ധനസഹായ കരാറിനിടയിലും യു എസില്‍ ഭാഗിക ഷട്ട് ഡൗണ്‍

ധനസഹായ കരാറിനിടയിലും യു എസില്‍ ഭാഗിക ഷട്ട് ഡൗണ്‍


വാഷിംഗ്ടണ്‍: സെനറ്റ് അവസാന നിമിഷത്തില്‍ അംഗീകരിച്ച ധനസഹായ കരാറിനിടയിലും അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഭാഗികമായി അടച്ചുപൂട്ടി. ശനിയാഴ്ച അര്‍ധരാത്രി മുതലാണ് ധനസഹായം നിലച്ചത്. ഭൂരിഭാഗം സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സെപ്റ്റംബര്‍ വരെ ധനസഹായം നല്‍കുന്ന ബില്ലിന് സെനറ്റ് അംഗീകാരം നല്‍കിയെങ്കിലും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് ഇതുവരെ ബില്‍ പാസാക്കിയിട്ടില്ല. നിലവില്‍ ഹൗസ് സമ്മേളനം നടക്കുന്നില്ല.

ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റിന് മേല്‍നോട്ടം വഹിക്കുന്ന ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിക്ക് (ഡി എച്ച് എസ്) പൂര്‍ണമായ അടച്ചുപൂട്ടല്‍ ഒഴിവാക്കി രണ്ടാഴ്ചത്തെ ധനസഹായം മാത്രമാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മിനിയാപോളിസില്‍ ഫെഡറല്‍ ഏജന്റുകള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റിന് അധിക ധനസഹായം നല്‍കാന്‍ ഡെമോക്രാറ്റുകള്‍ വിസമ്മതിച്ചതോടെയാണ് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അവരുമായി ധാരണയിലെത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് യു എസ് സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ നേരിടുന്നത്. 2025 ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 14 വരെ നീണ്ടുനിന്ന 43 ദിവസത്തെ മുന്‍ അടച്ചുപൂട്ടല്‍ യു എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ധനസഹായ പ്രതിസന്ധിയായിരുന്നു. ആ അടച്ചുപൂട്ടല്‍ വ്യോമഗതാഗതം ഉള്‍പ്പെടെയുള്ള അവശ്യ സര്‍ക്കാര്‍ സേവനങ്ങളെ സാരമായി ബാധിക്കുകയും ലക്ഷക്കണക്കിന് ഫെഡറല്‍ ജീവനക്കാര്‍ക്ക് ആഴ്ചകളോളം ശമ്പളം ലഭിക്കാത്ത അവസ്ഥ വരികയും ചെയ്തു. 

എന്നാല്‍ ഇത്തവണത്തെ അടച്ചുപൂട്ടല്‍ ദീര്‍ഘകാലമോ വ്യാപകമോ ആകാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെടുന്നു. തിങ്കളാഴ്ച ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് വീണ്ടും സമ്മേളിക്കുന്നതിനാല്‍ പ്രശ്‌നപരിഹാരത്തിന് സാധ്യതയുണ്ടെന്നാണ് സൂചന.

ഇതിനിടെ, ഗതാഗതം, വിദ്യാഭ്യാസം, പ്രതിരോധം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ നിരവധി ഏജന്‍സികള്‍ക്ക് അടച്ചുപൂട്ടല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ വൈറ്റ് ഹൗസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യു എസ് ഹൗസില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ അംഗങ്ങളോട് കരാറിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് പ്രസിഡന്റ് ട്രംപ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

അനുവദിച്ചിരിക്കുന്ന രണ്ടാഴ്ചത്തെ ധനസഹായ കാലയളവില്‍ പുതിയ കരാറിന് ശ്രമിക്കാനാണ് നിയമനിര്‍മ്മാതാക്കളുടെ തീരുമാനം. ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ഏജന്റുകള്‍ക്കായുള്ള പുതിയ നയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടിലാണ് ഡെമോക്രാറ്റുകള്‍.

ഐ സി ഇയെ നിയന്ത്രിക്കുകയും അക്രമങ്ങള്‍ അവസാനിപ്പിക്കുകയും വേണമെന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിനെ  പരാമര്‍ശിച്ച് സെനറ്റ് മൈനോറിറ്റി ലീഡര്‍ ചക്ക് ഷൂമര്‍ പറഞ്ഞു. പട്രോളുകള്‍ അവസാനിപ്പി്ക്കുകയും കര്‍ശനമായ നിയമങ്ങളും മേല്‍നോട്ടവും ന്യായവിധി വാറന്റുകളും നിര്‍ബന്ധമാക്കണമെന്നും മാസ്‌കുകള്‍ മാറ്റുകയും ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുകയും ഉദ്യോഗസ്ഥര്‍ വ്യക്തമായ തിരിച്ചറിയല്‍ ചിഹ്നങ്ങള്‍ ധരിക്കുകയും വേണമെന്നും രഹസ്യ പൊലീസ് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിനിയാപോളിസില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന അലക്‌സ് പ്രെട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വെടിവെപ്പിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഏജന്റുകള്‍ ഉപയോഗിച്ച തന്ത്രങ്ങളെ റിപ്പബ്ലിക്കന്‍- ഡമോക്രാറ്റിക് നേതാക്കള്‍ ഒരുപോലെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.