രാജ്യവ്യാപക പ്രതിഷേധത്തിനിടെ യു ജി സി ഇക്വിറ്റി ചട്ടങ്ങള്‍ 2026 സുപ്രിം കോടതി സ്റ്റേ ചെയ്തു

രാജ്യവ്യാപക പ്രതിഷേധത്തിനിടെ യു ജി സി ഇക്വിറ്റി ചട്ടങ്ങള്‍ 2026 സുപ്രിം കോടതി സ്റ്റേ ചെയ്തു


ന്യൂഡല്‍ഹി: രാജ്യത്തുടനീളം ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമത്വ പ്രോത്സാഹനം ചട്ടങ്ങള്‍ 2026 സുപ്രിം കോടതി സ്റ്റേ ചെയ്തു. ജനുവരി 23ന് വിജ്ഞാപനം ചെയ്ത പുതിയ യു ജി സി ചട്ടങ്ങള്‍ സ്വേച്ഛാധിപത്യപരവും ഒഴിവാക്കലുണ്ടാക്കുന്നതും വിവേചനപരവും ഭരണഘടനയെയും 1956ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ആക്ടിനെയും ലംഘിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.

വാര്‍ത്താ ഏജന്‍സി എ എന്‍ ഐയുടെ റിപ്പോര്‍ട്ട് പ്രകാരം 2012ലെ യു ജി സി ചട്ടങ്ങള്‍ തന്നെ പ്രാബല്യത്തില്‍ തുടരുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. കൂടാതെ, ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിര്‍വചിക്കുന്ന റെഗുലേഷന്‍ 3 (സി) വ്യക്തതയില്ലാത്തതും ദുരുപയോഗത്തിനിടയാക്കാവുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. 

ജാതിവിവേചനം തടയുക എന്ന ലക്ഷ്യത്തോടെ വിജ്ഞാപനം ചെയ്ത പുതിയ ചട്ടങ്ങള്‍ പ്രകാരം കോളജുകളിലും സര്‍വകലാശാലകളിലും പ്രത്യേക സമിതികളും ഹെല്‍പ്ലൈന്‍ സംവിധാനങ്ങളും രൂപീകരിക്കണം. പ്രത്യേകിച്ച് പട്ടികജാതി, പട്ടികവര്‍ഗം, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവയില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഗണിക്കുന്നതിനായാണ് ഈ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്നത്.

2012ലെ മാര്‍ഗനിര്‍ദേശങ്ങളുടെ പുതുക്കലായി ജനുവരി 13നാണ് യു ജി സി ഈ ചട്ടങ്ങള്‍ പുറത്തിറക്കിയത്. എന്നാല്‍, ഇതിലൂടെ തങ്ങള്‍ക്ക് നേരെ വിവേചനം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ കാറ്റഗറി വിദ്യാര്‍ഥികള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ജനറല്‍ വിഭാഗം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രതിഷേധം ഡല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് ക്യാമ്പസില്‍ നടന്നു. പുതിയ യു ജി സി ഇക്വിറ്റി ചട്ടങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

പുതിയ ചട്ടങ്ങള്‍ സമത്വം ഉറപ്പാക്കുന്നതിന് പകരം ക്യാമ്പസുകളില്‍ വിവേചനം വളര്‍ത്തുമെന്നായിരുന്നു പ്രതിഷേധിച്ച വിദ്യാര്‍ഥികളുടെ ആരോപണം. ജനറല്‍ വിഭാഗം വിദ്യാര്‍ഥികളുടെ പ്രാതിനിധ്യത്തിന് ശക്തമായ വ്യവസ്ഥകള്‍ ഇല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചട്ടങ്ങളുടെ നടപ്പാക്കലില്‍ വിവേചനം ഉണ്ടാകില്ലെന്നും നിയമം ദുരുപയോഗം ചെയ്യപ്പെടില്ലെന്നും ഉറപ്പ് നല്‍കി.