20 മിനുട്ട് ടാക്‌സിയില്‍ യാത്ര ചെയ്ത ഒന്റാരിയോക്കാരിക്ക് പോയിക്കിട്ടിയത് ഏഴായിരം ഡോളര്‍

20 മിനുട്ട് ടാക്‌സിയില്‍ യാത്ര ചെയ്ത ഒന്റാരിയോക്കാരിക്ക് പോയിക്കിട്ടിയത് ഏഴായിരം ഡോളര്‍


ഒന്റാരിയോ: അന്റാര്‍ട്ടിക്കയിലേക്കുള്ള ഒരു യാത്രയുടെ തുടക്കത്തില്‍ ചിലിയില്‍ അനധികൃത ടാക്‌സി അറിയാതെ ഉപയോഗിച്ച ഒന്റാരിയോക്കാരി വനിതയ്ക്ക് നഷ്ടമായത് ഏഴായിരം ഡോളര്‍. 

ചിലിയിലെ സാന്റിയാഗോയിലായിരുന്നു തങ്ങളുടെ ആദ്യ സ്‌റ്റോപ്പെന്നും നിര്‍ഭാഗ്യവശാല്‍ അവിടെയാണ് തങ്ങള്‍ തട്ടിപ്പിനിരയായതെന്നും ഒന്റിലെ മിഡ്ലാന്‍ഡിലെ പാറ്റ് ഷാക്ക്ലാഡി സിടിവി ന്യൂസ് ടൊറന്റോയോട് പറഞ്ഞു.

താനും സുഹൃത്തും ജനുവരിയില്‍ സാന്റിയാഗോ എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്‌സി മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നതായി ഷാക്ക്ലഡി സിടിവി ന്യൂസ് ടൊറന്റോയോട് പറഞ്ഞു. എന്നാല്‍ തങ്ങളുടെ ഡ്രൈവര്‍ അപകടത്തില്‍ പെട്ടുവെന്നും മറ്റൊരു കമ്പനിയിലേക്ക് റീഡയറക്ട് ചെയ്തെന്നും എത്തിയപ്പോള്‍ തങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി അവര്‍ പറഞ്ഞു.

പണം നല്‍കാന്‍ തുനിഞ്ഞപ്പോള്‍ പണമായി സ്വീകരിക്കില്ലെന്നു പറഞ്ഞതോടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കേണ്ടി വന്നതായും അവര്‍ പറയുന്നു. 

45,000 ചിലിയന്‍ പെസോയുടെ രസീത് കിട്ടുകയും  ഏകദേശം 62 ഡോളര്‍ അടച്ച് യാത്ര തുടരുകയും ചെയ്തു. എന്നാല്‍ ഷാക്ക്ലാഡി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റില്‍ 6,943 ഡോളര്‍ ഈടാക്കിയെന്നാണ് കാണിച്ചിരുന്നത്. തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഹൃദയം സ്തംഭിച്ചു പോയെന്നും അവര്‍ പറയുന്നു. 

ബാങ്ക് ഓഫ് മോണ്‍ട്രിയലുമായി ഷാക്ക്‌ലഡി ബന്ധപ്പെട്ടപ്പോള്‍ ആദ്യം ക്ലെയിം നിരസിക്കുകയും പണം തിരികെ നല്‍കാനാവില്ലെന്ന് ബാങ്ക് പറയുകയും ചെയ്തു. 

കേവലം 200 ഡോളറായിരുന്നുവെങ്കില്‍ സാരമില്ലെന്ന് വെക്കാമായിരുന്നുവെന്നും എന്നാല്‍ ഏഴായിരം ഡോളര്‍ താങ്ങാവുന്നതല്ലെന്നും അവര്‍ പറഞ്ഞു. 

ചിലിയിലേക്കുള്ള യാത്രക്കാര്‍ക്ക് ടാക്‌സി തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കാനഡ ഗവണ്‍മെന്റ്് നിലവില്‍ ഒരു യാത്രാ ഉപദേശം നല്‍കുന്നുണ്ട്. എയര്‍പോര്‍ട്ടുകള്‍ക്ക് സമീപം യാത്രക്കാര്‍ വഞ്ചിക്കപ്പെടുന്നവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും നിയുക്ത സ്ഥലങ്ങളില്‍ മാത്രം ടാക്‌സികള്‍ ഉപയോഗിക്കാനും പണം നല്‍കുന്നതിന് മുമ്പ് കാര്‍ഡ് റീഡറില്‍ തുക പരിശോധിക്കാനും ഉപദേശിക്കുന്നു. മീറ്ററില്ലാത്ത ടാക്‌സികള്‍ ഒഴിവാക്കാനും നിര്‍ദേശിക്കുന്നു.

സിടിവി ന്യൂസ് ബാങ്ക് ഓഫ് മോണ്‍ട്രിയലിനെ സമീപിച്ചപ്പോള്‍ ഷാക്ക്ലഡിയുടെ കേസ് തങ്ങള്‍ അവലോകനം ചെയ്യുകയാണെന്നും അവരുടെ കാര്‍ഡിലേക്ക് 6,943 ഡോളര്‍ തിരികെ നല്‍കുമെന്നും വക്താവ് പറഞ്ഞു. 

ഇതറിഞ്ഞപ്പോള്‍ തനിക്കേറെ സന്തോഷം തോന്നിയെന്നും വലിയ ആശ്വാസമായെന്നും ഷാക്ക്‌ലഡി പറയുന്നു. 

ഉപഭോക്താക്കളും കാര്‍ഡ് ഹോള്‍ഡര്‍മാരും ശ്രദ്ധാലുക്കളായിരിക്കണമെന്നും പ്രത്യേകിച്ച് യാത്രയില്‍ എല്ലാ ചാര്‍ജുകളും സ്ഥിരീകരിക്കാനും സാധൂകരിക്കാനും ഉറപ്പാക്കാനും കഴിയണമെന്നും പരിശോധനകള്‍ നടത്തണമെന്നും ബാങ്ക് ആവശ്യപ്പെട്ടു.