രണ്ട് വര്‍ഷത്തെ തര്‍ക്കത്തിനൊടുവില്‍ റുവാണ്ട കുടിയേറ്റ ബില്‍ യുകെ പാര്‍ലമെന്റ് പാസാക്കി

രണ്ട് വര്‍ഷത്തെ തര്‍ക്കത്തിനൊടുവില്‍ റുവാണ്ട കുടിയേറ്റ ബില്‍ യുകെ പാര്‍ലമെന്റ് പാസാക്കി


ലണ്ടന്‍: അനധികൃതമായി ബ്രിട്ടനില്‍ അഭയം തേടിയെത്തുന്ന കുടിയേറ്റക്കാരെ 'മൂന്നാം ലോക'രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താന്‍ സര്‍ക്കാരിനെ അനുവദിക്കുന്ന വിവാദമായ റുവാണ്ട കുടിയേറ്റ ബില്‍ യു.കെ പാര്‍ലമെന്റ് തിങ്കളാഴ്ച പാസാക്കി.

ഹൗസ് ഓഫ് കോമണ്‍സും ഹൗസ് ഓഫ് ലോര്‍ഡ്സും തമ്മിലുള്ള നീണ്ട വാക്കുതര്‍ക്കങ്ങള്‍ക്കൊടുവിലാണ് ബില്‍ പാസാക്കിയത്.

റുവാണ്ട കുടിയേറ്റ ബില്ല് പാസാക്കുന്നതിന് മുമ്പ് ഹൗസ് ഓഫ് കോമണ്‍സും ഹൗസ് ഓഫ് ലോര്‍ഡ്സും നീണ്ട തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

തിരഞ്ഞെടുക്കപ്പെടാത്ത ഉപരിസഭയിലെ അംഗങ്ങള്‍ പരിശോധിച്ച ശേഷം ബില്‍ താഴത്തെ ചേംബറിലെ എംപിമാര്‍ക്ക് നിര്‍ദ്ദേശിച്ച ഭേദഗതികളോടെ ആവര്‍ത്തിച്ച് തിരിച്ചയച്ചിരുന്നു. ഒടുവില്‍, ബില്ലിന് കൂടുതല്‍ മാറ്റങ്ങളൊന്നും ആവശ്യമില്ലെന്നും ഇപ്പോള്‍ നിയമമാകാമെന്നും അവര്‍ സമ്മതിക്കുകയായിരുന്നു.

ബില്‍ പാസാക്കിയതിനെ കുറിച്ച് പ്രതികരിച്ച ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഇതിനെ ''ബോട്ടുകള്‍ നിര്‍ത്താനുള്ള നമ്മുടെ പദ്ധതിയിലെ നാഴികക്കല്ലായ നിമിഷം'' എന്നാണ് വിശേഷിപ്പിച്ചത്.

''റുവാണ്ടയുടെ സുരക്ഷാ ബില്‍ പാര്‍ലമെന്റില്‍ പാസാക്കി, ദിവസങ്ങള്‍ക്കുള്ളില്‍ ഇത് നിയമമാകും. നാടുകടത്തല്‍ തടയുന്നതിനായി തെറ്റായ മനുഷ്യാവകാശ വാദങ്ങള്‍ ഉപയോഗിച്ച് നിയമം ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് ആളുകളെ ഈ നിയമം തടയും. യൂറോപ്യന്‍ കോടതികള്‍ ഏര്‍പ്പെടുത്തിയ ഇടക്കാല തടയല്‍ നടപടികള്‍ ഒഴിവാക്കാനുള്ള അധികാരം പുതിയ നിയമം സര്‍ക്കാരിന് നല്‍കുന്നു. അതിന് യുകെ പാര്‍ലമെന്റിന് പരമാധികാരമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു വീഡിയോയില്‍, ആബ്യന്ത്ര സെക്രട്ടറി പറഞ്ഞു:

''ആദ്യത്തെ വിമാനം പോകുന്നതിന് ആവശ്യമായത് ചെയ്യാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. അതാണ് ഞങ്ങള്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ വിമാനങ്ങള്‍ നിരന്തരമായി പോകുന്നതിന് ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രത്തെ സുരക്ഷിതമായ മൂന്നാം രാജ്യമായി കാണാന്‍ ജഡ്ജിമാരെ പ്രേരിപ്പിക്കുന്ന നിയമനിര്‍മ്മാണം നടപ്പിലാക്കാനാണ് പ്രധാനമന്ത്രി ഋഷി സുനക്കും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകളും ശ്രമിക്കുന്നത്.

ബില്‍ ആദ്യമായി അവതരിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷവും നാടുകടത്തലുകളൊന്നും നടപ്പാക്കാന്‍ കഴിയാത്തത് റിഷി സുനക്കിന്റെ വലിയ പരാജയമായി കണക്കാക്കപ്പെട്ടിരുന്നു.
കോമണ്‍സിനും ലോര്‍ഡ്സിനും ഇടയിലുള്ള തര്‍ക്കങ്ങള്‍ വീണ്ടും ആരംഭിക്കുന്നതിന് മുമ്പ്, 'ഇന്ന് രാത്രി അവിടെ ഇരുന്ന് എത്ര വൈകിയാലും വോട്ട് ചെയ്യണമെന്ന്' സുനക് പാര്‍ലമെന്റംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

അടുത്ത 10-12 ആഴ്ചയ്ക്കുള്ളില്‍ റുവാണ്ടയിലേക്കുള്ള ആദ്യ വിമാനം പറത്തുന്നതിനാണ് സുനക് ആസൂത്രണം ചെയ്യുന്നത്.

