ആഗോള വളർച്ചയിൽ ഇന്ത്യ മുന്നിൽ; 'ശക്തിസന്തുലനം മാറുന്നു' - എലോൺ മസ്‌ക്

ആഗോള വളർച്ചയിൽ ഇന്ത്യ മുന്നിൽ; 'ശക്തിസന്തുലനം മാറുന്നു' - എലോൺ മസ്‌ക്


ന്യൂഡൽഹി: ആഗോള സാമ്പത്തിക വളർച്ചയിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ മുന്നിലെത്തിയതായി അന്താരാഷ്ട്ര നാണയനിധിയുടെ (IMF) പുതിയ കണക്കുകൾ. ഇതിനെ തുടർന്ന് 'ലോകത്തിലെ ശക്തിസന്തുലനം മാറുകയാണ്' എന്ന് ടെസ്‌ല സിഇഒ എലോൺ മസ്‌ക് അഭിപ്രായപ്പെട്ടു.

2026ലെ ആഗോള യഥാർഥ ജിഡിപി വളർച്ചയിൽ ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്ന രാജ്യങ്ങളുടെ പട്ടിക മസ്‌ക് എക്‌സിൽ പങ്കുവച്ചു. ഐഎംഎഫിന്റെ ജനുവരി 2026 പ്രവചനത്തെ അടിസ്ഥാനമാക്കിയുള്ള ചാർട്ടിൽ ഇന്ത്യ 17 ശതമാനം സംഭാവനയോടെ രണ്ടാം സ്ഥാനത്താണ്. ചൈനയും ഇന്ത്യയുംചേർന്ന് ആഗോള വളർച്ചയുടെ 43.6 ശതമാനം കൈവരിക്കും എന്നാണ് വിലയിരുത്തൽ. അതേസമയം അമേരിക്കയുടെ പങ്ക് 9.9 ശതമാനമായി ചുരുങ്ങുമെന്നാണ് കണക്കുകൂട്ടൽ.

ആഗോള സമ്പദ്‌വ്യവസ്ഥയിൽ കിഴക്കോട്ട് ശക്തികേന്ദ്രം മാറുന്നതിന്റെ സൂചനയാണിതെന്ന് നിരീക്ഷകർ പറയുന്നു. ചൈനയും ഇന്ത്യയും ലക്ഷ്യമാക്കി യുഎസ് പ്രസിഡന്റ്  ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച കടുത്ത തീരുവ നടപടികൾ ഉൾപ്പെടെയുള്ള വ്യാപാര സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.

ഐഎംഎഫിന്റെ വിലയിരുത്തൽ പ്രകാരം 2026ൽ ആഗോള വളർച്ച 3.3 ശതമാനവും 2027ൽ 3.2 ശതമാനവും ആയിരിക്കും. സാങ്കേതിക നിക്ഷേപങ്ങൾ, ധന–നാണയ പിന്തുണ, സ്വകാര്യമേഖലയിലെ കരുത്ത് തുടങ്ങിയ ഘടകങ്ങളാണ് വളർച്ചയ്ക്ക് കരുത്താകുന്നത്.

ഇന്ത്യയുടെ വളർച്ചാ നിരക്ക് 2025ൽ 7.3 ശതമാനമായി ഉയർത്തിയിട്ടുണ്ട് - മുൻ കണക്കിനെക്കാൾ 0.7 ശതമാനപോയിന്റ് കൂടുതലാണ് ഇത്. 2026, 2027 വർഷങ്ങളിൽ വളർച്ച 6.4 ശതമാനമായിനേരിയതോതിൽ കുറയുമെങ്കിലും ശക്തമായ മുന്നേറ്റം തുടരുമെന്നാണ് വിലയിരുത്തൽ.

ഭക്ഷ്യവില കുറഞ്ഞതിനെ തുടർന്ന് ഇന്ത്യയിലെ പണപ്പെരുപ്പം വീണ്ടും ലക്ഷ്യനിരക്കിനോട് അടുക്കുമെന്നും റിപ്പോർട്ട് പറയുന്നു.