വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് നാല് ദിവസം മുന്‍പ് അബുദാബിയിലെ രാജകുടുംബാംഗവും 'സ്‌പൈ ഷെയ്ഖ്' എന്നറിയപ്പെടുന്ന വ്യക്തിയുടെ അടുത്ത അനുചരന്മാര്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ കുടുംബവുമായി ബന്ധപ്പെട്ട ഒരു ക്രിപ്റ്റോകറന്‍സി സംരംഭത്തില്‍ 49 ശതമാനം ഓഹരി വാങ്ങുന്നതിന് 500 മില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ട്. കമ്പനി രേഖകളും ഇതുമായി ബന്ധപ്പെട്ടവരേയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലുമായി നടത്തിയ കരാര്‍ പ്രകാരം തുകയുടെ പകുതി മുന്‍കൂറായി അടയ്ക്കും. ഇതില്‍ 187 മില്യണ്‍ ഡോളര്‍ ട്രംപ് കുടുംബവുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്ക് ലഭിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. കരാര്‍ ഒപ്പുവച്ചത് പ്രസിഡന്റിന്റെ മകന്‍ എറിക് ട്രംപാണെന്ന് ദ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. അധികാരമേല്‍ക്കാനിരിക്കുന്ന ഒരു യു എസ് പ്രസിഡന്റിന്റെ സംരംഭത്തില്‍ ഒരു വിദേശ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വലിയ ഉടമസ്ഥാവകാശം നേടിയെന്നതാണ് ഈ ഇടപാടിന്റെ ഏറ്റവും ശ്രദ്ധേയമായ വശം.
ഷെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഈ കരാറിന് പിന്നിലെ അബുദാബി രാജകുടുംബാംഗം. യു എസില്‍ നിന്ന് സംരക്ഷിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പുകള്‍ ലഭ്യമാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
യു എ ഇ പ്രസിഡന്റിന്റെ സഹോദരനായ തഹ്നൂന്‍ രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഏറ്റവും വലിയ വെല്‍ത്ത് ഫണ്ട് മേധാവിയുമാണ്. വ്യക്തിഗത സമ്പത്തും സര്‍ക്കാര്‍ നിധികളും ചേര്‍ന്ന 1.3 ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള സാമ്രാജ്യത്തിന്റെ മേല്‍നോട്ടമാണ് അദ്ദേഹം വഹിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തനായ നിക്ഷേപകരില്‍ ഒരാളായാണ് തഹ്നൂനെ കണക്കാക്കുന്നത്.
ജോ ബൈഡന്‍ ഭരണകാലത്ത് ലഭിക്കാതിരുന്ന എ ഐ ഹാര്‍ഡ്വെയറുകള്‍ ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നതോടെ 'സ്‌പൈ ഷെയ്ഖിന്' ലഭിക്കാനുള്ള വഴിതുറക്കുകയായിരുന്നു.
ട്രംപ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം തഹ്നൂന്‍ ട്രംപിനെയും യു എസ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിനെയും നിരവധി തവണ കണ്ടിരുന്നു. വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനിടെ എ ഐ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വാഷിംഗ്ടണുമായി സഹകരിക്കാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
മാര്‍ച്ചിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം രണ്ട് മാസം കഴിഞ്ഞ് പ്രതിവര്‍ഷം ഏകദേശം അഞ്ച് ലക്ഷം അത്യാധുനിക എ ഐ ചിപ്പുകള്‍ യു എ ഇക്ക് നല്‍കാന്‍ യു എസ് ഭരണകൂടം തയ്യാറായി. ഇത് ലോകത്തിലെ ഏറ്റവും വലിയ എ ഐ ഡേറ്റാ സെന്റര്‍ ശൃംഖലകളിലൊന്ന് നിര്‍മ്മിക്കാന്‍ മതിയാകുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ചിപ്പുകളില്‍ ഏകദേശം അഞ്ചില്‍ ഒന്ന് ജി42 എന്ന സ്ഥാപനത്തിന് ലഭിക്കുമെന്നതും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തഹ്നൂന്‍ പിന്തുണയ്ക്കുന്ന 'ആര്യം ഇന്‍വെസ്റ്റ്‌മെന്റ് 1' എന്ന സ്ഥാപനത്തില്‍ നിന്ന് ലഭിച്ച ആദ്യ 250 മില്യണ്‍ ഡോളറില്‍ 187 മില്യണ്‍ ഡോളര്‍ ട്രംപ് കുടുംബവുമായി ബന്ധപ്പെട്ട ഡി ടി മാര്‍ക്‌സ് ഡി ഇ എഫ് ഐ എല്‍ എല്‍ സി, ഡി ടി മാര്‍ക്‌സ് എല്‍ സി എല്‍ എല്‍ സി എന്നീ കമ്പനികളിലേക്ക് പോയതായി രേഖകള്‍ വ്യക്തമാക്കുന്നു.
