എൽ പാസോ (ടെക്‌സാസ്): അമേരിക്കൻ കുടിയേറ്റ വകുപ്പായ ഐസിഇയുടെ (ICE) കസ്റ്റഡിയിൽ മരിച്ച ക്യൂബൻ പൗരൻ ജെറാൾഡോ ലൂനാസ് കാംപോസിനെ സുരക്ഷാ ജീവനക്കാർ നിലത്തടിച്ച് ശ്വാസംമുട്ടിച്ചുവെന്ന ഗുരുതര ആരോപണങ്ങൾ. ടെക്‌സാസിലെ ഫോർട്ട് ബ്ലിസ് സൈനിക താവളത്തിനുള്ളിലെ ക്യാംപ് ഈസ്റ്റ് മൊണ്ടാന എന്ന കുടിയേറ്റ തടങ്കൽ കേന്ദ്രത്തിൽ തടവിലായിരുന്ന സഹതടവുകാരുടെ സത്യവാങ്മൂലങ്ങളിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്.
ജനുവരി 3നാണ് കാംപോസ് ഐസിഇ കസ്റ്റഡിയിൽ മരിച്ചത്. കഴിഞ്ഞ വർഷം ടെന്റ് സംവിധാനത്തിൽ പ്രവർത്തനം ആരംഭിച്ച ഈ തടങ്കൽ കേന്ദ്രത്തിൽ മരണമടയുന്ന മൂന്നാമത്തെ വ്യക്തിയാണ് കാംപോസ്. എൽ പാസോ കൗണ്ടി ഡെപ്യൂട്ടി മെഡിക്കൽ എക്‌സാമിനർ പുറത്തിറക്കിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, കഴുത്തിലും ശരീരഭാഗത്തുമുണ്ടായ ബലപ്രയോഗം മൂലമുള്ള ശ്വാസതടസ്സമാണ് (asphyxia) മരണകാരണം. മരണം കൊലപാതകമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കാംപോസിന്റെ കുടുംബത്തിനുവേണ്ടി അഭിഭാഷകർ സമർപ്പിച്ച അടിയന്തര ഹർജിയിൽ, സംഭവത്തിന്റെ സാക്ഷികളായ ചില തടവുകാരെ നാടുകടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു. ഫെഡറൽ ജഡ്ജി ഈ ഹർജി അംഗീകരിച്ചു. കാവൽക്കാർ കാംപോസിനെ ഞെരിച്ച് ശ്വാസംമുട്ടിച്ചുവെന്ന ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
മരിച്ച ദിവസം കാംപോസ് ആസ്ത്മയ്ക്കുള്ള മരുന്ന് ആവശ്യപ്പെട്ടതായി സത്യവാങ്മൂലത്തിൽ സഹതടവുകാരനായ ഹെന്റി ബൊലാനോ വെളിപ്പെടുത്തി. 'കാവൽക്കാരൻ 'മിണ്ടാതിരിക്കൂ, അല്ലെങ്കിൽ നിന്നെ ബോധംകെടത്തും' എന്നു പറഞ്ഞു. പിന്നീട് കേട്ടത്, ശ്വാസം കിട്ടാതെ അദ്ദേഹം 'എന്നെ വിടൂ, നിങ്ങൾ എന്നെ ശ്വാസംമുട്ടിക്കുന്നു' എന്നു നിലവിളിക്കുന്ന ശബ്ദമാണ്. അതിന് ശേഷം എല്ലാം നിശ്ശബ്ദമായി,' ബൊലാനോ പറഞ്ഞു.
മറ്റൊരു തടവുകാരനായ സാന്റോ ഹെസൂസ് ഫ്‌ളോറസ്, കാംപോസ് മരുന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ വലിയൊരു പിടിവലി നടന്നതായും, ശരീരം നിലത്തോ മതിലിലോ ഇടിക്കുന്ന ശബ്ദം കേട്ടതായും പറഞ്ഞു. 'അദ്ദേഹം ശ്വാസം കിട്ടുന്നില്ലെന്ന് അലറുന്നത് ഞാൻ കേട്ടു. പിന്നീട് ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് സാധിച്ചില്ല,' ഫ്‌ളോറസ് സാക്ഷ്യപ്പെടുത്തി.
ഇക്കാര്യത്തിൽ ചോദ്യങ്ങൾക്ക് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് (DHS) പ്രതികരിച്ചില്ലെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, മരണത്തിനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ, 'മരുന്നിനായി ക്യൂവിൽ നിൽക്കുമ്പോൾ കാംപോസ് അക്രമാസക്തനാവുകയും, ഡോർമിറ്ററിയിലേക്ക് മടങ്ങാൻ വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ ഒറ്റപ്പെടുത്തൽ വിഭാഗത്തിലേക്ക് മാറ്റി. അവിടെ അസ്വസ്ഥത പ്രകടമായതോടെ മെഡിക്കൽ സംഘത്തെ വിളിച്ചു' എന്നായിരുന്നു ഹാംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് വിശദീകരിച്ചത്.
ജൂലൈയിൽ ന്യൂയോർക്കിൽ നടന്ന കുടിയേറ്റ പരിശോധനയ്ക്കിടെയാണ് കാംപോസിനെ അറസ്റ്റ് ചെയ്തതെന്ന് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തയാളുമായി ലൈംഗിക സമ്പർക്കം, ആയുധം കൈവശം വെച്ചത് തുടങ്ങിയ മുൻ കുറ്റകൃത്യങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ഔദ്യോഗിക രേഖകൾ പറയുന്നു.
എന്നാൽ, സഹതടവുകാരുടെ വെളിപ്പെടുത്തലുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പുറത്തുവന്നതോടെ, ഐസിഇ തടങ്കൽ കേന്ദ്രങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമായിരിക്കുകയാണ്.
'എന്നെ വിടൂ, ശ്വാസംമുട്ടുന്നു': ഐസിഇ കസ്റ്റഡിയിൽ മരിച്ച ക്യൂബൻ കുടിയേറ്റക്കാരനെ ഗാർഡുകൾ മർദിച്ചതായി സാക്ഷികൾ
