യു എസ് യുദ്ധക്കപ്പലുകള്‍ക്ക് സമീപം ലൈവ് ഫയര്‍ ഡ്രില്ലിന് ഇറാന്‍; ശ്രദ്ധ ഹോര്‍മുസ് കടലിടുക്കില്‍

യു എസ് യുദ്ധക്കപ്പലുകള്‍ക്ക് സമീപം ലൈവ് ഫയര്‍ ഡ്രില്ലിന് ഇറാന്‍; ശ്രദ്ധ ഹോര്‍മുസ് കടലിടുക്കില്‍


ടെഹ്‌റാന്‍/ വാഷിംഗ്ടണ്‍: ആഗോള എണ്ണ വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ലൈവ് ഫയര്‍ സൈനിക അഭ്യാസം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനും ഒമാനും ഇടയില്‍ സ്ഥിതി ചെയ്യുന്ന കടല്‍പാതയില്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ സാന്നിധ്യമുള്ള സാഹചര്യത്തിലാണ് ഇറാന്റെ പ്രഖ്യാപനം. ഇത് മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ശക്തമാക്കുകയാണ്.

പേര്‍ഷ്യന്‍ ഗള്‍ഫിന്റെ ഇടുങ്ങിയ പ്രവേശന കവാടമായ ഹോര്‍മുസ് കടലിടുക്ക് ആഗോള കപ്പല്‍ ഗതാഗതത്തിന് അത്യന്താപേക്ഷിതമായ വഴിയാണ്. വ്യാഴാഴ്ച റേഡിയോ വഴി നാവികര്‍ക്കായി അയച്ച അറിയിപ്പിലാണ് ഇറാന്‍ നാവിക ഫയര്‍  നടത്തുമെന്ന് വ്യക്തമാക്കിയത്. കപ്പലുകള്‍ക്ക് നിശ്ചിത ദിശകളില്‍ സഞ്ചരിക്കാന്‍ ഉള്ള ട്രാഫിക് സെപ്പറേഷന്‍ സ്‌കീമിന്റെ (3.2 കിലോമീറ്റര്‍ വീതിയുള്ള രണ്ട് പാതകള്‍) ഒരു ഭാഗം ഈ അഭ്യാസ മേഖലയില്‍ ഉള്‍പ്പെടുന്നുവെന്നാണ് സൂചന.

അഭ്യാസത്തെക്കുറിച്ച് ഇറാന്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പതിവായി യു എസ് നാവികസേനയുമായി സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുള്ള പാരാമിലിട്ടറി റെവല്യൂഷണറി ഗാര്‍ഡിന്റെ ചെറുകിട അതിവേഗ ആക്രമണ ബോട്ടുകള്‍ ഇതില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ, യു എസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് ശനിയാഴ്ച പുലര്‍ച്ചെ ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര ആകാശപരിധിയിലും കടല്‍പരിധിയിലും പ്രൊഫഷണല്‍ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അവകാശം ഇറാനുണ്ടെന്ന് അംഗീകരിച്ചെങ്കിലും യു എസ് സേനയ്‌ക്കോ പ്രാദേശിക പങ്കാളികള്‍ക്കോ വാണിജ്യ കപ്പലുകള്‍ക്കോ ഭീഷണി ഉയര്‍ത്തുന്ന ഏതൊരു സുരക്ഷിതമല്ലാത്തതും പ്രൊഫഷണലുമല്ലാത്ത നടപടി ഏറ്റുമുട്ടലിനും അസ്ഥിരതയ്ക്കും ഇടയാക്കുമെന്ന് കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി. 

വ്യാപാരത്തിന് സുപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ആധുനിക കാലത്ത് എണ്ണയും വാതകവും കയറ്റുമതി ചെയ്യുന്ന സൂപ്പര്‍ ടാങ്കറുകള്‍ക്ക് അനിവാര്യമായ പാതയായി മാറിയിട്ടുണ്ട്. സൗദി അറേബ്യയിലും യു എ ഇയിലും പൈപ്പ്ലൈന്‍ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നാലും ഈ കടലിടുക്ക് ഒഴിവാക്കാന്‍ പര്യാപ്തമായ മറ്റ് മാര്‍ഗങ്ങളില്ലെന്ന് യു എസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കുന്നു. ഏഷ്യന്‍ വിപണികളിലേക്കാണ് ഇവിടെനിന്നുള്ള എണ്ണ- വാതക കയറ്റുമതിയുടെ ഭൂരിഭാഗവും എത്തുന്നത്. ഇതിന് ഭീഷണി ഉയരുമ്പോള്‍ ആഗോള ഊര്‍ജവില കുത്തനെ ഉയര്‍ന്നിട്ടുള്ള അനുഭവവും മേഖലയ്ക്കുണ്ട്.

ഇറാനിലെ വ്യാപകമായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയ സംഭവങ്ങള്‍ക്ക് പിന്നാലെ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. അടുത്തിടെ ഇറാന്റെ ആണവ പദ്ധതിയും അദ്ദേഹം ഈ മുന്നറിയിപ്പില്‍ ഉള്‍പ്പെടുത്തി. യു എസ് എസ് അബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലും ഗൈഡഡ് മിസൈല്‍ ഡെസ്ട്രോയറുകളും നിലവില്‍ അറബിക്കടലില്‍ വിന്യസിച്ചിരിക്കുകയാണ്.

ഇതിനിടെ, തങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ മിഡില്‍ ഈസ്റ്റിലുടനീളവും ഇസ്രായേലിനുമെതിരെ അമേരിക്കന്‍ താത്പര്യങ്ങള്‍ ലക്ഷ്യമാക്കി മുന്‍കരുതല്‍ ആക്രമണം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ചെറുതും ഇടത്തരവുമായ ദൂരപരിധിയുള്ള മിസൈലുകളുടെ വലിയ ശേഖരം ഇറാനിനുണ്ടെന്നും ഇത് സമീപ ഗള്‍ഫ് അറബ് രാജ്യങ്ങളെ ബാധിക്കാനിടയുണ്ടെന്നുമാണ് വിലയിരുത്തല്‍.