ബറാമതി (മഹാരാഷ്ട്ര): മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ചിരുന്ന ചാർട്ടർ വിമാനം ബറാമതി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ തകർന്നു വീണു. അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. രാവിലെ 8.45ഓടെയായിരുന്നു അപകടം.
ആദ്യം അജിത് പവാറിന് ഗുരുതരമായി പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, പിന്നീട് ചികിത്സയ്ക്ക് മുൻപേ തന്നെ അദ്ദേഹം മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. മുംബൈയിൽ നിന്ന് ബറാമതിയിലേക്ക് പുറപ്പെട്ട വിമാനം ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
അപകടം അത്യന്തം ഗുരുതരമായിരുന്നു. വിമാനം തകർന്നതിന് പിന്നാലെ അതിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തിനശിച്ചു. സംഭവസ്ഥലത്ത് പൊലീസും അഗ്‌നിശമന സേനയും രാഷ്ട്രീയ പ്രവർത്തകരും അടക്കം രക്ഷാപ്രവർത്തനത്തിന് എത്തി.
ബറാമതിയിൽ നാല് തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാനായിരുന്നു അജിത് പവാറിന്റെ യാത്ര. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും തിരിച്ചറിയൽ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ബ്ലാക്ക് ബോക്‌സ് ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് വിശദമായ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും ഡിജിസിഎ വ്യക്തമാക്കി.
