മിനിയാപ്പൊളിസ്: തടവിലുള്ള ആവശ്യമായ നിയമപരമായ നടപടികൾ ഉറപ്പാക്കാൻ നൽകിയ കോടതി ഉത്തരവുകൾ ട്രംപ് ഭരണകൂടം പാലിച്ചിട്ടില്ലെന്ന് മിന്നസോട്ടയിലെ ചീഫ് ഫെഡറൽ ജഡ്ജി വ്യക്തമാക്കി. അതിനാൽ യു എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ഐ സി ഇ) ആക്ടിംഗ് ഡയറക്ടർ ടോഡ് ലൈയൺസ് വെള്ളിയാഴ്ച നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. കോടതിയെ അവഹേളിച്ചുവെന്ന കുറ്റം ചുമത്താതിരിക്കാൻ കാരണം വ്യക്തമാക്കാനാണ് ഹാജരാകേണ്ടത്. ഉത്തരവിൽ ചീഫ് ജഡ്ജി പാട്രിക് ജെ ഷിൽറ്റ്സ് തടവിലാക്കിയ കുടിയേറ്റക്കാർക്ക് ബോണ്ട് ഹിയറിംഗുകൾ നടത്തുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് കടുത്ത ഭാഷയിൽ വിമർശിച്ചു. നൂറുകണക്കിന് ഹേബിയസ് കോർപ്പസ് ഹർജികളും മറ്റ് നിയമനടപടികളും ഉണ്ടാകുമെന്ന് ഉറപ്പായിരിക്കെ, അതിന് വേണ്ട ക്രമീകരണങ്ങളൊന്നുമില്ലാതെ ആയിരക്കണക്കിന് ഏജന്റുമാരെ മിന്നസോട്ടയിലേക്ക് അയച്ച് കുടിയേറ്റക്കാരെ തടവിലാക്കാൻ തീരുമാനിച്ചത് ശരിയല്ലെന്ന് ജഡ്ജി ഉത്തരവിൽ രേഖപ്പെടുത്തി.
സംസ്ഥാനത്തെ കുടിയേറ്റ നടപടി ശക്തമാക്കാനുള്ള ചുമതല പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിർത്തി ചുമതലയുള്ള ഉദ്യോഗസ്ഥൻ ടോം ഹോമൻക്ക് കൈമാറിയതിന്റെ ഒരുദിവസത്തിന് ശേഷമാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മിന്നസോട്ടയിൽ ഈ മാസം കുടിയേറ്റ നിയമപ്രവർത്തകന്റെ ഇടപെടലിൽ രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തിരുന്നു.
കോടതി ഉത്തരവുകൾ പാലിക്കേണ്ട ബാധ്യത തങ്ങൾ അംഗീകരിക്കുന്നുവെന്നും അത് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവെന്നും കോടതിയെ അറിയിച്ചിട്ടുണ്ടെങ്കിലും ലംഘനങ്ങൾ തുടരുകയാണെന്നും ജഡ്ജി ഷിൽറ്റ്സ് ഉത്തരവിൽ വ്യക്തമാക്കി.
ഒരു ഫെഡറൽ ഏജൻസിയുടെ മേധാവിയെ നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർബന്ധിക്കുന്നത് അസാധാരണമാണെന്ന് അംഗീകരിച്ച ജഡ്ജി കോടതി ഉത്തരവുകളുടെ ലംഘനവും അത്രതന്നെ അസാധാരണമാണെന്ന് പറഞ്ഞു. കുറഞ്ഞ തലത്തിലുള്ള നടപടികൾ എല്ലാം പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി.
കേസിലെ ഹർജിക്കാരനെ ജുവാൻ ടി ആർ എന്ന ആദ്യനാമവും ചുരുക്കപ്പേരും ഉപയോഗിച്ചാണ് കോടതി രേഖകളിൽ പരാമർശിച്ചിരിക്കുന്നത്. ജനുവരി 14ന് ഇയാൾക്ക് ഏഴ് ദിവസത്തിനകം ബോണ്ട് ഹിയറിംഗ് അനുവദിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ, ജനുവരി 23ന് ഹർജിക്കാരന്റെ അഭിഭാഷകർ ഇയാൾ ഇപ്പോഴും തടവിൽ തുടരുകയാണെന്ന് കോടതിയെ അറിയിച്ചു.
ഹർജിക്കാരനെ തടവിൽ നിന്ന് വിട്ടയച്ചാൽ ടോഡ് ലൈയൺസിന്റെ കോടതിയിൽ ഹാജരാകാനുള്ള ഉത്തരവ് റദ്ദാക്കുമെന്ന് ജഡ്ജി ഉത്തരവിൽ വ്യക്തമാക്കി.
