വാഷിംഗ്ടൺ: ഇറാനെതിരെ കൂടുതൽ ശക്തമായ സൈനിക നടപടികൾ സ്വീകരിക്കാനുള്ള പുതിയ സാധ്യതകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇറാൻ സർക്കാരിനെതിരേ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, ഏതാനും ആഴ്ചകൾക്ക് മുൻപ് പരിഗണിച്ച നടപടികളെക്കാൾ കടുത്ത ഓപ്ഷനുകളാണ് ഇപ്പോൾ ചർച്ചയിലുള്ളത്.
ഇറാനിലെ സർക്കാർ സുരക്ഷാസേനയും അനുബന്ധ സായുധസംഘങ്ങളും പ്രതിഷേധക്കാരെ നേരിടുന്ന രീതിയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി അമേരിക്ക ആരോപിക്കുന്നു. പ്രതിഷേധക്കാരുടെ കൊലപാതകം തടയുമെന്ന ട്രംപിന്റെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സൈനിക പദ്ധതികൾ പരിശോധിക്കുന്നത്. മുൻപ് ലക്ഷ്യമിട്ടിരുന്ന നടപടികൾക്കപ്പുറം, ഇറാന്റെ സൈനിക അടിസ്ഥാനസൗകര്യങ്ങൾക്കും സർക്കാർ നിയന്ത്രണ സംവിധാനങ്ങൾക്കും നേരിട്ടുള്ള തിരിച്ചടികൾ നൽകുന്ന മാർഗങ്ങളും ആലോചനയിലുണ്ടെന്നാണ് സൂചന.
വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ്‌ഹെഗ്‌സത്ത്, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ട്രംപ് ഇതുസംബന്ധിച്ച് അടിയന്തര ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്. പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽ ഇറാൻ കൂടുതൽ കടുത്ത നിലപാട് സ്വീകരിച്ചാൽ സൈനിക ഇടപെടൽ ഉൾപ്പെടെയുള്ള ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകുന്നുണ്ട്.
അതേസമയം, ഇറാനെതിരെ നേരിട്ടുള്ള സൈനിക നടപടി സ്വീകരിക്കുന്നത് പശ്ചിമേഷ്യയിൽ കൂടുതൽ അസ്ഥിരതയ്ക്ക് വഴിവെക്കുമെന്ന ആശങ്കയും അമേരിക്കൻ ഭരണകൂടത്തിനകത്ത് ഉയരുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാതെ ഏകപക്ഷീയമായ നീക്കം അപകടകരമാകുമെന്ന മുന്നറിയിപ്പും ചില ഉദ്യോഗസ്ഥർ ഉയർത്തിയിട്ടുണ്ട്.
എന്നാൽ, ഇറാനിലെ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് തുടരുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് ട്രംപ്. അടുത്ത ദിവസങ്ങളിൽ തന്നെ ഇറാനെതിരെ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് നിർണായക തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഇറാനെതിരെ കടുത്ത സൈനിക നീക്കങ്ങൾ പരിഗണിച്ച് ട്രംപ്; പുതിയ മാർഗങ്ങൾ ചർച്ചയിൽ
