ക്‌ഷേമവും വികസനവും ഒരുമിച്ച് മുന്നോട്ട്: കേരള ബജറ്റ് 2026 അവതരിപ്പിച്ചു

ക്‌ഷേമവും വികസനവും ഒരുമിച്ച് മുന്നോട്ട്: കേരള ബജറ്റ് 2026 അവതരിപ്പിച്ചു


തിരുവനന്തപുരം: 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന കേരള ബജറ്റ് 2026 ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. 30,961.48 കോടി രൂപ എഫക്ടീവ് മൂലധന ചെലവ് കണക്കാക്കുന്ന ബജറ്റിൽ 34,587 കോടി രൂപയുടെ റവന്യൂ കമ്മിയും (സംസ്ഥാന ജിഎസ്ഡിപിയുടെ 2.12%) 55,420 കോടി രൂപയുടെ ധനക്കമ്മിയും (3.4%) കണക്കാക്കുന്നു. റവന്യൂ വരുമാനത്തിൽ 45,889.49 കോടി രൂപയുടെ വർധനയും തനത് നികുതി, നികുതിയേതര വരുമാനങ്ങളിൽ വലിയ മുന്നേറ്റവും ലക്ഷ്യമിടുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

തൊഴിലാളിജീവനക്കാരുടെ ക്ഷേമത്തിന് വലിയ പ്രാധാന്യം നൽകിയ ബജറ്റിൽ അങ്കണവാടി, ആശ, പ്രീപ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരക്മാർ, സ്‌കൂൾ പാചക തൊഴിലാളികൾ, കരാർ-ദിവസ വേതന ജീവനക്കാർ എന്നിവരുടെ വേതനം വർധിപ്പിച്ചു. പത്രപ്രവർത്തക പെൻഷനും ഗുരുതര രോഗബാധിതരുടെ പെൻഷനും ഉയർത്തി. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിൽ അഞ്ചുവർഷതത്വം തുടരുകയും 12ാം ശമ്പള കമ്മീഷൻ പ്രഖ്യാപിക്കുകയും ചെയ്തു. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം ഏപ്രിൽ 1 മുതൽ അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കും.

അടിസ്ഥാന സൗകര്യ വികസനത്തിന് വൻ ഊന്നൽ നൽകിയ ബജറ്റിൽ എം.സി. റോഡ് വികസനത്തിനായി 5,217 കോടി രൂപയുടെ കിഫ്ബി പദ്ധതി, തിരുവനന്തപുരം-കാസർഗോഡ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് 100 കോടി, വിവിധ പട്ടണങ്ങളിൽ ബൈപാസുകൾ, ധനകാര്യ ഭരണം ശക്തിപ്പെടുത്താൻ കൊച്ചിയിൽ ഫിനാൻസ് ടവർ, റെയർ എർത്ത് കോറിഡോർ, ക്രിറ്റിക്കൽ മിനറൽ മിഷൻ, പ്രതിരോധ ഇടനാഴി എന്നിവ ഉൾപ്പെടുത്തി.

ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, തൊഴിൽ, ദ്ദേശസ്വയംഭരണം, ക്ഷേമപെൻഷൻ, കുടുംബശ്രീ, ഗോത്രവിദ്യാഭ്യാസം, ഗിഗ് തൊഴിലാളികൾ, വയോജന പരിചരണം, ഇലക്ട്രിക് വാഹന പ്രോത്സാഹനം തുടങ്ങി എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന സമഗ്ര ബജറ്റാണ് 2026ലെ കേരള ബജറ്റ് എന്ന വിലയിരുത്തലാണ് ഉയരുന്നത്.


കേരള ബജറ്റ് -2026-27 ഹൈലൈറ്റ്സ് 


1.    1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.

2.    എഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ

3.    റവന്യൂ കമ്മി 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)

4.    ധനക്കമ്മി 55,420 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)

5.    റവന്യൂ വരുമാനത്തില്‍ 45,889.49 കോടി രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.

6.    തനത് നികുതി വരുമാനത്തില്‍ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1595.05 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.

7.    അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

8.    അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനം 500 രൂപ ഉയര്‍ത്തി

9.    ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

10.    പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

11.    സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു.

12.    സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

13.    കരാര്‍/ദിവസവേതന ജീവനക്കാരുടെ പ്രതിദന വേതനത്തില്‍ 5 ശതമാനം വര്‍ധനവ് വരുത്തി

14.    പത്രപ്രവര്‍ത്തക പെന്‍ഷന്‍ പ്രതിമാസം 1500 രൂപ വര്‍ധിപ്പിച്ചു

15.    ലൈബ്രേറിയന്‍മാരുടെ പ്രതിമാസ അലവന്‍സില്‍ 1000 രൂപ വര്‍ധിപ്പിച്ചു

16.    കാന്‍സര്‍, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു.

17.    ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തില്‍ അഞ്ചുവര്‍ഷതത്വം പാലിക്കുക ഇടതുപക്ഷ സര്‍ക്കാരുകളുടെ നയം. 

18.    12th Pay Revision കമ്മീഷന്‍ പ്രഖ്യാപിച്ചു.  3 മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും. 

19.    സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന DA, DR ഗ‍ഡുക്കള്‍ പൂര്‍ണ്ണമായും നല്‍കും. 

