ഡമാസ്‌കസ്: സിറിയയിലെ ഇടക്കാല സർക്കാരിലെ ഏക വനിതാ മന്ത്രിയായ ഹിന്ദ് കബാവത്ത് മാറ്റത്തിനായി ശക്തമായി മുന്നോട്ടു വരികയാണ്. സാമൂഹ്യകാര്യതൊഴിൽ മന്ത്രിയായ കബാവത്ത്, 'ഞാൻ അലങ്കാരത്തിനായി ഇവിടെ ഇരിക്കുന്നവളല്ല'െന്ന് തുറന്നടിച്ചു.
അസദ് ഭരണകൂടത്തിന്റെ പതനത്തിന് പിന്നാലെ രൂപംകൊണ്ട സർക്കാരിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്താത്തത് വലിയ പിഴവാണെന്ന് അവർ പറഞ്ഞു. എന്നാൽ ഭാവിയിൽ കൂടുതൽ സ്ത്രീകൾക്ക് അവസരം നൽകുമെന്ന ഉറപ്പ് പ്രസിഡന്റ് അഹമ്മദ് അൽഷറാ നൽകിയിട്ടുണ്ടെന്നും കബാവത്ത് വ്യക്തമാക്കി.
ഏകദേശം 14 വർഷം നീണ്ട ആഭ്യന്തരയുദ്ധം സിറിയയെ തകർത്തിരിക്കുകയാണ്. ജനസംഖ്യയുടെ 90 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. അഭയാർഥികൾ, വിധവകൾ, അനാഥർ, അസദ് ഭരണകാലത്ത് കാണാതായവരുടെ കുടുംബങ്ങൾ - ഏറ്റവും നിസ്സഹായരായ വിഭാഗങ്ങളെ സഹായിക്കുക എന്നതാണ് കബാവത്തിന്റെ പ്രധാന ഉത്തരവാദിത്തം.
മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിലും സർക്കാർ നടപടികളിൽ പിഴവുകൾ സംഭവിച്ചതായി കബാവത്ത് സമ്മതിച്ചു. ' ഭരണമാറ്റ കാലത്ത് പിഴവുകൾ ഉണ്ടാകും. എന്നാൽ കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തി പലരെയും ജയിലിലടച്ചിട്ടുണ്ട്,' അവർ പറഞ്ഞു.
സർക്കാരിൽ സ്ത്രീകളുടെ സാന്നിധ്യം കുറവാണെന്ന വിമർശനങ്ങൾക്കിടയിലും, താൻ ഒരു പ്രതീകസ്ത്രീയല്ലെന്ന് കബാവത്ത് വ്യക്തമാക്കി. 'ഞാൻ ജോലി ചെയ്യുമ്പോൾ എന്നെ ക്രിസ്ത്യാനിയെന്നോ സ്ത്രീയെന്നോ തോന്നുന്നില്ല. ഞാൻ ഒരു സിറിയൻ പൗരനാണ്. അങ്ങനെ തോന്നാതിരുന്നാൽ മാത്രമേ എന്റെ വിശ്വാസ്യത നിലനിൽക്കൂ,' അവർ പറഞ്ഞു.
സ്ത്രീകളെ തീരുമാനമെടുക്കുന്ന തലങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു. സ്ത്രീകൾ രാഷ്ട്രീയമായി കൂടുതൽ ഏകോപിതരാകണമെന്ന് ഇത്‌ലിബിൽ നടന്ന സമ്മേളനത്തിൽ അവർ ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ പുനർനിർമാണത്തിന് കുറഞ്ഞത് 200 ബില്യൺ ഡോളറെങ്കിലും ആവശ്യമുണ്ടെന്നാണ് ലോകബാങ്കിന്റെ കണക്ക്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യശ്രമം അനിവാര്യമാണെന്നും കബാവത്ത് പറഞ്ഞു.
ജനങ്ങളുടെ വേദന തന്നെ വേദനിപ്പിക്കുന്നുവെന്ന് തുറന്നുപറഞ്ഞ മന്ത്രി, 'അവരെ സഹായിക്കാൻ കഴിയാതെ വരുമ്പോൾ മാത്രമാണ് 'എന്തിനാണ് ഞാൻ ഈ ചുമതല ഏറ്റെടുത്തത്' എന്ന് സ്വയം ചോദിക്കുന്നത് ' എന്ന് പറഞ്ഞു. എന്നാൽ വീണ്ടും അടുത്തദിവസം കർത്തവ്യങ്ങളിലേക്ക് മടങ്ങുമെന്ന് കണ്ണീർ തുടച്ചുകൊണ്ട് അവർ പറഞ്ഞു.
'പേരിനുമാത്രം അധികാരം നേടിയതല്ല: മാറ്റത്തിനുവേണ്ടി പ്രവർത്തിക്കാൻ''- സിറിയയിലെ ഏക വനിതാ മന്ത്രി
