ലണ്ടൻ: ലോർഡ് പീറ്റർ മാൻഡൽസൺ ലേബർ പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവച്ചു. ജെഫ്രി എപ്സ്റ്റീനുമായുള്ള പഴയ ബന്ധങ്ങൾ വീണ്ടും വിവാദമായതിനെ തുടർന്നാണ് തീരുമാനം. പാർട്ടിക്ക് കൂടുതൽ നാണക്കേട് ഉണ്ടാകാതിരിക്കാനാണ് രാജിയെന്ന് മാൻഡൽസൺ പറഞ്ഞു.
അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട പുതിയ രേഖകളിൽ, 2003-04 കാലയളവിൽ എപ്സ്റ്റീൻ മാൻഡൽസണുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് 75,000 ഡോളർ നൽകിയതായി സൂചനയുണ്ട്. എന്നാൽ ഇത്തരമൊരു പണമിടപാട് നടന്നതായി തനിക്ക് ഓർമയില്ലെന്നും ആരോപണങ്ങൾ തെറ്റാണെന്നും മാൻഡൽസൺ വ്യക്തമാക്കി. വിഷയത്തിൽ വ്യക്തിപരമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലേബർ പാർട്ടിയുടെ ജനറൽ സെക്രട്ടറിക്കയച്ച കത്തിൽ, എപ്സ്റ്റീൻ വിവാദം പാർട്ടിയെ ബാധിക്കരുതെന്ന നിലപാടാണ് രാജിക്കു പിന്നിലെന്ന് മാൻഡൽസൺ വ്യക്തമാക്കി. എപ്സ്റ്റീനാൽ പീഡിക്കപ്പെട്ട സ്ത്രീകളോടും പെൺകുട്ടികളോടും അദ്ദേഹം വീണ്ടും ഖേദം പ്രകടിപ്പിച്ചു.
മുൻപ് എപ്സ്റ്റീനുമായി ബന്ധം തുടർന്നത് വലിയ പിഴവായിരുന്നുവെന്ന് മാൻഡൽസൺ സമ്മതിച്ചിട്ടുണ്ട്. എപ്സ്റ്റീൻ 2008ൽ ലൈംഗിക കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ശേഷവും ബന്ധം നിലനിർത്തിയതിൽ അദ്ദേഹം ഖേദം അറിയിച്ചു.
ഇതിനിടെ, ലേബർ പാർട്ടി നടപടി വൈകിപ്പിച്ചതായി കൺസർവേറ്റീവ് പാർട്ടി വിമർശിച്ചു. പ്രധാനമന്ത്രി കിയർ സ്റ്റാർമർ മാൻഡൽസണിനെ പുറത്താക്കേണ്ടിയിരുന്നുവെന്നും അവർ പറഞ്ഞു. ലേബർ എംപി ഗോർഡൻ മക്കീ രാജി ശരിയായ നടപടിയാണെന്ന് അഭിപ്രായപ്പെട്ടു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ പേര് പ്രത്യക്ഷപ്പെടുന്നതു കൊണ്ടുമാത്രം കുറ്റം തെളിയിക്കപ്പെടുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. എങ്കിലും വിഷയത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
എപ്സ്റ്റീൻ ബന്ധം: ലോർഡ് മാൻഡൽസൺ ലേബർ പാർട്ടി അംഗത്വം രാജിവച്ചു
