ന്യൂഡൽഹി : രാജ്യത്തെ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ് 2026. ഇന്ത്യയിലുടനീളം ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ വികസിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇവയെ സാമ്പത്തിക, സാങ്കേതിക, സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന 'വളർച്ചാ കോറിഡോറുകൾ' ആയി വികസിപ്പിക്കുകയാണ് ലക്ഷ്യം.
പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ, റോഡ്-വിമാന യാത്രകൾക്ക് പരിസ്ഥിതി സൗഹൃദമായ പകരം നൽകുന്നതോടൊപ്പം, വേഗതയേറിയ യാത്രാസൗകര്യത്തിലൂടെ മേഖലകളുടെ വികസനത്തിന് ഉത്തേജനം നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ ഇടനാഴികൾ ഇവയാണ്:
മുംബൈ-പുണെ, പുണെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരാണസി, വാരാണസി-സിലിഗുരി.
ഈ ഇടനാഴികൾ പൂർത്തിയാകുന്നതോടെ പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്നും, വ്യവസായ-വാണിജ്യ പ്രവർത്തനങ്ങൾക്ക് പുതിയ ഉത്തേജനം ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ നൽകുന്ന മുൻഗണനയുടെ ഭാഗമായാണ് ഈ പ്രഖ്യാപനമെന്നുമാണ് സർക്കാർ വിശദീകരണം.
രാജ്യത്ത് ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ; ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം
