ബാര്‍മര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കലക്ടര്‍ക്ക് സംഭവിച്ച നേരിയ പിഴവ് ഐ എ എസ് ഉദ്യോഗസ്ഥയെ സാമൂഹ്യ മാധ്യമങ്ങള്‍ 'എയറി'ലാക്കി. റിപ്പബ്ലിക്ക് ദിനത്തില്‍ കലക്ടറേറ്റ് പരിസരത്ത് നടന്ന ഔദ്യോഗിക ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് പിന്നാലെയാണ് ടിനാ ഡാബിക്ക് അബദ്ധം പറ്റിയത്. ഇത് വീഡിയോകളിലൂടെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയായിരുന്നു.
വൈറലായ വീഡിയോയില്‍ ജില്ലാ കലക്ടര്‍ ടിനാ ഡാബി റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം സല്യൂട്ട് നല്‍കാനായി അവര്‍ തെറ്റായ ദിശയിലേക്ക് തിരിയുകയായിരുന്നു. കലക്ടര്‍ക്ക് മാത്രമല്ല കാണുന്നവര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്നതായിരുന്നു ദൃശ്യങ്ങള്‍. വീഡിയോയ്ക്ക് ലക്ഷക്കണക്കിനാണ് കാഴ്ചകള്‍ ലഭിച്ചത്.
ജില്ലാ കലക്ടര്‍ തെറ്റായ ദിശയിലേക്ക് തിരിഞ്ഞപ്പോള്‍ ഒരു സുരക്ഷാ ജീവനക്കാരനാണ് പിഴവ് ചൂണ്ടിക്കാട്ടി ശരിയായ ദിശയിലേക്ക് സൂചന നല്‍കിയത്. അബദ്ധം മനസ്സിലാക്കിയ ടിനാ ഡാബി ഉടന്‍ തിരുത്തി ശരിയായ ദിശയില്‍ സല്യൂട്ട് നല്‍കുകയായിരുന്നു. ഏതാനും സെക്കന്റ് മാത്രമുണ്ടായ അബദ്ധത്തില്‍ ചടങ്ങില്‍ തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കിലും വീഡിയോ നെറ്റിസണ്‍സ് ഏറ്റുപിടിച്ചു.
ഈ സംഭവത്തെക്കുറിച്ച് ടിനാ ഡാബി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചില്ലെങ്കിലും പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നിരവധി ഔദ്യോഗിക പരിപാടികള്‍ ഉള്‍പ്പെട്ട തിരക്കേറിയ ഷെഡ്യൂളിനിടെയുണ്ടായ ക്ഷണിക ആശയക്കുഴപ്പമാണ് അബദ്ധത്തിന് കാരണമെന്നാണ് ടിനാ ഡാബിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇത്തരത്തിലുള്ള ചടങ്ങുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നായിരുന്നു ചിലരുടെ അഭിപ്രായം. ചിലര്‍ അവരുടെ വിദ്യാഭ്യാസ പശ്ചാത്തലവും ഉദ്യോഗജീവിതവും ചൂണ്ടിക്കാട്ടുകയും ചെയ്തു. 2015ലെ യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആള്‍ ഇന്ത്യയില്‍ എസ് സി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തിയാണെന്ന കാര്യം ചൂണ്ടിക്കാട്ടി ഈ സംഭവം അശ്രദ്ധയെ തുടര്‍ന്ന് സംഭവിച്ചതാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
ടിനാ ഡാബിയുടെ മാതാപിതാക്കള്‍ ഐ എ എസ്, ഐ ഇ എസ് ഉദ്യോഗസ്ഥരാണെന്ന കാര്യവും ചിലര്‍ ചൂണ്ടിക്കാട്ടി.
ചില നെറ്റിസണ്‍സ് ഈ സംഭവത്തെ പ്രോട്ടോകോള്‍ ലംഘനം എന്ന് വിശേഷിപ്പിച്ചു. യു പി എസ് സി തെരഞ്ഞെടുപ്പ് സംവിധാനത്തെ വിമര്‍ശിക്കാനും സംവരണ ക്വോട്ട വിഷയങ്ങളുമായി ബന്ധിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. 'റീല്‍ബാസ് ബാബു' (സോഷ്യല്‍ മീഡിയ പ്രാധാന്യമുള്ള ഉദ്യോഗസ്ഥ) തുടങ്ങിയ പരാമര്‍ശങ്ങളും ചില വിമര്‍ശകര്‍ നടത്തി.
ടിനാ ഡാബിയെ പിന്തുണക്കുന്നവരാകട്ടെ ഇത് 'മനുഷ്യസഹജമായ ചെറിയ പിഴവ്' മാത്രമാണെന്ന് ചൂണ്ടിക്കാട്ടി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നതിലെ കനത്ത ഭരണപരമായ സമ്മര്‍ദ്ദങ്ങള്‍ ഇത്തരം ചെറിയ പിഴവുകള്‍ക്ക് കാരണമാകാമെന്നും സംഭവത്തെ അനാവശ്യമായി വലുതാക്കി കാണിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.
