പാക് തുറമുഖത്തിനടുത്ത് ഉറങ്ങുകയായിരുന്ന ഏഴ് തൊഴിലാളികളെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു

പാക് തുറമുഖത്തിനടുത്ത് ഉറങ്ങുകയായിരുന്ന ഏഴ് തൊഴിലാളികളെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു


കാറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗ്വാദര്‍ തുറമുഖത്തിന് സമീപമുള്ള താമസസ്ഥലത്ത് ഉറങ്ങുകയായിരുന്ന ഏഴ് തൊഴിലാളികളെ അജ്ഞാതരായ തോക്കുധാരികള്‍ വെടിവെച്ചു കൊലപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പാക്കിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരെന്നും  സുര്‍ബന്ദറിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്നവരാണെന്നും പാക് മാധ്യമം  ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. സുര്‍ബന്ദര്‍ ഏരിയയിലെ ഫിഷ് ഹാര്‍ബറിന് സമീപമുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ പരിക്കുകളോട രക്ഷപ്പെട്ടു.

പരിക്കേറ്റ വ്യക്തിയെ ഗ്വാദര്‍ ആശുപത്രിയിലേക്കും മരിച്ച ഏഴ് ബാര്‍ബര്‍മാരുടെ മൃതദേഹങ്ങള്‍ അനന്തര നടപടികള്‍ക്കായും മാറ്റിയതായി ഗ്വാദര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) മൊഹ്സിന്‍ അലി ജിയോ ന്യൂസിനോട് പറഞ്ഞു.

ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി മിര്‍ സര്‍ഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിക്കുകയും അതിനെ തുറന്ന ഭീകരത എന്ന് വിളിക്കുകയും ചെയ്തു. കുറ്റവാളികളെ വെറുതെ വിടില്ലെന്നും വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിരപരാധികളായ തൊഴിലാളികളെ കൊലപ്പെടുത്തിയത് ഭീരുത്വമാണ് എന്ന് ബലൂചിസ്ഥാന്‍ ആഭ്യന്തര മന്ത്രി മിര്‍ സിയ ഉല്ല ലാംഗൗ പറഞ്ഞു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആക്രമണം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ബലൂചിസ്ഥാന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഇരകളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടതായും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും വക്താവ് കൂട്ടിച്ചേര്‍ത്തു.