അഞ്ചുവയസ്സുകാരൻ ലിയാമിനും പിതാവിനും മോചനം; കുടിയേറ്റ തടങ്കലിനെതിരെ കോടതിയുടെ കടുത്ത വിമർശനം

അഞ്ചുവയസ്സുകാരൻ ലിയാമിനും പിതാവിനും മോചനം; കുടിയേറ്റ തടങ്കലിനെതിരെ കോടതിയുടെ കടുത്ത വിമർശനം


വാഷിംഗ്ടൺ: മിന്നസോട്ടയിൽ കഴിഞ്ഞ ആഴ്ച കുടിയേറ്റ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത അഞ്ചുവയസ്സുകാരൻ ലിയാം കൊനെഹോ റാമോസിനെയും പിതാവ് അഡ്രിയാൻ കൊനെഹോ ഏരിയാസിനെയും ഉടൻ വിട്ടയക്കണമെന്ന് ടെക്‌സസിലെ ഫെഡറൽ കോടതി ഉത്തരവിട്ടു. ഫെബ്രുവരി 3നകം ഇരുവരെയും ഡില്ലിയിലെ കുടിയേറ്റ തടങ്കൽ കേന്ദ്രത്തിൽ നിന്ന് മോചിപ്പിക്കണമെന്ന് യു.എസ്. ജില്ലാ ജഡ്ജി ഫ്രെഡ് ബിയറിയാണ് ശനിയാഴ്ച ഉത്തരവിട്ടത്.

നിലവിലെ തടങ്കലിന്റെ ഭാഗമായി പിതാവിനെയും മകനെയും മാറ്റുകയോ നാടുകടത്തുകയോ ചെയ്യാൻ പാടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. അഭയാർഥി അപേക്ഷ പരിഗണനയിൽ കഴിയുന്നതിനിടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും, അമേരിക്കയിൽ നിന്ന് പുറത്താക്കാൻ ഉത്തരവൊന്നും നിലവിലില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

പ്രീ സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ ഉടൻ തന്നെ ലിയാമിനെ കുടിയേറ്റ ഉദ്യോഗസ്ഥർ പിടികൂടിയതായാണ് സ്‌കൂൾ അധികൃതർ അറിയിച്ചത്. പിതാവിനെ വീട്ടുമുറ്റത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇരുവരെയും ടെക്‌സസിലെ ഫെഡറൽ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഫെഡറൽ ഏജന്റുമാർ എത്തിയപ്പോൾ പിതാവ് മകനെ ഉപേക്ഷിച്ചുവെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ വാദം. എന്നാൽ ഇത് കുടുംബത്തിന്റെ അഭിഭാഷകരുടെയും സ്‌കൂൾ അധികൃതരുടെയും മൊഴിയുമായി പൊരുത്തപ്പെടുന്നില്ല. വീട്ടിലുണ്ടായിരുന്ന മറ്റൊരു മുതിർന്ന വ്യക്തി കുട്ടിയെ സംരക്ഷിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥർ അത് നിരസിച്ചതായും സ്‌കൂൾ അധികൃതർ പറഞ്ഞു.

കേസിൽ ശക്തമായ ഭാഷയിലാണ് ജഡ്ജി ബിയറി കേന്ദ്രസർക്കാരിനെ വിമർശിച്ചത്. 'ദൈനംദിന നാടുകടത്തൽ ക്വോട്ടകൾ പാലിക്കുന്നതിന്റെ ഭാഗമായി, കുട്ടികളെ പോലും മാനസികമായി തകർക്കാൻ തയ്യാറാകുന്ന അശ്രദ്ധയും അയോഗ്യതയും നിറഞ്ഞ നയത്തിന്റെ ഫലമാണ് ഈ കേസ്,' ജഡ്ജി ഉത്തരവിൽ കുറിച്ചു. അധികാരപ്രമത്തതയും ക്രൂരതയും മനുഷ്യത്ത്വമില്ലാതെ നടപ്പാക്കുന്ന പ്രവണതയെയും അദ്ദേഹം വിമർശിച്ചു.

പിതാവും മകനും ഭാവിയിൽ സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരാൻ സാധ്യതയുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടിയെങ്കിലും, അത് 'നിലവിലെ സാഹചര്യത്തേക്കാൾ മാനുഷികവും ക്രമബദ്ധവുമായ നയത്തിലൂടെ' ആയിരിക്കണം എന്നും വ്യക്തമാക്കി. ഉത്തരവിനോടൊപ്പം ലിയാം തടവിലായിരിക്കുമ്പോൾ എടുത്ത ചിത്രം ഉൾപ്പെടുത്തുകയും ചെയ്തു.

ലിയാം പഠിക്കുന്ന സ്‌കൂൾ ജില്ലയിലെ സൂപ്പറിന്റൻഡന്റ് കുടുംബവുമായി സംസാരിച്ചതായും, ഇരുവരുടെയും മോചനം സന്തോഷകരമാണെന്നും സ്‌കൂൾ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. 'അന്യായമായി വേർതിരിക്കപ്പെട്ട എല്ലാ കുടുംബങ്ങളും വീണ്ടും ഒന്നിക്കപ്പെടണം. കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിൽ നിന്ന് വിട്ടയക്കണം,' പ്രസ്താവനയിൽ പറഞ്ഞു.

കുട്ടികളുടെ അവകാശങ്ങളും കുടിയേറ്റ നയങ്ങളിലെ മാനുഷികതയും വീണ്ടും ദേശീയ ചർച്ചയായിരിക്കെ, ലിയാമിന്റെ മോചനം ശക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.