തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്ന് വാദിക്കുന്നതിനിടയില്‍ വീണ്ടുമൊരു ശമ്പളപരിഷ്‌ക്കരണം പ്രഖ്യാപിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍.
ജനുവരി 29 (വ്യാഴാഴ്ച്ച) നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ശമ്പളപരിഷ്‌ക്കരണ കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിനൊപ്പം പങ്കാളിത്ത പെന്‍ഷന്‍ വേണ്ടെന്ന് വച്ച് എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അഷ്വേഡ് പെന്‍ഷനും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ നല്‍കാതിരുന്ന ഡിയര്‍നെസ് അലവന്‍സ് പൂര്‍ണമായും റിലീസ് ചെയ്യുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കോടി രൂപയുടെ ബാധ്യതയാണ് ഇത് വരുന്ന സര്‍ക്കാരിന് മേല്‍ വരുത്തി വയ്ക്കുക.
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുന്നതാണ് കേരളത്തിലെ നടപ്പ് രീതി. ഇതനുസരിച്ചെങ്കില്‍ 2024ല്‍ പുതിയ ശമ്പള പരിഷ്‌ക്കരണം നിലവില്‍ വരണമായിരുന്നു. അത് ചെയ്യാതെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ ഇപ്പോള്‍ ശമ്പളക്കമ്മീഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
നടപ്പു സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതി 38 ശതമാനം മാത്രം നടപ്പാക്കിയ സര്‍ക്കാരാണ് ആനുകൂല്യങ്ങള്‍ വാരിക്കോരി പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ തനത് വരുമാനം വര്‍ദ്ധിച്ചുവെന്ന് അവകാശപ്പെടുമ്പോഴും എല്ലാ മേഖലകളിലും കനത്ത വെട്ടിക്കുറവാണ് സര്‍ക്കാര്‍ ഇതുവരെ വരുത്തിയത്. ഉദാഹരണത്തിന്, 70 കോടി രൂപ വന്യജീവി ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ നീക്കിവെയ്ക്കുന്നുവെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന്റെ 20 ശതമാനം മാത്രമാണ് ചിലവഴിച്ചത്. മറ്റ് മേഖലകളിലും ഇത് തന്നെയാണ് അവസ്ഥ.
ഇത് നടപ്പാക്കുന്നതിന് ഉദ്ദേശിച്ചുള്ള ബജറ്റല്ല ഇതെന്ന വിമര്‍ശനം ഇതോടെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുകയാണ്. തങ്ങള്‍ ജയിക്കില്ലെന്ന് നന്നായറിയാവുന്ന ഇടതുമുന്നണി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വിമര്‍ശിക്കുന്നു. ഇതല്ല, അടുത്ത സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റായിരിക്കും നാട്ടില്‍ നടപ്പാവുക എന്നും അദ്ദേഹം പറയുന്നു
വീണ്ടും വരുന്നു ശമ്പള കമ്മീഷന്‍
