വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു


തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ പ്രതി; പിന്നീട് സുവിശേഷകന്‍

കോതമംഗലം: നക്‌സലൈറ്റ് മുന്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലെ വീട്ടിലായിരുന്നു അന്ത്യം. 1968ലെ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതിയായിരുന്ന സ്റ്റീഫന്‍ ശിക്ഷാ കാലവധിക്കു ശേഷം സുവിശേഷകനായി മാറിയിരുന്നു. 

കോട്ടയം ജില്ലയിലെ കങ്ങഴയ്ക്ക് സമീപം ചുണ്ടമണ്ണില്‍ സക്കറിയയുടേുയം അന്നമ്മയുടേയും മകനാണ് സ്റ്റീഫന്‍. കുടുംബം പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പിതാവിന്റെ വഴിയേ പാര്‍ട്ടിയിലെത്തുകയായിരുന്നു. പിന്നീട് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി ഐയോടൊപ്പം നിലയുറപ്പിച്ച സ്റ്റീഫന്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലൂടെയാണ് ശ്രദ്ധേയനായത്. 

1971ലാണ് സ്റ്റീഫന്‍ അറസ്റ്റിലായത്. കൊലപാതകം ഉള്‍പ്പെടെ 18 കേസുകളില്‍ പ്രതിയായിരുന്നു. ജയില്‍വാസ കാലത്താണ് നക്‌സലൈറ്റ് പ്രസ്ഥാനം ഉപേക്ഷിച്ച് സുവിശേഷ വഴി തെരഞ്ഞെടുത്തത്. 

വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ, ചരിത്രശാസ്ത്രവും മാര്‍ക്‌സിയന്‍ ദര്‍ശനവും, പ്രചോദനം, ആത്തായികള്‍, അര്‍ധബിംബം, മേഘപാളിയിലെ കാല്‍പാടുകള്‍, കനല്‍വഴികള്‍ കടന്ന് ഒരു ദൈവസാക്ഷ്യം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.