തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ അതിവേഗ റെയില്‍ പാതയ്ക്ക് മന്ത്രിസഭാ അനുമതി

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ അതിവേഗ റെയില്‍ പാതയ്ക്ക് മന്ത്രിസഭാ അനുമതി


തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 583 കിലോമീറ്റര്‍ നീളത്തില്‍ റീജിയണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ ആര്‍ ടി എസ്) പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി.

പദ്ധതിക്കായി സംസ്ഥാനത്തിന്റെ താത്പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് ഔപചാരികമായി കത്ത് അയക്കും. അതിനാവശ്യമായ കൂടിയാലോചനകള്‍ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.

കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ധാരണാ പത്രത്തില്‍ ഏര്‍പ്പെടും. പദ്ധതിയുടെ സാങ്കേതിക- സാമ്പത്തിക കാര്യങ്ങള്‍, വായ്പാ സ്രോതസ്സുകള്‍ എന്നിവ സംബന്ധിച്ച അന്തിമ അനുമതി നല്‍കുന്നതിനു ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും. 

അതിവേഗ ഗതാഗത സംവിധാനം എന്നത് സര്‍ക്കാരിന്റെ വികസന കാഴ്ച്ചപ്പാടിലെ സുപ്രധാന ഘടകമാണ്. കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനയും ജനസാന്ദ്രതയും കണക്കിലെടുത്ത് സമയബന്ധിതവും പരിസ്ഥിതി സൗഹൃദവുമായ ഉയര്‍ന്ന വേഗതയിലുള്ള റെയില്‍ സംവിധാനം സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. യാത്രാസമയം ഗണ്യമായി കുറയ്ക്കുക, മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുക, തൊഴില്‍ വിദ്യാഭ്യാസ അവസരങ്ങള്‍ വിപുലപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. 

തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെ ഉയര്‍ന്ന വേഗതയിലുള്ള റെയില്‍ കണക്റ്റിവിറ്റി ലക്ഷ്യമിട്ട കെ റെയില്‍ പദ്ധതി ഇന്ത്യന്‍ റെയില്‍വെയുടെ സാങ്കേതിക എതിര്‍പ്പുകള്‍ കാരണമാണ് നിലച്ചത്.  അതോടൊപ്പം ചില പ്രദേശങ്ങളില്‍ ജനങ്ങളും എതിര്‍പ്പുമായി രംഗത്തെത്തി. 

സംസ്ഥാനം സമര്‍പ്പിച്ച ഡി പി ആറിന് ഇതുവരെ റെയില്‍വേ അനുമതി നല്‍കിയിട്ടില്ല. ഡി പി ആര്‍  അനുമതിക്കായി റെയില്‍വേ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിന്റെ അതിവേഗ വികസന ലക്ഷ്യങ്ങളുമായി ചേര്‍ന്നു പോകാത്തതും എന്നാല്‍ റെയില്‍വേയുടെ അനുമതിയില്ലാതെ പദ്ധതി നടപ്പിലാക്കാനാവുകയുമില്ല.

ഡല്‍ഹി- മീററ്റ് ആര്‍ ആര്‍ ടി എസ് കോറിഡോര്‍ വിജയകരമായി നടപ്പാക്കിയതിനാല്‍ പ്രായോഗികവും സാമൂഹികവുമായി അംഗീകരിക്കാവുന്ന അതിവേഗ റെയില്‍വേ സംവിധാനമാണ്. മണിക്കൂറില്‍ 160- 180 കിലോമീറ്റര്‍ വരെ വേഗം, കുറഞ്ഞ സ്റ്റേഷന്‍ ഇടവേള, ഉയര്‍ന്ന യാത്രാ ശേഷി എന്നിവ ആര്‍ ആര്‍ ടി എസിനെ കേരളത്തിനും അനുയോജ്യമാക്കുന്നുണ്ട്. ഡി പി ആര്‍ സമര്‍പ്പിക്കപ്പെടുന്ന പക്ഷം, കേരളത്തിലെ ആര്‍ ആര്‍ ടി എസ് പദ്ധതിയും ഗൗരവമായി പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി കേരള സന്ദര്‍ശന വേളയില്‍ അറിയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിനായി അതിവേഗ റെയില്‍വേ സംവിധാനമായ ആര്‍ ആര്‍ ടി എസ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി ഘടനയും കണക്കിലെടുത്ത്, തറനിരപ്പില്‍ കൂടെയുള്ള മോഡലിന് പകരം തൂണുകള്‍ വഴിയുള്ള മോഡലാണ് സ്വീകരിക്കുന്നത്. ഇതിലൂടെ ഭൂമിയേറ്റെടുപ്പ് ഗണ്യമായി കുറയ്ക്കുവാനും പ്രകൃതിദത്ത ജലപ്രവാഹം തടസ്സപ്പെടുന്നത് ഒഴിവാക്കാനും ചില പ്രദേശങ്ങളില്‍ ഉയര്‍ന്നു വന്ന അഭിപ്രായ വ്യത്യാസങ്ങള്‍ കുറയ്ക്കുവാനും സാധിക്കും. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളില്‍ കൂടെയും ആവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രം എംബാങ്ക്‌മെന്റ്, ടണല്‍ എന്നിവയിലൂടെയും ആയിരിക്കും. 