20.    ഒരു ഗഡു ഡി.എ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം

21.    അവശേഷിക്കുന്ന ഡി.എ, ഡി.ആര്‍ ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം.
22.    ഡി.എ, ഡി.ആര്‍ കുടിശ്ശിക ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കും.  ആദ്യ ഗഡു ബജറ്റ് വര്‍ഷം നല്‍കും. 

23.    സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും.

24.    പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍.

25.    അഷ്വേര്‍ഡ് പെന്‍ഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷന്‍ ഉറപ്പാക്കും. 

26.    അഷ്വേര്‍ഡ് പെന്‍ഷനില്‍ ഡി.ആര്‍ അനുവദിക്കും. 

27.    നിലവിലെ NPS-ല്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ ഓപ്ഷന്‍ ഉണ്ടാകും.

28.    മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്മരണ നിലനിര്‍ത്താന്‍ തിരുവനന്തപുരത്ത് വി.എസ് സെന്റര്‍ സ്ഥാപിക്കുന്നതിന് 20 കോടി.

29.    കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി

30.    ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് സൈനുദീന്‍ മഖദൂം രണ്ടാമന്റെ പേരില്‍ പൊന്നാനിയില്‍ ചരിത്ര ഗവേഷണ സെന്റര്‍ സ്ഥാപിക്കാന്‍ 3കോടി രൂപ.

31.    അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി

32.    കാവാരികുളം കണ്ടന്‍ കുമാരന്‍ പഠന കേന്ദ്രത്തിന് 1.5 കോടി

33.    മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി

34.    ജില്ലാ ആശുപത്രികളില്‍ MENOPAUSE ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ 3 കോടി

35.    കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ട് മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.

36.    റോഡപകടത്തില്‍പ്പെടുന്നവര്‍ക്കായി ലൈഫ് സേവര്‍ പദ്ധതി. ആദ്യത്തെ 5 ദിവസം പണരഹിത ചികിത്സ.

37.    അപൂര്‍വ്വയിനം രോഗങ്ങള്‍ക്കുള്ള ചികിത്സാ പദ്ധതിയായ KARE-ല്‍ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാന്‍ 30 കോടി.

38.    തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി.

39.    കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ പട്ടണങ്ങളില്‍ ബൈപാസുകള്‍. വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം.

40.    തിരുവനന്തപുരം – കാസര്‍ഗോഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി.

41.    ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയില്‍ ഫിനാന്‍സ് ടവര്‍ സ്ഥാപിക്കും.

42.    വില്‍പ്പനനികുതി ചെക്ക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ജി.എസ്.ടി സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കും.

43.    കാര്‍ഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി.

44.    മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയ്ക്ക് 3720 കോടി

45.    മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് 400 കോടി

46.    ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി 14,500 കോടി 

47.    നികുതിദായകരെ ആദരിക്കാനും പുരസ്കാരം നല്‍കുന്നതിനും 5 കോടി

48.    കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്ന പദ്ധതിയ്ക്ക് 20 കോടി

49.    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ട് 3237 കോടിയും മെയിന്റനന്‍സ് ഫണ്ട് 4316 കോടിയും പ്ലാന്‍ ഫണ്ട് 10,189 കോടിയും.

50.    പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കും.

51.    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും.

52.    വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്ഥാപിക്കും.  ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

53.    ക്രിറ്റിക്കല്‍ മിനറല്‍ മിഷന് 100 കോടി.

54.    പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി

55.    പി.പി.പി മാതൃകയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റ് സാങ്കേതികവിദ്യകളും ചേര്‍ന്ന സൈബര്‍ വാലിയ്ക്ക് 30 കോടി.

56.    തൊഴില്‍ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്കൂളിന് 10 കോടി.

57.    വര്‍ക്ക് നിയര്‍ ഹോം വ്യാപിപ്പിക്കുന്നതിന് 150 കോടി.

58.    ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി ചെലവില്‍ സ്പെഷ്യല്‍ എന്‍റിച്ചമെന്റ് പദ്ധതിയ്ക്ക് 60 കോടി.

59.    ഗിഗ് തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ് – 20 കോടി.

60.    പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച് ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് 40,000 രൂപ.

61.    ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനായുള്ള വായ്പകള്‍ക്ക് 2% പലിശയിളവ്

62.    ഓട്ടോ സ്റ്റാന്‍ഡുകളില്‍ സോളാര്‍ അധിഷ്ഠിത ചാര്‍ജിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന‍് 20 കോടി.

63.    തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുന്‍വര്‍ഷത്തില്‍ നിന്നും അധികമായി 1000 കോടി.

64.    റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ സബ്സിഡി. ഇതിനായി 30 കോടി.

65.    വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക് ഓണ്‍ കോള്‍ വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇതിനായി 10 കോടി.

66.    അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും.

67.    1 മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 15 കോടി.

68.    കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാനദണ്ഡ‍ങ്ങളുടെ പരിധിയ്ക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – 50 കോടി.

69.    കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിതരണവും ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.

70.    സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS)-നെ രാജ്യത്തെ മുന്‍നിര മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി

71.    കേരള കലാകേന്ദ്രം സ്ഥിരം വേദികള്‍ സ്ഥാപിക്കാന്‍ 10 കോടി