ബെയ്ജിംഗ്: എട്ട് വർഷം നീണ്ട അകൽച്ചയ്ക്കുശേഷം ബ്രിട്ടൻ ചൈനയുമായി ബന്ധം പുതുക്കാൻ മടങ്ങി വന്നിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ സുസ്ഥിരവും സമഗ്രവുമായ തന്ത്രപരമായ പങ്കാളിത്തമാക്കി മാറ്റേണ്ടത് അനിവാര്യമാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറയുന്നത്. ബെയ്ജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആഗോള രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും ചൈന വഹിക്കുന്ന നിർണായക പങ്കും ചൂണ്ടിക്കാട്ടിയാണ് സ്റ്റാർമറുടെ പ്രസ്താവന.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനിശ്ചിത വിദേശനയവും കടുത്ത വ്യാപാരനിലപാടുകളും ആഗോള സഖ്യങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനിടെ, ചൈനയുമായി കൂടുതൽ 'സുസ്ഥിരവും സങ്കീർണവുമായ ബന്ധം' ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്ന അഭിപ്രായമാണ് കെയർ സ്റ്റാർമറിന്. എട്ട് വർഷത്തിന് ശേഷം ചൈന സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ സ്റ്റാർമർ നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് എത്തിയത്.
വ്യാഴാഴ്ച ബെയ്ജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
'ആഗോള വേദിയിൽ നിർണായക ശക്തിയാണ് ചൈന. ബ്രിട്ടീഷ് ജനങ്ങൾക്ക് അർഹമായ സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കാൻ ദീർഘകാലവും സമഗ്രവുമായ തന്ത്രപരമായ പങ്കാളിത്തം ആവശ്യമുണ്ട്,' സ്റ്റാർമർ പറഞ്ഞു. സ്ഥിരതയുള്ളതും സമഗ്രവുമായ തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കാൻ ചൈന തയ്യാറാണെന്ന്, മറുപടിയായി ഷി ജിൻപിങ്ങും വ്യക്തമാക്കി. ഇരുരാജ്യ ബന്ധത്തിൽ 'പുതിയ ഊർജ്ജം സൃഷ്ടിക്കണം' എന്നാവശ്യപ്പെട്ട ഷി, ബഹുപക്ഷത്വത്തിന്റെയും സ്വതന്ത്ര വ്യാപാരത്തിന്റെയും പിന്തുണക്കാരായാണ് ചൈനയും ബ്രിട്ടനും നിലകൊള്ളുന്നതെന്ന് പറഞ്ഞു.
അമേരിക്കയുടെ 'അമേരിക്ക ഫസ്റ്റ്' നയം സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് സഖ്യരാജ്യങ്ങളുടെ നേതാക്കൾ തുടരെ ബെയ്ജിംഗ് സന്ദർശിക്കുന്ന സാഹചര്യത്തിലാണ് സ്റ്റാർമറുടെ യാത്ര. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയവരുടെ സന്ദർശനങ്ങൾക്കു പിന്നാലെയാണ് ഇത്. ബ്രിട്ടനും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും സാമ്പത്തിക വളർച്ച ലക്ഷ്യമാക്കി വ്യാപാരാവസരങ്ങൾ വിപുലപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം.
ഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സ്റ്റാർമർ, ചർച്ചകൾ 'വളരെ നല്ലതും ഫലപ്രദവുമായിരുന്നു' എന്നും ബ്രിട്ടീഷ് ബിസിനസുകൾക്ക് ചൈനയിൽ 'വിപുലമായ അവസരങ്ങൾ' ഉണ്ടെന്നും പറഞ്ഞു. സ്‌കോട്ടിഷ് വിസ്‌കിക്ക് ചൈന ഈടാക്കുന്ന തീരുവ 10 ശതമാനത്തിൽനിന്ന് 5 ശതമാനമായി കുറയ്ക്കാനും, 30 ദിവസത്തിൽ താഴെയുള്ള ബിസിനസ് ടൂറിസം യാത്രകൾക്ക് ബ്രിട്ടീഷ് പൗരന്മാർക്ക് വിസ ഇളവുകൾ നൽകാനും ചൈന സമ്മതിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അനധികൃത കുടിയേറ്റം ഉൾപ്പെടെയുള്ള സുരക്ഷാ വിഷയങ്ങളിലും സഹകരണം ചർച്ചയായതായി സ്റ്റാർമർ വ്യക്തമാക്കി.
എച്ച് എസ് ബി സി , ജിഎസ്‌കെ, ജാഗ്വർ ലാൻഡ് റോവർ ഉൾപ്പെടെ 60ഓളം പ്രമുഖ ബ്രിട്ടീഷ് കമ്പനികളും സാംസ്‌കാരിക സംഘടനകളും സ്റ്റാർമറുടെ സംഘത്തിലുണ്ട്. ഷാങ്ഹായിലേക്കും സംഘം സന്ദർശനം നടത്തും.
അതേസമയം, മനുഷ്യാവകാശ വിഷയങ്ങളും ചർച്ചയിൽ ഉയർന്നതായി സ്റ്റാർമർ പറഞ്ഞു. ഹോങ്കോംഗ് ജനാധിപത്യപ്രവർത്തകനായ ജിമ്മി ലൈയുടെ തടവും ഉയ്ഗൂർ ന്യൂനപക്ഷത്തിനെതിരായ ആരോപണങ്ങളും സംബന്ധിച്ച് 'പരസ്പര ബഹുമാനത്തോടെ ചർച്ച നടത്തി' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചൈനയുമായുള്ള അടുത്തിടപഴകലിനെ വൈറ്റ് ഹൗസ് സൂക്ഷ്മമായി നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് സ്റ്റാർമറുടെ സന്ദർശനം. കാനഡ ചൈനയുമായി വ്യാപാര ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രംപ് കടുത്ത തീരുവ ഭീഷണി മുഴക്കിയിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ ചൈനയുടെ റെക്കോർഡ് വ്യാപാര നേട്ടത്തെക്കുറിച്ച് ആശങ്കപ്പെടുന്ന സമയത്താണ് ബ്രിട്ടൻ ചൈനയുമായി ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കം. സാമ്പത്തിക നേട്ടവും ദേശീയ സുരക്ഷയും തമ്മിൽ സൂക്ഷ്മമായ സന്തുലനം പാലിക്കേണ്ട കടുത്ത പരീക്ഷണമാണ് സ്റ്റാർമറിനെ കാത്തിരിക്കുന്നത്.
