ടെല്‍അവീവ്: ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് (ഒഇസിഡി) രാജ്യങ്ങളില്‍ കോസ്റ്റാറിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ബാലദാരിദ്ര്യ നിരക്കുള്ള രാജ്യമായി ഇസ്രയേല്‍. 880,000 കുട്ടികളും 150,000 വൃദ്ധരും ഉള്‍പ്പെടുന്നവരാണ് കണക്കിലുള്ളത്. 2024ല്‍ ഏകദേശം രണ്ടു ദശലക്ഷം ആളുകള്‍ ഇസ്രയേലില്‍ ദാരിദ്ര്യ രേഖയ്ക്കു താഴെയാണെന്ന് ജനുവരി 30ന് പ്രസിദ്ധീകരിച്ച വാര്‍ഷിക നാഷണല്‍ ഇന്‍ഷുറന്‍സ് റിപ്പോര്‍ട്ടിലാണ് പറയുന്നത്.
ഇസ്രയേലിലെ കുട്ടികളുടെ ഭക്ഷ്യ അരക്ഷിതാവസ്ഥാ നിരക്ക് 2023ല്‍ 36 ശതമാനം ആയിരുന്നത് 2024ല്‍ 31.7 ശതമാനം ആയി കുറഞ്ഞു. ആകെ ജനസംഖ്യയുടെ 28.1 ശതമാനം പേരാണ് ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നത്. ഇതില്‍ തന്നെ 9.9 ശതമാനം ആള്‍ക്കാര്‍ അതീവ ഗുരുതരമായ അവസ്ഥയിലുമാണ്. 2024 ഡിസംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യത്തില്‍ ജീവിക്കുന്ന കുട്ടികളുടെ നിരക്ക് 28 ശതമാനമാണ്. ഒരു വര്‍ഷം മുമ്പ് 27.9 ശതമാനമായിരുന്നു.
ഇസ്രയേലില്‍ 27.8 ശതമാനം കുടുംബങ്ങള്‍ക്ക് അവരുടെ പ്രതിമാസ വരുമാനം കൊണ്ട് സ്വയം മുമ്പോട്ടു പോകാന്‍ സാധിക്കില്ല. 4.7 ശതമാനം പൊതുജനങ്ങള്‍ കുറഞ്ഞത് രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ചൂടുള്ള ഭക്ഷണം ഉപേക്ഷിക്കുന്നതായും ഒന്‍പത് ശതമാനം പേര്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം വൈദ്യചികിത്സ ഉപേക്ഷിക്കുന്നതായും റിപ്പോര്‍ട്ട് കണ്ടെത്തുന്നു.
അള്‍ട്രാ-ഓര്‍ത്തഡോക്‌സ്, അറബ് മേഖലകളിലാണ് ദാരിദ്ര്യനിരക്ക് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. ഹരേദി കുടുംബങ്ങളില്‍ 32.8 ശതമാനവം അറബ് കുടുംബങ്ങളില്‍ 37.6 ശതമാനവും മിനിമം പരിധിക്ക് താഴെയാണ്. മൊത്തത്തില്‍, ഈ രണ്ട് സമുദായങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന ഇസ്രായേലികളില്‍ 65.1 ശതമാനം വരും.
ഇസ്രായേലിലെ ഏറ്റവും ദരിദ്രമായ മുനിസിപ്പാലിറ്റി മോഡി ഇന്‍ ഇല്ലിറ്റിലെ അള്‍ട്രാ-ഓര്‍ത്തഡോക്‌സ് വെസ്റ്റ് ബാങ്ക് സെറ്റില്‍മെന്റാണ്. ഇവിടെ 48.2 ശതമാനം നിവാസികള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. തുടര്‍ന്ന് ജറുസലേം (38.6 ശതമാനം), ബീറ്റ് ഷെമേഷ് (36.3 ശതമാനം), ബ്‌നെയ് ബ്രാക്ക് (31.1 ശതമാനം), ലോഡ് (21.8 ശതമാനം), നെതന്യ (20.7 ശതമാനം).
ഹരേദി വംശജരായ പുരുഷന്മാരില്‍ വലിയൊരു വിഭാഗം ജോലി ചെയ്യുന്നതിനേക്കാള്‍ പഠിക്കുന്നവരാണ്. അള്‍ട്രാ- ഓര്‍ത്തഡോക്‌സ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗണിതം, ഇംഗ്ലീഷ്, ശാസ്ത്രം തുടങ്ങിയ പ്രധാന പാഠ്യപദ്ധതി വിഷയങ്ങള്‍ പഠിപ്പിക്കുന്നില്ല. ഇത് നിരവധി ബിരുദധാരികള്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ നേടാനുള്ള അവസരങ്ങള്‍ ഇല്ലാതെയാക്കുന്നു.
അസമത്വം വളര്‍ന്നിട്ടുണ്ടെന്നും അസമത്വം അളക്കുന്ന ഒഇസിഡിയുടെ ഗിനി സൂചികയില്‍ ഇസ്രായേല്‍ മൂന്ന് സ്ഥാനങ്ങള്‍ താഴ്ന്ന് ഏഴാം സ്ഥാനത്തേക്ക് എത്തിയെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, മെക്‌സിക്കോ, തുര്‍ക്കി, ചിലി, കോസ്റ്റാറിക്ക എന്നിവയേക്കാള്‍ മുകളിലാണ് ഇസ്രായേല്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
2023 ഒക്‌റ്റോബര്‍ 7ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നയിച്ച കൂട്ടക്കൊലയോടെ ആരംഭിച്ച ഗാസയിലെ യുദ്ധം ഇസ്രായേലിലെ ദാരിദ്ര്യനിരക്ക് ഉയരുന്നതിന് കാരണമായതായി റിപ്പോര്‍ട്ട് കണ്ടെത്തി.
