ബെംഗളൂരു: ആദായനികുതി റെയ്ഡിനിടയിൽ സ്വയം വെടിവച്ചുമരിച്ച വ്യവസായി സി.ജെ. റോയിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 3.30ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാർഘട്ട റോഡ് കൽക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി റിസോർട്ടിലാണ് അന്ത്യകർമ്മങ്ങൾ. ഇവിടെ തന്നെയാകണം അന്ത്യവിശ്രമമെന്ന റോയിയുടെ ആഗ്രഹപ്രകാരമാണ് സംസ്‌കാര ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ പൊതുദർശനത്തിന് അവസരമൊരുക്കും. തുടർന്ന് 2.30ന് കൽക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയിൽ ശുശ്രൂഷകൾ പൂർത്തിയാക്കിയ ശേഷമാണ് സംസ്‌കാരം നടത്തുക.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, നെഞ്ചിന്റെ ഇടത് ഭാഗത്ത് കയറിയ വെടിയുണ്ട ശ്വാസകോശത്തെയും ഹൃദയത്തെയും ഗുരുതരമായി തകർത്തതാണ് മരണകാരണം. ശരീരത്തിനുള്ളിൽ നിന്ന് 6.35 എംഎം വലിപ്പമുള്ള ബുള്ളറ്റ് കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പിന് ഉപയോഗിച്ച തോക്കിൽ സൈലൻസർ ഘടിപ്പിച്ചിരുന്നുവെന്ന സൂചനകളുണ്ടെങ്കിലും, ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
ആദായനികുതി വകുപ്പ് മൊഴിയെടുക്കൽ പൂർത്തിയാക്കിയതിന് ശേഷം അഞ്ച് മിനിറ്റിനുള്ളിൽ റോയ് തന്റെ കാബിനിലേക്ക് പോയതായാണ് വിവരം. തുടർന്ന് ഏകദേശം 20 മിനിറ്റിന് ശേഷം, വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.15ഓടെ, അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ദുബായിൽ നിന്നു ഇന്നലെ ബെംഗളൂരുവിലെത്തിയ ഭാര്യ ലിനി, മക്കളായ രോഹിത്, റിയ എന്നിവരിൽനിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തു. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നത് ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ ജീവനൊടുക്കിയ വ്യവസായി സി.ജെ. റോയിക്ക് ഇന്ന് അന്ത്യയാത്ര