വിറ്റ്‌കോഫ് കുടുംബവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നല്‍കിയ തുകയ്‌ക്കൊപ്പം സഹസ്ഥാപകരായ സാക് ഫോള്‍ക്മാനും ചേസ് ഹെറോയും ബന്ധപ്പെട്ട മറ്റൊരു സ്ഥാപനത്തിന് 31 മില്യണ്‍ ഡോളറും കൈമാറി.
ഈ കരാര്‍ വഴി വേള്‍ഡ് ലിബര്‍ട്ടിയിലെ ഏറ്റവും വലിയ ഓഹരിയുടമയായി ആര്യം മാറി. സ്ഥാപകര്‍ ഒഴികെ പുറത്തുനിന്നുള്ള ഏക നിക്ഷേപകനുമായിരുന്നു അവര്‍. തഹ്നൂന്റെ ജി42ല്‍ മുതിര്‍ന്ന പദവികള്‍ വഹിച്ചിരുന്ന രണ്ട് ആര്യം ഉദ്യോഗസ്ഥര്‍ വേള്‍ഡ് ലിബര്‍ട്ടിയുടെ അഞ്ചംഗ ഡയറക്ടര്‍ ബോര്‍ഡില്‍ ഇടം നേടി. ആ സമയത്ത് ബോര്‍ഡില്‍ എറിക് ട്രംപും സ്റ്റീവ് വിറ്റ്‌കോഫിന്റെ മകനായ സാക് വിറ്റ്‌കോഫും ഉണ്ടായിരുന്നുവെന്ന് രേഖകള്‍ പറയുന്നു.
2025 ജനുവരി 16-ന്, ട്രംപും വിറ്റ്‌കോഫും നേതൃത്വം നല്‍കുന്ന വേള്‍ഡ് ലിബര്‍ട്ടിയുമായി 500 മില്യണ്‍ ഡോളറിന്റെ കരാറില്‍ ആര്യം പ്രതിനിധികള്‍ ഒപ്പുവച്ചു.
ട്രംപ് അധികാരമേറ്റതിന് അഞ്ച് ദിവസം കഴിഞ്ഞ്, വൈറ്റ് ഹൗസില്‍ 500 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള എഐ കേന്ദ്രീകൃത ഡേറ്റാ സെന്റര്‍ പദ്ധതിയ്ക്കുള്ള പ്രഖ്യാപനം ഉണ്ടായി. ഓപ്പണ്‍ എ ഐയും സോഫ്റ്റ്ബാങ്കും ഉള്‍പ്പെട്ട ഈ പദ്ധതിയില്‍ തഹ്നൂന്റെ കമ്പനിയേയും അധിക നിക്ഷേപകരിലൊരാളായി പ്രഖ്യാപിച്ചു.
മെയ് 8-ന് ട്രഷറി വകുപ്പ് വിദേശ നിക്ഷേപകര്‍ക്കായി വേഗത്തിലുള്ള പരിശോധനാ പദ്ധതി ആരംഭിക്കുന്നതായി അറിയിച്ചു. ഇതായിരുന്നു യു എ ഇ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന നടപടിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അതേ മാസം ട്രംപ് അബുദാബി സന്ദര്‍ശിച്ചപ്പോള്‍, യു എസ് നിര്‍മ്മിത എ ഐ ചിപ്പുകള്‍ യു എ ഇ വാങ്ങുന്നതിനുള്ള വലിയ കരാര്‍ ഉണ്ടാക്കിയതായി അദ്ദേഹം പ്രഖ്യാപിച്ചു. പിന്നീട് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ജി42ന് 35,000 ചിപ്പുകള്‍ വില്‍ക്കാന്‍ ട്രംപ് ഭരണകൂടം അനുമതി നല്‍കി. ഇത് യു എ ഇ ആവശ്യപ്പെട്ടതിനെക്കാള്‍ കുറവായിരുന്നു.
നിരവധി മാസങ്ങള്‍ വേള്‍ഡ് ലിബര്‍ട്ടിയുടെ പദ്ധതികള്‍ പഠിച്ചതിന് ശേഷമാണ് തഹ്നൂനും ചില സഹനിക്ഷേപകരും ഇടപാട് പൂര്‍ത്തിയാക്കിയതെന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരാളെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ നിക്ഷേപം ജി42ല്‍ നിന്ന് വന്നതല്ലെന്നും ഒരു ഘട്ടത്തിലും ഈ ഇടപാട് പ്രസിഡന്റ് ട്രംപുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിപ്റ്റോകറന്‍സി കമ്പനികളില്‍ തഹ്നൂന്‍ വലിയ നിക്ഷേപകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ട്രംപ് അമേരിക്കന്‍ ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞത്. ട്രംപിന്റെ ആസ്തികള്‍ മക്കള്‍ നിയന്ത്രിക്കുന്ന ട്രസ്റ്റിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും താല്‍പര്യ സംഘര്‍ഷങ്ങളില്ലെന്നും അവര്‍ വ്യക്തമാക്കി. ലോക സമാധാനത്തിനായി ട്രംപിന്റെ ലക്ഷ്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുകയാണ് വിറ്റ്‌കോഫ് ചെയ്യുന്നതെന്നും കെല്ലി പറഞ്ഞു.
