ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിങ് സ്റ്റാര്‍ നല്‍കി ആദരിച്ചു

ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിങ് സ്റ്റാര്‍ നല്‍കി ആദരിച്ചു


പോള്‍ ഡി പനക്കല്‍

ബ്രൂക്ലിന്‍: ന്യൂ ഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ രൂപത ഷൈനിങ് സ്റ്റാര്‍ പദവി നല്‍കി ആദരിച്ചു. ഇന്ത്യന്‍ ലത്തീന്‍ കമ്മ്യൂണിറ്റിക്കു ചെയ്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പദവി ലഭിച്ചത്. ബ്രൂക്ലിനിലെ ഗാര്‍ഗിയുലോ റെസ്റ്റാറ്റാന്റില്‍ എണ്ണൂറിലധികം പേര്‍ പങ്കെടുത്ത ഷൈനിങ് സ്റ്റാര്‍ ഡിന്നര്‍  ആഘോഷചടങ്ങില്‍ ബിഷപ് റോബര്‍ട്ട് ബ്രണ്ണന്‍ ജോണിക്ക് അവാര്‍ഡ് സമ്മാനിച്ചു.  

1973-ല്‍ പൊങ്കുന്നത്തുനിന്ന് അമേരിക്കയില്‍ പിതാവ് വള്ളിയില്‍ ജോസഫ് കുര്യനോടും സഹോദരി ആശയോടുമൊപ്പം നാലാം വയസ്സില്‍ ആയിരുന്നു ജോണി അമേരിക്കയില്‍ എത്തിയത്. അമ്മ കിടാങ്ങറക്കാരി ത്രേസിയാമ്മ കുര്യന്‍ തലേ വര്‍ഷം അമേരിക്കയില്‍ എത്തിയിരുന്നു. ചങ്ങനാശ്ശേരി  അതിരൂപതക്കാരായ അവര്‍ പ്രദേശത്തെ ആദ്യകാല മലയാളികള്‍ ആയിരുന്നു. സമൂഹത്തിലേക്കു സ്വാഗതം നല്‍കിയ ഫ്‌ളോറല്‍ പാര്‍ക്ക് ഔര്‍ ലേഡി ഓഫ് ദി സ്നോസ് പള്ളിയിലെ ആദ്യത്തെ മലയാളി സജീവാംഗവും പ്രവര്‍ത്തകനുമായി മാറിയ  ജോസഫ് കുരിയന്റെ സഹചാരിയായി ജോണി ബാല്യം മുതല്‍ ഔര്‍ ലേഡി ഓഫ് ദി സ്നോസ് പള്ളിയിലും സ്‌കൂളിലും സജീവമായിരുന്നു. 

അമേരിക്കയില്‍ സീറോ മലബാര്‍ മലങ്കര സഭകളുടെ സ്ഥാപനങ്ങള്‍ക്കു മുന്‍പ് ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്സി, കണ്ണെക്റ്റിക്കട്ട് പ്രദേശത്തെ കത്തോലിക്കരുടെ ഒരു സാമൂഹ്യസങ്കേതമായിരുന്ന ഇന്ത്യ കാത്തലിക് അസോസിയേഷന്റെ സെക്രട്ടറിയും വൈസ് പ്രസിഡന്റും പ്രസിഡന്റുമായിരുന്ന ജോസഫ് കുര്യന്റെ പ്രവര്‍ത്തന മാര്‍ഗ്ഗദര്‍ശനവും സാമൂഹ്യലക്ഷ്യവും കൈമുതലായെടുത്ത ജോണി ഔര്‍ ലേഡി ഓഫ് ദി സ്നോസ് ഇടവകയും അവിടെ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ലത്തീന്‍ കത്തോലിക്കാ കൂട്ടായ്മയിലും സജീവമായ പ്രവര്‍ത്തനസംഭാവനയായിരുന്നു ചെയ്തത്.

മലയാളി ലത്തീന്‍ കത്തോലിക്കാ കമ്മ്യൂണിയിലെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തകനും തുടര്‍ന്ന് അതിന്റെ സെക്രട്ടറിയുമായി ജോണി സേവനം ചെയ്തു. പിറ്റേ വര്‍ഷം സ്ഥാനം മാറിയ ശേഷവും നിസ്വാര്‍ഥമായി കമ്മ്യൂണിറ്റിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജോണി ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ഉപാധിയില്ലാത്ത സ്‌നേഹവും വിലമതിപ്പും നേടിയിരുന്നു. തങ്ങള്‍ക്കും തന്റെ കുടുംബത്തിനും ഔര്‍ ലേഡി ഓഫ് ദി സ്നോസ് ഇടവക നല്‍കിയ സ്വാഗതവും അതൊരുക്കിയ ആത്മീയവും സാമൂഹികവുമായ വളര്‍ച്ചയും അളവില്ലാത്തതാണ്.  അതിനുള്ള തിരിച്ചുനല്‍കലാണ് തന്റെ പിതാവ് ചെയ്തിരുന്നത്, അതാണ് താനും ചെയ്യുന്നത്.  വ്യക്തിപരമായ ഈ സേവനം സ്വയം വളര്‍ച്ചയ്ക്കും സമുദായത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിനും അത്യാവശ്യമാണ്-  ജോണി പറഞ്ഞു.   

സീറോ മലബാര്‍ പൈതൃകവും പാരമ്പര്യവും മതിപ്പോടെ സ്‌നേഹിക്കുന്ന ജോണി- ലീല കുടുംബം ലോങ്ങ് ഐലന്‍ഡിലെ സെന്റ്. മേരിസ് സീറോ മലബാര്‍ കാത്തലിക് ഇടവകയില്‍ അംഗത്വവും പങ്കാളിത്തവും ബന്ധവും സജീവമായി സൂക്ഷിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. 

ലത്തീന്‍ കത്തോലിക്കാ കമ്മ്യൂണിറ്റിയില്‍  പ്രവര്‍ത്തിക്കുമ്പോളും ജോണി ഔര്‍ ലേഡി ഓഫ് ദി സ്നോസ് സ്‌കൂള്‍ കൗണ്‍സിലിലും പള്ളിയുടെ 75-ാം വാര്‍ഷികക്കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിരുന്നു. എല്ലാ വര്‍ഷവും ഏകദേശം എണ്ണൂറോളം മലയാളികളെ ആകര്‍ഷിക്കുന്ന സെയിന്റ് അല്‍ഫോന്‍സാ ആഘോഷക്കമ്മിറ്റിയിലും ജോണി നേതൃസ്വഭാവത്തോടെ പ്രവര്‍ത്തിച്ചുവരുന്നു.  ആരോടും എളിമയോടും വിനീതമായും പുഞ്ചിരിയോടും മാത്രം സമീപിക്കുന്ന ജോണി തന്നാല്‍ കഴിയുന്ന സഹായം ആര്‍ക്കും ചെയ്യാനുള്ള മനോഭാവക്കാരനാണ്.  

ഒരു കമ്പ്യൂട്ടര്‍ അനലിസ്റ്റ് ആയ ജോണി കുരിയന്‍ നോര്‍ത്ത് വെല്‍ ഹെല്‍ത് സിസ്റ്റത്തില്‍ നഴ്‌സ് പ്രാക്റ്റിഷണര്‍ ലീലയോടൊപ്പം ന്യൂ ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്നു. മക്കള്‍ ജേസണ്‍ കുര്യന്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയറും ആന്‍ഡ്രു കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമാണ്.