ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചു

ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചു


പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പത്തനംതിട്ട സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ രാഹുല്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ശേഷമാണ് സെഷന്‍സ് കോടതിയുടെ തീരുമാനം.

അതേസമയം, രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത ആദ്യ രണ്ടു ബലാത്സംഗ കേസുകളില്‍ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവുകള്‍ നിലവിലുണ്ട്. മൂന്നാം കേസില്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍, പരാതിക്കാരിയുമായി ഉണ്ടായിരുന്ന ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദവും ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത സംബന്ധിച്ച സംശയവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ രാഹുല്‍ രണ്ടാഴ്ചയ്ക്കും അധികമായി ജയിലിലായിരുന്നു.

ഇതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് എതിരായി പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അതിജീവിതയും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്.