ആര്‍ ആര്‍ ടി എസ് നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള കൊച്ചി മെട്രോയുമായും ഭാവിയില്‍ വിഭാവനം ചെയ്യുന്ന തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങളും  ആര്‍ ആര്‍ ടി എസ്  സ്റ്റേഷനുകളുമായി സംയോജിപ്പിക്കാന്‍ സാധ്യമാകും. ലാസ്റ്റ് മൈല്‍ കണക്ട്വിറ്റി  മെച്ചപ്പെടുകയും സ്വകാര്യ വാഹന ആശ്രയം കുറയുകയും ചെയ്യും. ഇത് സംസ്ഥാനത്ത് ഏകികൃത ബഹുവിധ ഗതാഗത ശൃംഖല സൃഷ്ടിക്കും.

പദ്ധതിച്ചെലവിന്റെ 20 ശതമാനം സംസ്ഥാന സര്‍ക്കാര്‍, 20 ശതമാനം കേന്ദ്ര സര്‍ക്കാര്‍, ശേഷിക്കുന്ന 60 ശതമാനം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല വായ്പ എന്ന നിലയിലാണ് ഡല്‍ഹി ആര്‍ ആര്‍ ടി എസ്  നടപ്പിലാക്കുന്നത്. ഇതേ മാതൃക ആണ് കേരളത്തിലും സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കുക വഴി സംസ്ഥാനത്തിന് സാമ്പത്തിക ഭാരം കുറയ്ക്കുവാനും കഴിയും.

നിലവിലെ സാമ്പത്തിക- സാങ്കേതിക സാഹചര്യങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ആര്‍ ആര്‍ ടി എസ് പദ്ധതി ഘട്ടങ്ങളായി   നടപ്പിലാക്കുന്നത് പരിഗണിക്കും. വിവിധ ഘട്ടങ്ങള്‍ പരസ്പരം സമാന്തരമായി ഒരേ സമയം തന്നെ പുരോഗമിക്കുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്യുന്നത്. ആദ്യഘട്ടമായി തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ഉള്ള ട്രാവന്‍കൂര്‍ ലൈനും അതിനൊപ്പം തിരുവനന്തപുരം മെട്രോയും കൂടാതെ കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തില്‍ സമാന്തരമായി ആരംഭിക്കും. 284 കിലോമീറ്റര്‍ വരുന്ന ആദ്യഘട്ടം 2027 ല്‍ നിര്‍മ്മാണം ആരംഭിച്ച് 2033ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

രണ്ടാംഘട്ടമായി തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെ മലബാര്‍ ലൈനും അതോടൊപ്പം കോഴിക്കോട് മെട്രോയും നടപ്പിലാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ കണ്ണൂര്‍ ലൈന്‍ വികസിപ്പിക്കുന്നതും അവസാന ഘട്ടമായി കണ്ണൂര്‍ മുതല്‍ കാസര്‍ഗോഡ് ലൈനും പൂര്‍ത്തിയാക്കുന്നതിനുമാണ് നിര്‍ദ്ദേശമുള്ളത്. 

പദ്ധതി അയല്‍ സംസ്ഥാനങ്ങളുടെ കൂടി സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കും കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്കും ഭാവിയില്‍ വികസിപ്പിക്കാവുന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

ഘട്ടങ്ങളായി, എന്നാല്‍ സമാന്തരമായുള്ള സമയക്രമത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഏകദേശം 12 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തുടനീളമുള്ള സമ്പൂര്‍ണ എ ആര്‍ ടി എസ് ശൃംഖല (തിരുവനന്തപുരം കോഴിക്കോട് മെട്രോ ഉള്‍പ്പെടെ) യാഥാര്‍L്യമാക്കാന്‍ സാധിക്കും.