ടൗൺഹാളിൽ ആക്രമണം: കോൺഗ്രസ് അംഗം ഇൽഹാൻ ഒമാറിനുമേൽ അജ്ഞാത ദ്രാവകം തളിച്ചു; പ്രതി പിടിയിൽ

ടൗൺഹാളിൽ ആക്രമണം: കോൺഗ്രസ് അംഗം ഇൽഹാൻ ഒമാറിനുമേൽ അജ്ഞാത ദ്രാവകം തളിച്ചു; പ്രതി പിടിയിൽ


മിനിയാപോളിസ്: മിന്നസോട്ടയിൽ നടന്ന ടൗൺഹാൾ യോഗത്തിനിടെ യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമാറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സിറിഞ്ച് ഉപയോഗിച്ചാണ് പ്രതി ദ്രാവകം തളിച്ചതെന്ന് പൊലീസ് സംഭവ റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂന്നാം ഡിഗ്രി ആക്രമണക്കുറ്റം ചുമത്തി ഇയാളെ ഹെനെപ്പിൻ കൗണ്ടി ജയിലിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രസംഗത്തിനിടെ അപ്രതീക്ഷിതമായി വേദിയിലേക്ക് ഓടിയെത്തിയ പ്രതി, ഒമാറിനടുത്തേക്ക് ദ്രാവകം തളിച്ചതോടെയാണ് സംഭവം. ഉടൻ തന്നെ മിനിയാപോളിസ് പൊലീസ് ഇടപെട്ട് ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഒമാറിന് പരിക്കുകളൊന്നുമില്ലെന്നും, പിന്നീട് അവർ യോഗത്തിൽ സംസാരിക്കുന്നത് തുടരുകയായിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

തളിച്ച ദ്രാവകം എന്താണെന്നതും അത് ഒമാറിനെ നേരിട്ട് ബാധിച്ചോയെന്നതും വ്യക്തമല്ല. എന്നാൽ, വേദിയിലെ മൈക്രോഫോണിലൂടെ ഒരു സ്റ്റാഫ് അംഗം 'അവർക്ക് മേൽ ദ്രാവകം തളിച്ചിട്ടുണ്ട്, പരിശോധിക്കേണ്ടതുണ്ട്' എന്ന് പറയുന്നതായി കേട്ടതായി സാക്ഷികൾ പറയുന്നു. സംഭവസ്ഥലം പരിശോധിക്കാൻ സിറ്റി ഫോറൻസിക് സംഘവും സ്ഥലത്തെത്തി.

ആക്രമണത്തിന് പിന്നാലെ പ്രതികരിച്ച ഇൽഹാൻ ഒമാർ, തനിക്ക് അസ്വസ്ഥതകളൊന്നുമില്ലെന്നും, ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്നും പറഞ്ഞു. 'ഞാൻ യുദ്ധം അതിജീവിച്ച ആളാണ്. ഭീഷണിയെയും ഭയപ്പെടുത്തലിനെയും ഞാൻ അതിജീവിക്കും. അതിന് ഞാൻ ശക്തയാണ്,' അവർ വ്യക്തമാക്കി.

സംഭവത്തെ 'അസ്വീകാര്യമായ അതിക്രമം' എന്നാണ് യുഎസ് കാപിറ്റൽ പൊലീസ് വിശേഷിപ്പിച്ചത്. 'സ്ഥലത്തെ സുരക്ഷാസംഘങ്ങളും പ്രാദേശിക നിയമപ്രവർത്തക ഏജൻസികളും അതിവേഗം ഇടപെട്ടതിൽ നന്ദിയുണ്ട്. ഇത്തരത്തിലുള്ള അക്രമങ്ങൾ സമൂഹത്തിൽ ആവർത്തിക്കാതിരിക്കാൻ പ്രതിക്കെതിരെ പരമാവധി കടുത്ത നടപടികൾ സ്വീകരിക്കും,' പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

 'അക്രമികൾ ജയിക്കില്ല' എന്ന നിലപാടോടെയാണ് ആക്രമണത്തിന് ശേഷവും ടൗൺഹാൾ യോഗം തുടരാൻ അവർ തീരുമാനിച്ചതെന്ന് ഒമാറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിൽ പരിക്കുകളൊന്നുമില്ലെന്ന് സ്ഥിരീകരിച്ച പൊലീസ്, അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.