നയതന്ത്ര സംഘര്‍ഷത്തിനിടയില്‍ കാനഡയിലെ ചൈനീസ് അംബാസഡര്‍ രാജ്യത്തേക്ക് മടങ്ങി

നയതന്ത്ര സംഘര്‍ഷത്തിനിടയില്‍ കാനഡയിലെ ചൈനീസ് അംബാസഡര്‍ രാജ്യത്തേക്ക് മടങ്ങി


ഒട്ടാവ: വര്‍ഷങ്ങളായി തകരാറിലായിരുന്ന ചൈനയും കാനഡയും തമ്മിലുളള നയതന്ത്രബന്ധം പരിഹരിക്കപ്പെടാതെ രൂക്ഷമാകുന്നതിനിടയില്‍ കാനഡയിലെ ചൈനയുടെ അംബാസഡര്‍ സ്ഥാനമൊഴിഞ്ഞ് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോയി.

ഏകദേശം അഞ്ച് വര്‍ഷത്തോളം ചൈനീസ് നയതന്ത്രകാര്യാലയത്തിന്റെ ചുമതലവഹിച്ചതിനുശേഷമാണ് അംബാസഡര്‍ കോങ് പീവു തന്റെ സ്ഥാനം ഉപേക്ഷിച്ചത്.   ഈ അഞ്ചുവര്‍ഷത്തിനിടയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചത്.

കോങ് പീവു ചൈനയിലേക്ക് മടങ്ങിയെന്ന് ഇക്കാര്യം പരസ്യമായി ചര്‍ച്ച ചെയ്യാന്‍ അധികാരമില്ലാത്ത ഗ്ലോബല്‍ അഫയേഴ്സ് കാനഡയുടെ പ്രതിനിധിയെ ഉദ്ധരിച്ച് കനേഡിയന്‍ മാധ്യമം ഗ്ലോബ് ആന്‍ഡ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. അംബാസഡര്‍ സ്ഥാനമൊഴിഞ്ഞത് സംബന്ധിച്ച് ഒട്ടാവയിലെ ചൈനയുടെ എംബസി പ്രതികരിക്കാന്‍ വിസമ്മതിച്ചു.

കനേഡിയന്‍ തെരഞ്ഞെടുപ്പുകളില്‍ ചൈന ഇടപെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കകള്‍ കാരണം കാനഡയും ചൈനയും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വഷളായിരിക്കുകയാണ്. പ്രധാനമായുംവിദേശ രാജ്യങ്ങളുടെ തിരഞ്ഞെടുപ്പുകളില്‍  ചൈന ഏതെല്ലാം തരത്തില്‍ ഇടപെടലുകള്‍ നടത്തുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പൊതു അന്വേഷണത്തിലാണ് കാനഡ. എന്നാല്‍ കാനഡയിലെ 2019 അല്ലെങ്കില്‍ 2021 തിരഞ്ഞെടുപ്പുകളുടെ ഫലത്തെ സ്വാധീനിക്കുന്നതില്‍ ചൈന വിജയിച്ചുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ആഴ്ച സാക്ഷ്യപ്പെടുത്തിയിരുന്നു.

എന്നിരുന്നാലും, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളും ചൈനയും കാനഡയും തമ്മിലുള്ള കാര്യമായ ഭിന്നതകളുടെ സമയത്താണ് നടന്നതെന്ന് ട്രൂഡോ അഭിപ്രായപ്പെട്ടു. ഹുവായ് ടെക്നോളജീസ് കമ്പനിയുടെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍ഷൂവിനെ യുഎസിന് കൈമാറാനുള്ള അഭ്യര്‍ത്ഥന പ്രകാരം കാനഡ അറസ്റ്റ് ചെയ്തതിന് പ്രത്യക്ഷമായ പ്രതികാരമായി രണ്ട് കനേഡിയന്‍മാരായ മൈക്കല്‍ സ്പവോര്‍, മൈക്കല്‍ കോവ്റിഗ് എന്നിവരെ ചൈന മൂന്ന് വര്‍ഷത്തോളം തടവിലാക്കിയിരുന്നു.


2021 സെപ്റ്റംബറില്‍ മെംഗ് യുഎസ് അധികാരികളുമായി കുറ്റവാളികളുടെ കൈമാറ്റ കരാര്‍ ഉണ്ടാക്കി ചൈനയിലേക്ക് മടങ്ങിയതിനെത്തുടര്‍ന്ന് മൈക്കല്‍ സ്പവോറിനെയും, മൈക്കല്‍ കോവ്റിഗിനെയും ചൈന വിട്ടയച്ചു.

കാനഡയിലെ ഏറ്റവും മുതിര്‍ന്ന നയതന്ത്രജ്ഞരില്‍ ഒരാളായ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ ചൈന സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് അംബാസഡര്‍ കോങ് പീവു സ്ഥാനമൊഴിഞ്ഞത്. വിദേശകാര്യ മന്ത്രി മെലാനി ജോളി 2021 അവസാനത്തില്‍ നിയമിതയായതിനുശേഷം ചൈനയിലേക്ക് യാത്ര ചെയ്തിട്ടില്ല, എന്നാല്‍ സമാന ചിന്താഗതിക്കാരല്ലാത്ത രാജ്യങ്ങളുമായി ഇടപഴകിക്കൊണ്ട് കാനഡ ''പ്രായോഗിക നയതന്ത്രം'' പിന്തുടരുന്നതായി അവര്‍ സൂചന നല്‍കി.

കഴിഞ്ഞ വര്‍ഷം, കനേഡിയന്‍ കണ്‍സര്‍വേറ്റീവ് നിയമനിര്‍മ്മാതാവിനെയും ഹോങ്കോങ്ങിലെ അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യം വച്ചതിന് കുറ്റാരോപിതനായ ഒരു ചൈനീസ് നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി കനേഡിയന്‍ പ്രതിനിധിയെ പുറത്താക്കാന്‍ ചൈനയും തയ്യാറായി. കാനഡയുമായുള്ള ബന്ധം 'തിരിച്ചുവരാന്‍' ചൈന ആഗ്രഹിക്കുന്നുവെന്ന് അക്കാലത്ത് കോംഗ് ബ്ലൂംബെര്‍ഗ് ന്യൂസിനോട് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

എന്നാല്‍ തെറ്റുകള്‍ തിരുത്തുമെന്നും കൂടുതല്‍ പ്രകോപനത്തിലോ ഏറ്റുമുട്ടലിലോ ഏര്‍പ്പെടില്ലെന്നും ഉറപ്പാക്കേണ്ടത് കാനഡയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതാണെന്നും കോങ് പറഞ്ഞു.

ട്രൂഡോ വിദേശ നിക്ഷേപം തടയുന്നുണ്ടെങ്കിലും കാനഡയുടെ ആഭ്യന്തര നിര്‍ണായക ധാതു മേഖലയില്‍ തന്റെ രാജ്യം ബിസിനസ്സ് തുടരുമെന്നും കോങ് അടുത്തിടെ ബ്ലൂംബെര്‍ഗിനോട് പറഞ്ഞിരുന്നു.