ബാഴ്‌സലോണ: അമേരിക്കയും യൂറോപ്പും രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരെ എങ്ങനയെങ്കിലും ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ കുടിയേറ്റക്കാർക്ക് ആശ്വാസകരമായ വാർത്തയാണ് സ്‌പെയിനിൽ നിന്ന് കേൾക്കുന്നത്. അനുമതിയില്ലാതെ രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുടിയേറ്റക്കാർക്ക് നിയമാനുസൃത പദവി നൽകാനുള്ള നിർണായക തീരുമാനം സ്‌പെയിൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിലൂടെ ഏകദേശം 5 ലക്ഷംപേരെങ്കിലും നിയമപരമായ താമസാനുമതിയുംജോലി ചെയ്യാനുള്ള അവകാശവുംനേടുമെന്നാണ് സർക്കാർ വിലയിരുത്തൽ.
ഇമിഗ്രേഷൻ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന പ്രത്യേക ഉത്തരവ് വേഗത്തിൽ പ്രാബല്യത്തിലാക്കിയാണ് പദ്ധതി നടപ്പാക്കുക. പാർലമെന്റിൽ നീണ്ടുനിൽക്കുന്ന ബില്ലിനെ ഒഴിവാക്കിയാണ് സർക്കാർ ഈ വഴി തിരഞ്ഞെടുത്തത്. അർഹരായവർക്ക് ഒരു വർഷത്തേക്ക് നിയമപരമായ താമസാനുമതി നൽകുമെന്ന് കുടിയേറ്റകാര്യ മന്ത്രി എൽമ സൈസ് അറിയിച്ചു.
അമേരിക്കയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും കുടിയേറ്റ വിരുദ്ധ നയങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് സ്‌പെയിൻ ഇതിന് വിപരീതമായ നിലപാട് സ്വീകരിച്ചത്. കുടിയേറ്റം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും പ്രായംചേരുന്ന തൊഴിലാളി വിഭാഗത്തിനും ആവശ്യകമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെനേതൃത്വത്തിലുള്ള സർക്കാർ തുറന്നുപറയുന്നു.
2025 ഡിസംബർ 31 ന് മുമ്പ് സ്‌പെയിനിലെത്തിയവരും, കുറഞ്ഞത് അഞ്ച് മാസം രാജ്യത്ത് താമസിച്ചതായി തെളിയിക്കാനാവുന്നവരുമാണ് പദ്ധതിക്ക് അർഹർ. ക്രിമിനൽ റെക്കോർഡ് ഇല്ലാത്തവരായിരിക്കണം. ഏപ്രിൽ മുതൽ ജൂൺ അവസാനവരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി കുടിയേറ്റക്കാർ കൃഷി, ടൂറിസം,സേവനമേഖലകളിൽജോലി ചെയ്യുകയാണ്. ഇവയൊക്കെയാണ് സ്‌പെയിനിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. വിവിധ സംഘടനകളുടെ കണക്കു പ്രകാരം, അനുമതിയില്ലാതെ രാജ്യത്ത് കഴിയുന്നവരുടെ എണ്ണം 8 ലക്ഷം വരെ എത്താമെന്നാണ് വിലയിരുത്തൽ.
സർക്കാർ പ്രഖ്യാപനം കുടിയേറ്റ അനുകൂല സംഘടനകളും കത്തോലിക്ക സഭയും സ്വാഗതം ചെയ്തു. 'സമൂഹനീതിയുടെയും മനുഷ്യത്ത്വത്തിന്റെയും ഭാഗമായ തീരുമാനമാണിത്,' എന്ന് സ്പാനിഷ് ബിഷപ്‌സ്‌കോൺഫറൻസ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ പാർട്ടികൾ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചു. കൺസർവേറ്റീവ് പീപ്പിൾസ് പാർട്ടിയും തീവ്രവലതുപക്ഷമായവോക്‌സ് പാർട്ടിയും ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ആരോപിച്ചു.
മുൻപും ആറു തവണ അനധികൃത കുടിയേറ്റക്കാർക്ക് സ്‌പെയിൻ പൊതുമാപ്പ് നൽകിയിട്ടുണ്ട്. ഇത്തരം നടപടികൾ തൊഴിലവസരങ്ങൾ നിയമപരമാക്കാനും സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യാനും സഹായിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആഗോളതലത്തിൽ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയം ശക്തമാകുമ്പോൾ, മനുഷ്യത്ത്വവും പ്രായോഗികതയുംചേർന്ന വഴിയാണ് സ്‌പെയിൻ തിരഞ്ഞെടുത്തത് എന്ന് സർക്കാർ വ്യക്തമാക്കി. 'ഇത് രാജ്യത്തിനൊരു നല്ല ദിവസമാണ്,' മന്ത്രി എൽമ സൈസ് പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ നിയമാനുസൃതമാക്കും: സ്‌പെയിനിൽ 5 ലക്ഷംപേർക്ക് ആശ്വാസം
