ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിനു പിന്നാലെ അഴിമതിക്കേസില്‍ പ്രഥമ വനിതയും ഇരുമ്പഴിക്കുള്ളിലായി

ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിനു പിന്നാലെ അഴിമതിക്കേസില്‍ പ്രഥമ വനിതയും ഇരുമ്പഴിക്കുള്ളിലായി


സോള്‍ : ദക്ഷിണ കൊറിയയുടെ മുന്‍ ഫസ്റ്റ് ലേഡി കിം കിയോണ്‍ ഹീ (Kim Keon Hee) അഴിമതി കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു വര്‍ഷവും എട്ട് മാസവും തടവിന് ശിക്ഷിച്ചു ബുധനാഴ്ച (ജനുവരി 28) സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഐക്യചര്‍ച്ച് (Unification Church) ഉള്‍പ്പെടെയുള്ള മതവ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഞ്ചവും ആഡംബര സമ്മാനങ്ങളും സ്വീകരിച്ചെന്ന കുറ്റം തെളിഞ്ഞതോടെയാണ് കോടതി നടപടി. വിധി പ്രസ്താവം തത്സമയം ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തു.

 'കുറ്റകൃത്യങ്ങള്‍ ഗുരുതരവും പൊതുജനവിശ്വാസത്തെ ദോഷകരമായി ബാധിക്കുന്നതുമാണ്' എന്ന് കോടതി വിധി പ്രഖ്യാപിച്ച ജഡ്ജി വൂ ഇന്‍സങ്, നിരീക്ഷിച്ചു. അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍ പ്രകാരം, ചാനല്‍ ബ്രാന്‍ഡിലെ രണ്ട് ഹാന്‍ഡ്ബാഗുകളും, വിലയേറിയ വജ്രമാലയും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് കിം കിയോണ്‍ ഹീ സ്വീകരിച്ചത്. ഇവ പ്രസിഡന്റിന്റെ അടുത്ത വൃത്തത്തില്‍ സ്വാധീനം ചെലുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഐക്യചര്‍ച്ച് നേതാവ് ഹാന്‍ ഹാക് ജയിനെയും കേസില്‍ വിചാരണ ചെയ്യുന്നുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന മതവും സ്റ്റേറ്റും വ്യത്യസ്തമായിരിക്കണമെന്ന തത്വം ലംഘിച്ചുവെന്നും, നിയമത്തിന് മുകളിലായിരുന്നു പ്രതിയുടെ നിലപാടെന്നും പ്രോസിക്യൂട്ടര്‍ മിന്‍ ജോങ് കി കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഓഹരി വില കൃത്രിമമായി നിയന്ത്രിച്ചുവെന്നതും രാഷ്ട്രീയ ധനസഹായ നിയമലംഘനവുമായി ബന്ധപ്പെട്ടുമുള്ള മറ്റു ചില കുറ്റങ്ങളില്‍ നിന്ന് കിം കിയോണ്‍ ഹിയെ കോടതി വെറുതെവിട്ടു.

മുന്‍ പ്രസിഡന്റ് യൂണ്‍ സുക് യോളിന് പിന്നാലെയാണ് കിം കിയോണ്‍ ഹിയെയും ശിക്ഷിച്ചത്.  2024ല്‍ നടത്തിയ വിവാദമായ മാര്‍ഷ്യല്‍ ലോ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കേസില്‍ യൂണ്‍ സുക് യോള്‍ നേരത്തെ തന്നെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പദവിയില്‍ നിന്ന് നീക്കപ്പെട്ട ശേഷമാണ് അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. യൂണ്‍ ഇപ്പോഴും മരണശിക്ഷ വരെ ലഭിക്കാവുന്ന മറ്റൊരു കേസും നേരിടുന്നുണ്ട്.

ഇതോടെ, ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ ആദ്യമായി മുന്‍ പ്രസിഡന്റ് ദമ്പതികള്‍ ഇരുവരും ശിക്ഷിക്കപ്പെടുന്ന അപൂര്‍വ്വ സംഭവത്തിനാണ് രാജ്യം സാക്ഷിയായിരിക്കുന്നത്.