റിയാദ്: ഇറാനെതിരെ അമേരിക്ക സൈനികാക്രമണം നടത്തുകയാണെങ്കില്‍ അതിന് സ്വന്തം വ്യോമപരിധിയും ഭൂപ്രദേശവും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇതിനു മുമ്പ് യു എ ഇയും ഇതേ തീരുമാനം പ്രഖ്യാപിച്ചിരുന്നു.
ഇറാനിലെ പ്രതിഷേധക്കാര്‍ക്കെതിരെ നടത്തുന്ന അടിച്ചമര്‍ത്തലില്‍ ടെഹ്‌റാനെതിരെയുള്ള പ്രതികരണം ട്രംപ് ഭരണകൂടം പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനം പറഞ്ഞത്. ഇതോടെ ട്രംപിന്റെ വഴികള്‍ സങ്കീര്‍ണമായി.
രണ്ട് ഗള്‍ഫ് രാജ്യങ്ങളുടെയും പ്രഖ്യാപനങ്ങള്‍ യൂറേനിയം സമ്പുഷ്ടീകരണം നിര്‍ത്താനും പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കാനും ഇറാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ട്രംപ് ഭരണകൂടത്തിന് ഒരു വിദേശനയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.
സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ചൊവ്വാഴ്ച നടന്ന സംഭാഷണത്തെക്കുറിച്ചുള്ള സൗദി പ്രസ്താവനയില്‍ ഇറാനെതിരെ നടത്തുന്ന ഏതൊരു സൈനിക നടപടിക്കും സൗദി അറേബ്യയുടെ വ്യോമപരിധിയോ ഭൂപ്രദേശമോ ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്ന് കിരീടാവകാശി ഊന്നിപ്പറഞ്ഞതായി അറിയിച്ചു.
2019ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇറാന്‍ സൗദിയുടെ എണ്ണശുദ്ധീകരണ കേന്ദ്രങ്ങള്‍ ആക്രമിച്ച പശ്ചാത്തലത്തില്‍ ഇറാനുമായി നേരിട്ട് സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നതിനെക്കുറിച്ച് രാജ്യം ആശങ്കപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. സൗദിയും യു എ ഇയും മുമ്പ് ഇറാനും അതിന്റെ അനുബന്ധ സംഘങ്ങളും നടത്തിയ ആക്രമണങ്ങളുടെ ലക്ഷ്യങ്ങളായിട്ടുണ്ട്. ഇറാന്‍ ഭരണകൂടം ദുര്‍ബലമാണെങ്കിലും പ്രാദേശിക അസ്ഥിരതയും ഇറാന്റെ പ്രതികാരവും ഗള്‍ഫ് രാജ്യങ്ങള്‍ ഭയക്കുന്നതായി കാര്‍ണഗി എന്‍ഡൗമെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസിലെ കരിം സദ്ജാദ്പൂര്‍ പറഞ്ഞു.
ഇറാനിലെ സാഹചര്യം പ്രസിഡന്റ് ട്രംപ് അതീവ ഗൗരവത്തോടെ നിരീക്ഷിച്ചുവരികയാണെന്നും ഭരണകൂടം പ്രതിഷേധക്കാരെ വധിച്ചാല്‍ എല്ലാ വഴികളും പരിഗണനയിലാണെന്നും വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു.
അമേരിക്കയുടെ മുന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത് സൗദിയുടെയും യു എ ഇയുടെയും നിലപാട് സൈനിക പദ്ധതികളെ തടസ്സപ്പെടുത്തുമെങ്കിലും അമേരിക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അത് പൂര്‍ണമായി തടയാനാവില്ലെന്നാണ്.
ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട് ഇറാനെതിരായ ഏതൊരു അമേരിക്കന്‍ നടപടിക്കും പ്രവര്‍ത്തന സങ്കീര്‍ണ്ണതയും ചെലവും വര്‍ധിപ്പിക്കുമെങ്കിലും തടയില്ലെന്നാണ് 1991ലെ ഡെസേര്‍ട്ട് സ്റ്റോം സൈനിക ഓപ്പറേഷനില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ വ്യോമസേന ലെഫ്റ്റനന്റ് ജനറല്‍ ഡേവിഡ് ഡെപ്റ്റുല പറയുന്നത്. ഇതോടെ ഇറാന് പുറം സമ്മര്‍ദ്ദങ്ങളെ ചെറുക്കുന്നതിനുള്ള രാഷ്ട്രീയ ചെലവ് കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപ് ഭരണകൂടം യു എസ് എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പലിനെയും അനുബന്ധ യുദ്ധക്കപ്പലുകളെയും മിഡില്‍ ഈസ്റ്റിലേക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൂയിസ് മിസൈലുകളുള്ള കപ്പലുകളും ജോര്‍ദാനിലെ എഫ്-15ഇ യുദ്ധവിമാന സ്‌ക്വാഡ്രണുകളും ഇതിനൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്.
അമേരിക്കയ്ക്ക് ഇപ്പോഴും ബി-2 സ്റ്റെല്‍ത്ത് ബോംബറുകളും മറ്റ് ദീര്‍ഘദൂര ബോംബറുകളും ഉപയോഗിച്ച് അല്ലെങ്കില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിയേഗോ ഗാര്‍ഷ്യ താവളത്തില്‍ നിന്നോ നേരിട്ട് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നോ ആക്രമണം നടത്താനാകും.
ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം യു എസിനെ കൂടുതല്‍ വിമാനവാഹിനി അധിഷ്ഠിത വ്യോമാക്രമണങ്ങളിലേക്കോ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നോ ഡിയേഗോ ഗാര്‍ഷ്യ പോലുള്ള താവളങ്ങളില്‍ നിന്നോ വരുന്ന ദീര്‍ഘദൂര ശേഷികളിലേക്കോ ആശ്രയിക്കേണ്ട അവസ്ഥയിലാക്കാമെന്ന് മുന്‍ ആര്‍മി ജനറല്‍ ജോസഫ് വോട്ടല്‍ പറഞ്ഞു.
സൗദി അറേബ്യയുടേയും യു എ ഇയുടേയും നടപടി അമേരിക്കന്‍ ഓപ്പറേഷനെ പിന്തുണയ്ക്കാന്‍ ആലോചിക്കുന്ന മറ്റ് പ്രാദേശിക രാജ്യങ്ങള്‍ക്കും സമ്മര്‍ദ്ദം സൃഷ്ടിക്കും. ഇതോടെ ഇറാനെതിരെ ശക്തമായ പ്രാദേശിക സഖ്യത്തിന് പകരം കൂടുതല്‍ അമേരിക്കന്‍ സ്വഭാവമുള്ള ഓപ്പറേഷനായി മാറുമെന്നും 2016 മുതല്‍ 2019 വരെ യു എസ് സെന്‍ട്രല്‍ കമാന്‍ഡ് നയിച്ച വോട്ടല്‍ വ്യക്തമാക്കി.
ട്രംപ് സൗദി കിരീടാവകാശിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നവംബറില്‍ അദ്ദേഹം വൈറ്റ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. അന്നത്തെ സന്ദര്‍ശനത്തില്‍ സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങള്‍ വില്‍ക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തതോടൊപ്പം വാഷിംഗ്ടണ്‍ പോസ്റ്റ് മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കിരീടാവകാശിയെ സംരക്ഷിക്കുകയും ചെയ്തു. പ്രതിരോധ സഹകരണ കരാറില്‍ അമേരിക്കയാണ് തങ്ങളുടെ പ്രധാന തന്ത്രപര പങ്കാളി എന്ന് സൗദി സ്ഥിരീകരിക്കുകയും അമേരിക്കന്‍ സാങ്കേതികവിദ്യകളിലേക്കുള്ള കൂടുതല്‍ പ്രവേശനം റിയാദിന് നല്‍കുന്ന കരാറും പ്രഖ്യാപിച്ചിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ വിശകലന രംഗത്തുള്ളവര്‍ പറയുന്നത് അമേരിക്കന്‍ സൈനിക നടപടി ഭരണകൂട മാറ്റത്തേക്കാള്‍ ഇറാനെ കൂടുതല്‍ അസ്ഥിരതയിലേക്കാണ് നയിക്കുക എന്ന ആശങ്കയാണ് സൃഷ്ടിക്കപ്പെടുകയെന്നാണ്.
ഇറാനും അനുബന്ധ സംഘങ്ങളും ദുര്‍ബലമായിട്ടുണ്ടെങ്കിലും അവ ഇല്ലാതായിട്ടില്ലെന്ന് കുവൈത്ത് സര്‍വകലാശാലയിലെ ഗള്‍ഫ് വിദഗ്ധനായ ബദര്‍ അല്‍-സൈഫ് പറഞ്ഞു.
സൗദി വ്യോമപരിധിയും താവളങ്ങളും ലഭ്യമല്ലെങ്കിലും ജോര്‍ദാന്‍, സിറിയ, ഇറാഖ് വ്യോമപരിധികളിലൂടെ ബോംബറുകളും മറ്റ് വിമാനങ്ങളും അയച്ചും സബ്മറീനുകളില്‍ നിന്നുള്ള ക്രൂയിസ് മിസൈല്‍ ആക്രമണങ്ങളിലൂടെയും അറബിക്കടലിലെ വിമാനവാഹിനിയില്‍ നിന്നുമുള്ള വിമാനങ്ങളിലൂടെയും അമേരിക്കക്ക് ഇറാനിലെ ലക്ഷ്യങ്ങള്‍ ആക്രമിക്കാനാകും.
എന്നാല്‍ മിഡില്‍ ഈസ്റ്റ് വിദഗ്ധര്‍ പറയുന്നത് ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയോ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മതിയായ ശക്തിയുള്ള ആക്രമണം നടത്തുകയോ ചെയ്യാന്‍ ആഴ്ചകളോ മാസങ്ങളോ നീളുന്ന സൈനിക പ്രചാരണമാണ് ആവശ്യമായതെന്നും ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണം ഇല്ലാതെ അത് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും എന്നുമാണ്.
ഭരണകൂടം വീഴാതിരിക്കാന്‍ എത്ര പേരെ കൊല്ലേണ്ടിവന്നാലും അതിന് തയ്യാറായിരിക്കുന്ന രാജ്യമാണെന്നും വ്യോമശക്തി മാത്രം ഉപയോഗിച്ച് അതിനെ മറികടക്കുന്നത് അത്യന്തം മുട്ടായിരിക്കുമെന്നും മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നയവിഭാഗം വൈസ് പ്രസിഡന്റ് കൂടിയായ മുന്‍ സി ഐ എ വിശകലകന വിദഗ്ധന്‍ കെനത്ത് പോളാക്ക് പറഞ്ഞു. വിമാനവാഹിനിയിലും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും ഡിയേഗോ ഗാര്‍ഷ്യയില്‍ നിന്നുമുള്ള ശേഷികളിലേക്കു മാത്രം ആക്രമണം പരിമിതപ്പെടുമ്പോള്‍ അത് കൂടുതല്‍ ദുഷ്‌കരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
