മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി


സഹീറാബാദ് (തെലങ്കാന):  വീണ്ടും മുസ്ലിങ്ങള്‍ക്കെതിരെ വിവേചനപരമായ പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി, മറ്റ് അവശ വിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള സംവരണം മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''കോണ്‍ഗ്രസ് അവരുടെ വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അവഹേളിക്കാനാണ്  ആഗ്രഹിക്കുന്നത് പക്ഷേ പറയാന്‍ ആഗ്രഹിക്കുന്നത്, എസ്സികള്‍ക്കും എസ്ടികള്‍ക്കും ഒബിസികള്‍ക്കുമുള്ള സംവരണം മതത്തിന്റെ പേരില്‍ മുസ്ലിംകള്‍ക്ക് നല്‍കുന്നത് ഞാന്‍ ജീവിച്ചിരിക്കുന്നതു വരെ  അനുവദിക്കില്ല'. ചൊവ്വാഴ്ച തെലങ്കാനയിലെ സഹീറാബാദില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നുണ്ടെന്നും നിരാലംബരായ ജാതിക്കാര്‍ക്കുള്ള സംവരണം കുറയ്ക്കുന്നുവെന്നും പ്രധാനമന്ത്രി മോദി നേരത്തെയും ആരോപിച്ചിരുന്നു . മുസ്ലീം സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ലോകം പുരോഗമിക്കുന്ന ഒരു കാലമുണ്ടായിരുന്നു, പക്ഷേ ഇന്ത്യയെ കോണ്‍ഗ്രസിന്റെ അഴിമതിയുടെ ചങ്ങലയില്‍ കുടുക്കി. ലോകം സാമ്പത്തിക പുരോഗതി കൈവരിക്കുകയായിരുന്നു, പക്ഷേ ഇന്ത്യ നയപരമായ തളര്‍ച്ചയുടെ ഇരയായിരുന്നു. ആ ഘട്ടത്തില്‍ നിന്ന് ഇന്ത്യയെ എന്‍ഡിഎ മികച്ച രീതിയില്‍ പുറത്തെടുത്തു. പക്ഷേ കോണ്‍ഗ്രസ് വീണ്ടും രാജ്യത്തെ പഴയ മോശം നാളുകളിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു. ''സഹീറാബാദ് റാലിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ മുഴുകുകയാണെന്നും മറ്റ് വിശ്വാസങ്ങളെ പാര്‍ട്ടി ശ്രദ്ധിക്കുന്നില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.

വോട്ട് ബാങ്ക് ഇളകാതിരിക്കാനാണ് ഹൈദരാബാദില്‍ രാമനവമി ഘോഷയാത്ര പോലും നിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 55 ശതമാനം അനന്തരാവകാശ നികുതി ചുമത്തുമെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

'കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍, അവര്‍ അനന്തരാവകാശ നികുതി കൊണ്ടുവരും. അനന്തരാവകാശത്തിന് (മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്നത്) പകുതി-55 ശതമാനത്തിലധികം നികുതി പിരിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.' അദ്ദേഹം പറഞ്ഞു.