ഒന്റാറിയോ സ്‌കൂളുകളില്‍ സെല്‍ഫോണ്‍ ഉപയോഗ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

ഒന്റാറിയോ സ്‌കൂളുകളില്‍ സെല്‍ഫോണ്‍ ഉപയോഗ നിയമങ്ങള്‍ കര്‍ശനമാക്കുന്നു


ഒന്റാരിയോ: സ്‌കൂളുകളില്‍ സെല്‍ഫോണ്‍ ഉപയോഗവും ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗവും തടയുന്നതിന് ഒന്റാറിയോ സര്‍ക്കാര്‍ പുതിയ നടപടികള്‍ അവതരിപ്പിക്കുന്നു. പ്രവിശ്യയിലെ ക്ലാസ് മുറികളില്‍ ഇലക്ട്രോണിക് സിഗരറ്റിന്റേയും  സെല്‍ഫോണ്‍ ഉപഭോഗത്തിന്റെയും അപകടകരമായ വര്‍ധനവിനെ തുടര്‍ന്നാണ് തീരുമാനം.

മൊബൈല്‍ ഉപകരണങ്ങള്‍, സോഷ്യല്‍ മീഡിയ, ക്ലാസ് മുറികളിലെ ഇലക്ട്രോണിക് സിഗരറ്റ് എന്നിവയുടെ നെഗറ്റീവ് ആഘാതത്തെ തങ്ങള്‍ അഭിസംബോധന ചെയ്യുകയാണെന്ന് ഞായറാഴ്ച ഒരു പ്രഖ്യാപനത്തില്‍ വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്‌സി പറഞ്ഞു.

തങ്ങള്‍ സംസാരിച്ച രക്ഷിതാക്കളും അധ്യാപകരുമെല്ലാം ക്ലാസിലെ സെല്‍ഫോണ്‍ പ്രശ്‌നം വര്‍ധിച്ചുവരികയാണെന്ന പ്രശ്നം പങ്കുവെച്ചിട്ടുണ്ടെന്നും യുവാക്കള്‍ക്കിടയില്‍ ഇലക്ട്രോണിക് സിഗരറ്റും വലിയ തോതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും  ഞായറാഴ്ച നോര്‍ത്ത് യോര്‍ക്കില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലെക്സി പറഞ്ഞു.

2024-2025 അധ്യയന വര്‍ഷം മുതല്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് 6 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഫോണുകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടാവില്ല. സ്‌കൂള്‍ സമയം മുഴുവനും ഫോണുകള്‍ നിശ്ശബ്ദതയിലും കാണാതെയും സൂക്ഷിക്കണമെന്നും പ്രവിശ്യ അറിയിച്ചു.

ഏഴു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് സമയത്ത് അവരുടെ സെല്‍ഫോണ്‍ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ സമ്മതിക്കില്ല. 

എല്ലാ സ്‌കൂള്‍ നെറ്റ്വര്‍ക്കുകളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ നീക്കം ചെയ്യുമെന്ന് പ്രസ്താവനയില്‍ പറയുന്നു. കനേഡിയന്‍ പ്രവിശ്യകളില്‍ ഇത്തരത്തിലുള്ള ആദ്യ നീക്കമാണിതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഈ മാറ്റങ്ങളുടെ ഭാഗമായി  അധ്യാപകര്‍ നിര്‍ബന്ധിത പരിശീലനത്തിന് വിധേയരാകണം. റിപ്പോര്‍ട്ട് കാര്‍ഡുകളില്‍ ക്ലാസിലെ വിദ്യാര്‍ഥികളുടെ ശ്രദ്ധാശൈഥില്യത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഉള്‍പ്പെടുത്തും.

ക്ലാസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്‌കൂളുകളില്‍ സുരക്ഷ മെച്ചപ്പെടുത്താനും വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് ആവശ്യമായ നടപടികളായാണ്  ലെക്സെ ഇവയെ വിശദീകരിച്ചത്. 

വിദ്യാര്‍ഥികള്‍ കൈവശം വെക്കുന്ന ഏതെങ്കിലും ഇലക്ട്രോണിക് സിഗരറ്റുകളോ മറ്റു സിഗരറ്റുകളോ കൈമാറണം. ഇല്ലെങ്കില്‍ പുതിയ നടപടികളുടെ ഭാഗമായി സ്‌കൂള്‍ ജീവനക്കാര്‍ അത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കളെ അറിയിക്കുമെന്നും പ്രവിശ്യ പറഞ്ഞു.

സ്‌കൂളുകളില്‍ ഇലക്ട്രിക് സിഗരറ്റ് ഡിറ്റക്ടറുകളും മറ്റ് സുരക്ഷാ നവീകരണങ്ങളും സ്ഥാപിക്കുന്നതിന് 2024ലെ ബജറ്റില്‍ 30 മില്യണ്‍ ഡോളര്‍ നീക്കിവച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

ഒന്റാറിയോയിലെ നാല് പ്രമുഖ സ്‌കൂള്‍ ബോര്‍ഡുകള്‍ തങ്ങളുടെ ഉത്പന്നങ്ങളുടെ പേരില്‍ ചില വലിയ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ കേസെടുത്തതിന് ശേഷമാണ് പ്രഖ്യാപനം.

ടൊറന്റോ, പീല്‍, ഒട്ടാവ- കാര്‍ലെറ്റണ്‍ എന്നിവിടങ്ങളിലെ പബ്ലിക് ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡുകളും ടൊറന്റോയുടെ കാത്തലിക് എതിരാളികളും ചേര്‍ന്ന് മെറ്റ പ്ലാറ്റ്‌ഫോം, സ്‌നാപ്, ബൈറ്റ് ഡാസ് ലിമിറ്റഡ് എന്നിവയില്‍ നിന്ന് മൊത്തം നാലര ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നത്.