ഫെബ്രുവരി 27, 28 തിയ്യതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേല്‍ സന്ദര്‍ശിക്കും

ഫെബ്രുവരി 27, 28 തിയ്യതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേല്‍ സന്ദര്‍ശിക്കും


ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫെബ്രുവരി 27, 28 തിയ്യതികളില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കും. മൂന്നാം കാലാവധിയിലെ അദ്ദേഹത്തിന്റെ ആദ്യ ഇസ്രയേല്‍ സന്ദര്‍ശനമാണിത്. ഏകദേശം ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ ഈ യാത്ര. ഇസ്രയേല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി, സൈബര്‍ സുരക്ഷ, ഭീകരവിരുദ്ധ സഹകരണം തുടങ്ങിയ മേഖലകളിലെ തന്ത്രപരമായ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

ഈ മാസം ആദ്യം പ്രധാനമന്ത്രി മോഡിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രണ്ടുമാസത്തിനിടെ രണ്ടാം തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഭീകരവാദത്തിനെതിരെ സഹിഷ്ണുതയില്ലാത്ത നയം തുടരുന്നതായി ഇരു രാജ്യങ്ങളും അന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഗാസ സമാധാന പദ്ധതി നടപ്പാക്കലും പുരോഗതിയും സംബന്ധിച്ച് നെതന്യാഹു വിശദീകരിച്ചു. മേഖലയിലെ നീതിയുക്തവും ദീര്‍ഘകാലവുമായ സമാധാനത്തിന് ഇന്ത്യയുടെ സ്ഥിരമായ പിന്തുണ പ്രധാനമന്ത്രി മോഡി ആവര്‍ത്തിച്ചു. 2023 ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച ആദ്യ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഗാസയില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ നടപ്പാക്കണമെന്ന് ഇന്ത്യ സ്ഥിരമായി ആവശ്യപ്പെട്ടുവരികയാണ്.

കഴിഞ്ഞ വര്‍ഷം വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറും മന്ത്രി പീയുഷ് ഗോയലും ഇസ്രയേലും ഇസ്രയേല്‍ സാമ്പത്തിക മന്ത്രി നിര്‍ ബര്‍ക്കത്, ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്, വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ സആര്‍ എന്നിവര്‍ ഇന്ത്യയും സന്ദര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ സജീവമാണ്. എഫ് ടി എ ചര്‍ച്ചകള്‍ ഔപചാരികമായി ആരംഭിക്കുന്നതിനുള്ള ടേംസ് ഓഫ് റഫറന്‍സ് ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. വ്യാപാര ചര്‍ച്ചകളുടെ ഭാഗമായി ഫെബ്രുവരിയില്‍ ഒരു ഇസ്രയേല്‍ പ്രതിനിധി സംഘം ഡല്‍ഹി സന്ദര്‍ശിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം ഇന്ത്യ- മിഡില്‍ ഈസ്റ്റ്- യൂറോപ്പ് ഇടനാഴി പദ്ധതിക്ക് പുതിയ താത്പര്യം നല്‍കുമെന്നാണ് വിലയിരുത്തല്‍.

പ്രധാനമന്ത്രി മോഡിയുടെ അവസാന ഇസ്രയേല്‍ സന്ദര്‍ശനം 2017 ജൂലൈയിലായിരുന്നു. ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു മോഡി. പ്രസ്തുത സന്ദര്‍ശനത്തിനിടയില്‍ സാധാരണയായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് മാത്രം നല്‍കുന്ന ബഹുമതി പോലെ പ്രധാനമന്ത്രി നെതന്യാഹു യാത്രയുടെ ഭൂരിഭാഗം സമയവും മോഡിക്കൊപ്പം ഉണ്ടായിരുന്നു. 1992ല്‍ സ്ഥാപിതമായ ഇന്ത്യ- ഇസ്രയേല്‍ പൂര്‍ണ നയതന്ത്ര ബന്ധങ്ങളുടെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിരുന്നു ആ സന്ദര്‍ശനം. പ്രതിരോധം, സൈബര്‍ സുരക്ഷ, കൃഷി, ജലസാങ്കേതികവിദ്യ, നവീകരണം, ഭീകരവിരുദ്ധ സഹകരണം തുടങ്ങിയ മേഖലകളിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലായിരുന്നു അന്നത്തെ ശ്രദ്ധ.

പ്രസ്തുത സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മോഡി റാമല്ല സന്ദര്‍ശിക്കാതെയും പാലസ്തീന്‍ നേതാക്കളെ കാണാതെയുമിരുന്നത് ഇസ്രയേലുമായുള്ള ഇന്ത്യയുടെ 'ഡി-ഹൈഫനേറ്റഡ്' നയതന്ത്ര സമീപനത്തിന്റെ സൂചനയായിട്ടാണ് വിലയിരുത്തിയത്.