന്വേഷണ വിലയിരുത്തലുകൾ വ്യക്തമാക്കുന്നു. ഇറാന്റെ സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിനും ഭരണകൂടം സ്ഥിരത നേടുന്നതിനുമാണ് ഈ നീക്കമെന്നാണ് സൂചന.
ഇതിനുമുമ്പ് തന്നെ റഷ്യ ഇറാനെ രഹസ്യാന്വേഷണ വിവരങ്ങളും ഉപഗ്രഹ ചിത്രങ്ങളും നൽകി സഹായിച്ചിരുന്നുവെങ്കിലും, നിലവിലെ സംഘർഷത്തിനിടെ ആയുധങ്ങളുടെ ആദ്യ നേരിട്ടുള്ള കയറ്റുമതിയാണ് ഇത്. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
എന്നാൽ റിപ്പോർട്ടുകളോട് പ്രതികരിച്ചുകൊണ്ട് 'തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്' എന്ന് ക്രെംലിൻ വക്താവ് പ്രതികരിച്ചു. അതേസമയം ഇറാനുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടയിൽ ഇസ്രയേൽ അടുത്തിടെ കാസ്പിയൻ കടൽ മേഖലയിലെ ചില ഇറാനിയൻ കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങൾ റഷ്യ-ഇറാൻ ഇടപാടുകൾ തടയുന്നതിനായിരിക്കാമെന്ന വിലയിരുത്തലും ഉയരുന്നു.
റഷ്യ ഇറാന് ഡ്രോൺ നൽകുന്നതായി റിപ്പോർട്ട്; സംഘർഷത്തിൽ പുതിയ വഴിത്തിരിവ്
