ആണവ കരാറിന് തയ്യാറായില്ലെങ്കില്‍ ജൂണിലേതിനേക്കാള്‍ ഭീകരാക്രമണമെന്ന് ഇറാന് ട്രംപിന്റെ ഭീഷണി

ആണവ കരാറിന് തയ്യാറായില്ലെങ്കില്‍ ജൂണിലേതിനേക്കാള്‍ ഭീകരാക്രമണമെന്ന് ഇറാന് ട്രംപിന്റെ ഭീഷണി


വാഷിങ്ടണ്‍: ഇറാന്‍ ആണവ പദ്ധതി നിയന്ത്രിക്കുന്ന കരാറിന് തയ്യാറായില്ലെങ്കില്‍ ജൂണില്‍ നടത്തിയ ആക്രമണത്തേക്കാള്‍ ഭീകരമായ സൈനിക നടപടി സ്വീകരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ജൂണില്‍ ഇറാന്റെ ആണവ കേ്ന്ദ്രങ്ങള്‍ക്ക് നേരെ യു എസ് ആക്രമണം നടത്തിയിരുന്നു. 

നാവിക സേനാസമൂഹം ഇറാനിലേക്കു നീങ്ങുകയാണെന്നും വെനിസ്വേലയിലേക്കു അയച്ചതിനെക്കാള്‍ വലിയ നാവികസേനയ്ക്ക് വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണ്‍ ആണ് നേതൃത്വം നല്‍കുന്നതെന്നും ആവശ്യമെങ്കില്‍ വേഗത്തിലും ശക്തിയോടെയും ദൗത്യം നിറവേറ്റാന്‍ സന്നദ്ധവും സജ്ജവുമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇറാന്‍ വേഗത്തില്‍ ചര്‍ച്ചാ മേശയിലേക്കെത്തി നീതിയുക്തവും സമവായപരവുമായ കരാറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എല്ലാ പക്ഷങ്ങള്‍ക്കും ഗുണകരമായിരിക്കും കരാറെന്നും ഇക്കാര്ംയ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാറിന് ഇറാന്‍ തയ്യാറായില്ലെങ്കില്‍ ജൂണില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് നിരവധി ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണത്തേക്കാള്‍ ശക്തമായ നടപടിയിലേക്ക് അമേരിക്ക കടക്കുമെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

വിമാനവാഹിനിക്കപ്പലും മൂന്ന് ഡിസ്ട്രോയറുകളും ഉള്‍പ്പെടുന്ന യു എസ് എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി യുദ്ധസംഘം ഇറാനും അതിനോട് ചേര്‍ന്ന ജലപ്രദേശങ്ങളും ഉള്‍പ്പെടുന്ന യു എസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് പരിധിയില്‍ പ്രവേശിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി ബി എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംഘം അന്തിമമായി വിന്യസിക്കേണ്ട സ്ഥലത്ത് എത്തിയിട്ടുണ്ടോ എന്നത് വ്യക്തമല്ല.

പരസ്പര ബഹുമാനത്തെയും താത്പര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള സംവാദത്തിന് തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ അമിത സമ്മര്‍ദ്ദം ചെലുത്തിയാല്‍ തങ്ങള്‍ സ്വയം പ്രതിരോധിക്കുകയും ഇതുവരെ കാണാത്ത വിധം പ്രതികരിക്കുകയും ചെയ്യുമെന്ന് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ  ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇറാന്റെ ദൗത്യസംഘം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. 

അഫ്ഗാനിസ്ഥാനിലും ഇറാഖിലും യു എസ് നടത്തിയ യുദ്ധങ്ങളില്‍ 7 ട്രില്യണ്‍ ഡോളറിലധികം പാഴാക്കുകയും 7,000ലധികം അമേരിക്കന്‍ ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തുവെന്നും ഇറാന്‍ ദൗത്യം ചൂണ്ടിക്കാട്ടി. 

ഏത് ആക്രമണത്തിനും തങ്ങള്‍ സജ്ജമാണെന്ന് ഇറാന്റെ സൈനിക മേധാവി ബുധനാഴ്ച അറിയിച്ചു.

