ടെഹ് റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും കടുത്ത നിലയിലേക്ക്. 'വലിയ നാശം' ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാനെതിരെ ഭീഷണി മുഴക്കിയതിന് പിന്നാലെ, ശക്തമായ മറുപടിയുമായി ഇറാൻ രംഗത്തെത്തി. ഏതെങ്കിലും തരത്തിലുള്ള സൈനിക ആക്രമണമുണ്ടായാൽ ഇതുവരെ കാണാത്ത രീതിയിൽ പ്രതികരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. സൈന്യം 'ട്രിഗറിൽ വിരൽ വെച്ച നിലയിൽ' സജ്ജമാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച (ജനുവരി 28) സാമൂഹിക മാധ്യമമായ എക്‌സിലൂടെയായിരുന്നു ഇറാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഘ്ചിയുടെ പ്രതികരണം. ഇറാന്റെ ഭൂമിയിലോ ആകാശത്തിലോ കടലിലോ ആക്രമണമുണ്ടായാൽ ഉടൻ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ പ്രകോപിപ്പിക്കരുതെന്നും, രാജ്യത്തിന്റെ പരമാധികാരത്തിൽ കൈവെച്ചാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിന് മണിക്കൂറുകൾക്ക് മുമ്പ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ ഇറാനെതിരെ ഭീഷണി മുഴക്കിയിരുന്നു. യു.എസ്. വിമാനവാഹിനി കപ്പൽ യുഎസ്എസ് അബ്രഹാം ലിങ്കൻ നയിക്കുന്ന വലിയ നാവിക സേന ഇറാനിലേക്കു നീങ്ങുകയാണെന്നും, ആവശ്യമായാൽ അതിവേഗത്തിലും ശക്തിയോടെയും ആക്രമണം നടത്താൻ സേന സജ്ജമാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ ആണവായുധ പദ്ധതി ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണമെന്നും, അല്ലെങ്കിൽ മുമ്പുണ്ടായ ആക്രമണത്തേക്കാൾ വലിയ നാശം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. 'സമയം തീരുകയാണ്, ഇനി വൈകാൻ കഴിയില്ല,' എന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ പരാമർശങ്ങൾ ഇറാൻ ശക്തമായി തള്ളിക്കളഞ്ഞു. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നേടാൻ ശ്രമിച്ചിട്ടില്ലെന്നും, അത്തരമൊരു ആയുധത്തിന് രാജ്യത്തിന്റെ സുരക്ഷാ നയത്തിൽ സ്ഥാനമില്ലെന്നും അരാഘ്ചി വ്യക്തമാക്കി. ന്യായവും തുല്യവുമായ ഒരു ആണവ കരാറിന് ഇറാൻ തയ്യാറാണെങ്കിലും, അത് ഭീഷണിയിലൂടെയോ സമ്മർദത്തിലൂടെയോ ആയിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധിയും ഇതേ നിലപാട് ആവർത്തിച്ചു. ചർച്ചകൾക്ക് വാതിൽ തുറന്നിരിക്കുകയാണെങ്കിലും, അമേരിക്ക സൈനിക നടപടി സ്വീകരിച്ചാൽ അത് സമ്പൂർണ യുദ്ധമായി കണക്കാക്കുമെന്നും മുതിർന്ന ഇറാൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയുയർന്നിരിക്കുകയാണ്.
യുഎസ്-ഇറാൻ സംഘർഷം കടുക്കുന്നു: ട്രംപിന്റെ 'മഹാ നാശം' എന്ന ഭീഷണിക്കെതിരെ ഇറാന്റെ ശക്തമായ മുന്നറിയിപ്പ്
