അപകടത്തിൽപെട്ടത് 16 വർഷം പഴക്കമുള്ള വിമാനം; ആരും രക്ഷപ്പെട്ടില്ല

അപകടത്തിൽപെട്ടത് 16 വർഷം പഴക്കമുള്ള വിമാനം; ആരും രക്ഷപ്പെട്ടില്ല


ബാരാമതി: അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റുനാലുപേരും കൊല്ലപ്പെട്ടതായി ഡിജിസിഎ സ്ഥിരീകരിച്ചു. വിധിപ് ജാദവ്, പിങ്കി മാലി, സുമിൽ കപൂർ, ശംഭാനി പഥക് എന്നിവരാണ് മരിച്ച മറ്റുള്ളവർ. 16 വർഷം പഴക്കമുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്. 

പവാറിന്റെ മരണത്തിൽ മഹാരാഷ്ട്ര സർക്കാർ മൂന്നു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോഡി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി..സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു.
1959 ജൂലൈ 22ന് ജനിച്ച അജിത് പവാർ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായിരുന്നു. 'ദാദാ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം, ആറു തവണകളിലായി മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത റെക്കോർഡ് നേടിയിരുന്നു. ബാല്യത്തിൽ തന്നെ പിതാവ് അനന്തറാവു പവാറിനെ നഷ്ടപ്പെട്ട അജിത് പവാർ പിന്നീട് രാഷ്ട്രീയത്തിലെ വമ്പനായ അമ്മാവൻ ശരദ് പവാറിന്റെ സംരക്ഷണത്തിലായിരുന്നു വളർന്നത്.

രാഷ്ട്രീയ ജീവിതം

1982ൽ ഒരു പഞ്ചസാര സഹകരണ സംഘത്തിന്റെ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അജിത് പവാറിന്റെ പൊതുജീവിതം ആരംഭിക്കുന്നത്. 1991ൽ ബാരാമതിയിൽ നിന്ന് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിലൂടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു. പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച അജിത് പവാർ ബാരാമതി നിയമസഭാ സീറ്റ് തുടർച്ചയായി ജയിച്ച് മൂന്ന് പതിറ്റാണ്ടോളം അതിനെ സ്വന്തം കോട്ടയാക്കി മാറ്റി.

ജലസേചനം, ജലവിഭവം, ധനകാര്യം തുടങ്ങിയ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്ത അദ്ദേഹം മഹാരാഷ്ട്രയുടെ ബജറ്റ് രൂപീകരണത്തിലും ഭരണനയങ്ങളിലും നിർണായക സ്വാധീനം ചെലുത്തി. അതേസമയം, രാഷ്ട്രീയ കൊടുങ്കാറ്റുകളും വിവാദങ്ങളും അദ്ദേഹത്തിന്റെ കരിയറിന്റെ ഭാഗമായിരുന്നു.

എൻസിപിയിലെ പിളർപ്പ്

2023 ജൂലൈയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ വലിയ പിളർപ്പുണ്ടായി. അജിത് പവാർ ഭൂരിഭാഗം എംഎൽഎമാരുമായി അമ്മാവൻ ശരദ് പവാറിൽ നിന്ന് വേർപിരിഞ്ഞ് ബിജെപി-ശിവസേന മഹായുതി സർക്കാരിൽ ചേർന്നു. തുടർന്നുണ്ടായ നിയമപോരാട്ടത്തിൽ പാർട്ടിയുടെ പേര്, ചിഹ്നം എന്നിവ അജിത് പവാർ വിഭാഗത്തിന് ലഭിച്ചു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂവെങ്കിലും, 2025 നിയമസഭാ തെരഞ്ഞെടുപ്പിൽ 41 സീറ്റുകൾ നേടി ശക്തി തെളിയിച്ചു. മരണത്തിന് മുൻപ്, രണ്ട് പവാർ വിഭാഗങ്ങളും അടുത്തുവരുന്നതിന്റെ സൂചനയായി 2026 ജനുവരി മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾക്കായി സംയുക്ത പ്രകടനപത്രിക പുറത്തിറക്കിയിരുന്നു.

2019ലെ 80 മണിക്കൂർ സർക്കാർ

2019 നവംബറിൽ ബിജെപിയുമായി ചേർന്ന് ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സംഭവം അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വിവാദമായ ഘട്ടങ്ങളിലൊന്നായിരുന്നു. എന്നാൽ നിയമസഭാ പിന്തുണ ലഭിക്കാതെ 80 മണിക്കൂറിനുള്ളിൽ സർക്കാർ വീണതോടെ അത് വലിയ രാഷ്ട്രീയ നാണക്കേടായി മാറി.

കുടുംബം

1985ൽ വിവാഹിതനായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ രാജ്യസഭാ എംപിയാണ്. മക്കളായ പാർത്ഥ് പവാർ, ജയ പവാർ എന്നിവർ യഥാക്രമം രാഷ്ട്രീയത്തിലും ബിസിനസിലും സജീവമാണ്. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ, സഹോദരപുത്രൻ രോഹിത് പവാർ തുടങ്ങിയവരും പ്രമുഖ രാഷ്ട്രീയ നേതാക്കളാണ്.

അപകടത്തിന്റെ വിശദാംശങ്ങൾ 

 ലാൻഡിംഗിനിടയിൽ വിമാനം സാങ്കേതിക തകരാറുകളും കുലുക്കവും നേരിട്ടുവെന്നാണ് ഡിജിസിഎ നൽകുന്ന പ്രാഥമിക വിവരം. രണ്ടാം ശ്രമത്തിനിടെയാണ് പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതെന്നും, റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം തീപിടിച്ച് പൊട്ടിത്തെറിച്ചതെന്നുമാണ് ദൃക്‌സാക്ഷികളുടെ മൊഴി.