എന്തെങ്കിലും സംഭവിച്ചാല്‍ ശത്രുവിന് കനത്ത നാശം അനുഭവിക്കേണ്ടിവരുമെന്നും ഇറാന്‍ സ്റ്റേറ്റ് മീഡിയ ഉദ്ധരിച്ച് സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫും ഡെപ്യൂട്ടി കോഓര്‍ഡിനേറ്ററുമായ റിയര്‍ അഡ്മിറല്‍ ഹബീബുല്ല സയ്യാരി പറഞ്ഞു. ഭൂമിയിലും ആകാശത്തിലും കടലിലും ഏത് ഭീഷണിയെയും നേരിടാന്‍ തങ്ങള്‍ സജ്ജരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ ഉള്‍പ്പെടെ മേഖലയിലെ രാജ്യങ്ങളിലെ ഭരണാധികാരികളുമായി താന്‍ തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി പറഞ്ഞു. തെഹ്‌റാനെതിരെ പുതിയ സൈനിക നടപടി സ്വീകരിച്ചാല്‍ മിഡില്‍ ഈസ്റ്റ് മുഴുവന്‍ അസ്ഥിരമാകുമെന്നതില്‍ എല്ലാവരും യോജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത ദിവസങ്ങളില്‍ യു എസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫുമായി താന്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും വാഷിങ്ടണുമായി പുതിയ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇറാന്‍ ശ്രമിച്ചിട്ടില്ലെന്നും അറാഘ്ചി പറഞ്ഞു. എന്നാല്‍ ഇടനിലക്കാരിലൂടെ ആശയവിനിമയം തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈനിക ഭീഷണികളിലൂടെ നയതന്ത്രം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ല എന്നതാണ് തങ്ങളുടെ നിലപാടെന്ന് അറാഘ്ചി പറഞ്ഞു. ചര്‍ച്ചകള്‍ വേണമെങ്കില്‍, ഭീഷണികളും അമിത ആവശ്യങ്ങളും യുക്തിരഹിത വിഷയങ്ങളും ഉപേക്ഷിക്കണമെന്നും ചര്‍ച്ചകള്‍ക്ക് സ്വന്തം തത്വങ്ങളുണ്ടെന്നും അവ സമത്വത്തോടെയും പരസ്പര ബഹുമാനത്തോടെയും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

2015ല്‍ ഒപ്പുവച്ച അന്താരാഷ്ട്ര ആണവ കരാര്‍ പ്രകാരം ഇറാന്‍ യൂറേനിയം സമ്പുഷ്ടീകരണത്തിന് നിയന്ത്രണങ്ങള്‍ അംഗീകരിക്കുകയും പുറംനിരീക്ഷണത്തിന് വഴങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപ് 2018ലെ തന്റെ ആദ്യ ഭരണകാലത്ത് യു എസിനെ കരാറില്‍ നിന്ന് പിന്‍വലിച്ചിരുന്നു. 

ജോയിന്റ് കോംപ്രഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെസിപിഒഎ) എന്നറിയപ്പെടുന്ന ഈ കരാര്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് ചര്‍ച്ച ചെയ്ത്, ഇറാന്‍, യു എസ്, ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, ജര്‍മനി, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ചേര്‍ന്നാണ് ഒപ്പുവച്ചത്. കരാര്‍ ഇറാന് കൂടുതല്‍ ഇളവ് നല്‍കുന്നതാണെന്ന വിമര്‍ശനം ട്രംപ് ദീര്‍ഘകാലമായി ഉന്നയിച്ചിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങള്‍ കരാര്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും യു എസിന്റെ ഏകപക്ഷീയ പിന്മാറ്റത്തെ തുടര്‍ന്ന് ഇറാന്‍ ക്രമേണ കരാര്‍ വ്യവസ്ഥകളില്‍ നിന്ന് പിന്മാറുകയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇറാന്റെ ആണവ പദ്ധതി ഗണ്യമായി ശക്തിപ്പെട്ടതായാണ് വിലയിരുത്തല്‍.