റുവാണ്ടയിലേക്കുള്ള അഭയാര്‍ഥികളെ നിറച്ച ആദ്യ വിമാനം 10-12 ആഴ്ചയ്ക്കുള്ളില്‍ പുറപ്പെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സുനാക് തിങ്കളാഴ്ച പറഞ്ഞു.

ഒരു വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, പദ്ധതിയുടെ കൃത്യമായ പ്രവര്‍ത്തന വിശദാംശങ്ങള്‍ തനിക്ക് രൂപപ്പെടുത്താന്‍ കഴിയില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും സുനക് പറഞ്ഞു.

സുനക് തീരുമാനിച്ച സമയക്രമം അനുസരിച്ച്, ആദ്യ വിമാനം ജൂലൈയില്‍ പുറപ്പെടും.



എന്താണ് റുവാണ്ട മൈഗ്രേഷന്‍ ബില്‍?

ഈ ബില്‍ പ്രകാരം, ബ്രിട്ടനിലേക്ക് അഭയാര്‍ഥികളായി വരുന്നവരെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് പറഞ്ഞയക്കുകയും, അവിടെ നടക്കുന്ന അഞ്ചുവര്‍ഷത്തോളം നീണ്ട വിചാരണയിലൂടെ അഭയാര്‍ഥിത്വം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യും. ഇതാണ് ചുരുക്കത്തില്‍ റുവാണ്ട മൈഗ്രേഷന്‍ ബില്‍.

അഭയാര്‍ഥിത്വം ലഭിച്ചില്ലെങ്കില്‍ അവര്‍ക്ക് റുവാണ്ടയില്‍ തന്നെ തുടരാം. അതുമല്ലെങ്കില്‍ സുരക്ഷിതമായ മറ്റേതെങ്കിലും 'മൂന്നാം ലോക'രാജ്യത്തേക്കു മാറാം. 2022 ജനുവരി മുതല്‍ ബ്രിട്ടനില്‍ അഭയാര്‍ഥികളായി വന്നവരെയെല്ലാം ഈ നിയമപ്രകാരം റുവാണ്ടയിലേക്ക് അയക്കാന്‍ സാധിക്കും. അത് എത്രപേരാണെങ്കിലും.



ബില്ലിനെതിരെയുള്ള വിമര്‍ശനങ്ങള്‍

അഭയാര്‍ഥികളായി ബ്രിട്ടനിലേക്ക് വരുന്നവരെ 4000 മൈലുകള്‍ക്കപ്പുറമുള്ള മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നത് തന്നെ മനുഷ്യാവകാശലംഘനമാണെന്നാണ് സാമൂഹികപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അവര്‍ക്ക് താമസിക്കാന്‍ താല്‍പ്പര്യമില്ലാത്ത ഒരു സ്ഥലത്തേക്കാണ് അവരെ പറഞ്ഞയക്കുന്നത് എന്നത് ഈ പ്രശ്‌നം ഗുരുതരമാക്കുന്നതായി സാമൂഹികപ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നു. ആക്രമണങ്ങള്‍ക്കും സര്‍ക്കാര്‍ വിമര്‍ശകരുടെ കൊലപാതകങ്ങള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ് റുവാണ്ട. കസ്റ്റഡി മരണങ്ങളും ആളുകളെ കാണാതാകുന്നതുമുള്‍പ്പെടെ നിരവധി കേസുകള്‍ റുവാണ്ടയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സുപ്രീംകോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ആളുകള്‍ പറയുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ഇതിലൂടെ ലംഘിക്കപ്പെടുമെന്നും, ഇത് ആധുനിക കാലത്തെ അടിമത്തമാണ് കാണിക്കുന്നതെന്നും വിമര്‍ശനങ്ങളുണ്ട്.

എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങളെയോ, ബ്രിട്ടന്‍ ഒപ്പുവച്ച അന്താരാഷ്ട്ര കരാറുകളെയോ യാതൊരുവിധത്തിലും ഈ ബില്ല് ബാധിക്കില്ല എന്ന് പറഞ്ഞ ഹൈക്കോടതി നേരത്തെ ബില്‍ ശരിവച്ചിരുന്നു. എന്നാല്‍ അതിനെ തുടര്‍ന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ പരിഗണിച്ച മൂന്നംഗ ബെഞ്ചില്‍ രണ്ടു ജഡ്ജിമാര്‍ ബില്ലിനെതിരെ നിലപാടെടുത്തതിനെത്തുടര്‍ന്ന് ബില്‍ നിയമവിരുദ്ധമാണെന്ന് വിധി വരികയായിരുന്നു. ഒരു 'മൂന്നാം ലോക'രാജ്യത്തേക്ക് അഭയാര്‍ഥികളെ മാറ്റുന്നത് നിയമവിരുദ്ധമല്ലെങ്കിലും, റുവാണ്ട ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍തക്ക സുരക്ഷിതമായ സ്ഥലമല്ല എന്നാണ് കോടതി വിലയിരുത്തിയത്.