സി എന്‍ എന്‍ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡോണ്‍ ലെമണ്‍ അറസ്റ്റില്‍

സി എന്‍ എന്‍ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡോണ്‍ ലെമണ്‍ അറസ്റ്റില്‍


ലോസ് ആഞ്ചലസ്: സി എന്‍ എന്‍ മുന്‍ മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ ഡോണ്‍ ലെമണിനെ ലോസ് ആഞ്ചലസില്‍ ഫെഡറല്‍ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തു. മിന്നസോട്ടയിലെ സെന്റ് പോളിലുള്ള സിറ്റീസ് ചര്‍ച്ചില്‍ ജനുവരി 18ന് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കുടിയേറ്റ നിയമങ്ങള്‍ നടപ്പാക്കുന്നതിനെതിരെ (ആന്റി-ഐസിഇ) പ്രതിഷേധിച്ചവരുടെ പ്രവര്‍ത്തനം ചിത്രീകരിക്കുന്നതിനിടെ ലെമണ്‍ അവിടെയുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ ആരാധന നടക്കുന്നതിനിടെ പള്ളിയില്‍ അതിക്രമിച്ചു കയറിയതായാണ് ആരോപണം.

ഈ കേസില്‍ മുമ്പ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് മജിസ്‌ട്രേറ്റ് ജഡ്ജിയില്‍ നിന്ന് അറസ്റ്റ് വാറണ്ട് നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ച രാത്രി അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. പ്രതിഷേധക്കാരുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ മാത്രമാണ് താന്‍ സംഭവസ്ഥലത്ത് പ്രവര്‍ത്തിച്ചതെന്നും ലെമണ്‍ വ്യക്തമാക്കി.

ഗ്രാമി അവാര്‍ഡുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ലോസ് ആഞ്ചലസില്‍ ഡോണ്‍ ലെമണിനെ ഫെഡറല്‍ ഏജന്റുമാര്‍ കസ്റ്റഡിയിലെടുത്തതെന്ന് ലെമണിന്റെ അഭിഭാഷകനായ അബ്ബെ ലോവല്‍ ലെമണിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചു.

ഡോണ്‍ കഴിഞ്ഞ 30 വര്‍ഷമായി മാധ്യമ പ്രവര്‍ത്തകനാണ്. മിന്നിയാപ്പൊളിസില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട അദ്ദേഹത്തിന്റെ സാധാരണ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. സത്യം പുറത്തുകൊണ്ടുവരുകയും അധികാരികളെ ഉത്തരവാദിത്തപ്പെടുത്തുകയും ചെയ്യുന്നതിനായാണ് ഫസ്റ്റ് അമെന്‍ഡ്‌മെന്റ് മാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതെന്ന് ലോവല്‍ പറഞ്ഞു.

രണ്ട് മിന്നസോട്ട പ്രതിഷേധക്കാരെ വധിച്ച ഫെഡറല്‍ ഏജന്റുകളെ കുറിച്ച് അന്വേഷിക്കുന്നതിന് പകരം ട്രംപ് ഭരണകൂടത്തിന്റെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ അറസ്റ്റിലേക്കാണ് സമയവും വിഭവങ്ങളും ചെലവഴിക്കുന്നത്. ഇതാണ് ഈ കേസിലെ യഥാര്‍ഥ കുറ്റപത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫസ്റ്റ് അമെന്‍ഡ്‌മെന്റിനെതിരായ ഇതുവരെ കാണാത്ത ഈ ആക്രമണവും ഭരണകൂടം നേരിടുന്ന അനവധി പ്രതിസന്ധികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമവും വിജയിക്കില്ലെന്നും ഡോണ്‍ കോടതിയില്‍ പോരാടുമെന്നും പറഞ്ഞു.

ഫെഡറല്‍ കുടിയേറ്റ നടപടിക്കിടയില്‍ ഒരു മാസത്തിനുള്ളില്‍ രണ്ടാമത്തെ വ്യക്തി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മിന്നിയാപ്പൊളിസില്‍ ഉള്‍പ്പെടെ മിന്നസോട്ടയിലെ പല നഗരങ്ങളിലും  വ്യാപക പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഫെഡറല്‍ നടപടികള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ഉദ്യോഗസ്ഥര്‍ തള്ളിയിട്ട ഒരാളെ സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനിടെയാണ് നഴ്സായ അലക്സ് പ്രെട്ടി വെടിയേറ്റ് മരിച്ചത്.